കോഴിക്കോട്: പ്രധാനമന്ത്രി ഗരീബ്കല്യാണ്‍ അന്ന യോജന മൂന്നാം ഘട്ടത്തിന്റെ ഭാഗമായി വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യം മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം മാത്രം വിതരണം ചെയ്താല്‍ മതിയെന്ന് അനൗദ്യോഗിക നിര്‍ദ്ദേശം. പ്രതിമാസം സൗജന്യമായി 5 കിലോഗ്രാം ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നതിന്റെ ഭാഗമായി രാജ്യത്തൊട്ടാകെ 79.88 കോടി ഗുണഭോക്താക്കള്‍ക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതി ഗുണം ചെയ്യുക.
കേരളത്തില്‍ അരിയും ഗോതമ്പും എഫ്സിഐ ഗോഡൗണ്‍ മുഖേന നല്‍കിയിട്ടും മെയ് മാസത്തെ അരി വിതരണം ഇതു വരെ തുടങ്ങിയിട്ടില്ല. പല റേഷന്‍ കടകളിലും മെയ് മാസത്തെ അരി ഇതിനകം എഫ്സിഐ ഗോഡൗണില്‍ നിന്ന് എത്തിയിട്ടുണ്ട്. എന്നാല്‍ ഇപോസ് മിഷനില്‍ ഇവ സിവില്‍ സപ്ലൈസ് ഓഫീസുകളില്‍ നിന്ന് ആധികാരികമായി ഉള്‍പ്പെടുത്താത്തതിനാലാണ് ഗുണഭോക്താക്കള്‍ക്ക് അരി വിതരണം മുടങ്ങിയത്. 62243.589 ടണ്‍ അരിയും, 14156. 471 ടണ്‍ ഗോതമ്പുമാണ് മെയ് മാസത്തിലേക്ക് മാത്രം സംസ്ഥാനത്തിന് ലഭിച്ചത്. ഇതിന്റെ ഏതാണ്ട് 80 ശതമാനവും എഫ്സിഐ ഗോഡൗണുകളില്‍ നിന്നും സംസ്ഥാനത്തിന് കൈമാറി കഴിഞ്ഞിട്ടുണ്ട്. സാധാരണ റേഷന്‍ കൂടാതെ സൗജന്യ ധാന്യവിതരണത്തിനുള്ള അരിയും ഗോതമ്പും കടകളില്‍ എത്തിയതോടെ പല റേഷന്‍ കടകളിലും ഇവ സൂക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ 20ന് നടക്കും. ഇതിനു ശേഷം മാത്രമേ സൗജന്യ റേഷന്‍ വിതരണം ചെയ്യാനാവൂ. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന വഴിയുള്ള സൗജന്യ റേഷനെങ്കിലും മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം വിതരണം ചെയ്യാനുള്ള നീക്കത്തിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ താല്പര്യമാണുള്ളത്. സംസ്ഥാനത്തെ നീലേശ്വരം മുതല്‍ വലിയതുറ വരെയുള്ള 25 എഫ്സിഐ ഡിപ്പോകളില്‍ നിന്ന് അരിയും ഗോതമ്പും റേഷന്‍ കടകളിലേക്ക് വിതരണം തുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞു. കേന്ദ്രമന്ത്രിസഭ തീരുമാനമെടുത്ത ഉടനെ ഡിപ്പോകളില്‍ നിന്ന് അരി വിതരണം ആരംഭിച്ചിരുന്നു. എട്ടാം തീയതി ആവുമ്പോഴേക്കും ഏതാണ്ട് 50 ശതമാനം ധാന്യവും ഡിപ്പോകളില്‍ നിന്ന് വിതരണം ചെയ്ത് കഴിഞ്ഞിരുന്നു. അന്ത്യോദയ, ബിപിഎല്‍, കാര്‍ഡ് ഉടമകള്‍ക്ക് പ്രതിമാസം നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് സൗജന്യമായി വിതരണം ചെയ്യുന്നത്.
മെയ് മാസം വിതരണം പൂര്‍ത്തിയാകില്ല എന്ന് ഉറപ്പായതിനാല്‍ ജൂണ്‍ മാസത്തെ ആദ്യ ആഴ്ച കൂടി സൗജന്യ റേഷന്‍ വിതരണത്തിന് സമയം നീട്ടി നല്‍കാനാണ് ഇനി സാധ്യത. ചെറിയ പെരുന്നാള്‍ അടക്കമുള്ള ആഘോഷങ്ങള്‍ ഉണ്ടായിട്ടു കൂടി സൗജന്യ ധാന്യ വിതരണം നീട്ടിവയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. രാജ്യത്തൊട്ടാകെ സൗജന്യ റേഷന്‍ വിതരണത്തിന് കേന്ദ്ര സര്‍ക്കാരിന് 25,332.92 കോടിയുടെ സാമ്പത്തിക അധികചെലവ് വരുന്ന പദ്ധതിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: