ന്യൂദല്‍ഹി : കോവിഡ് രണ്ടാം തരംഗത്തെ തടയുന്നതിനായി കേന്ദ്ര സര്‍ക്കാരിന് സാധ്യമായതൊക്കെ ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കിസാന്‍ സമ്മാന്‍ നിധിയുടെ ഗഡു വിതരണത്തില്‍ പങ്കെടുത്തശേഷമാണ് മോദി ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് കോവിഡ് പ്രതിരോധിക്കുന്നതിനായി കടുത്ത നടപടികള്‍ തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. സൗജന്യ കോവിഡ് വാക്സിനില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ടില്ല. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യ വാക്സീനേഷന് തുടരും. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ രാജ്യത്തെ മരുന്ന് ഉത്പ്പാദനവും വര്‍ധിപ്പിച്ചിട്ടുണ്ട്. മരുന്നുകളുടെ ലഭ്യത കൂട്ടാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൂഴ്ത്തിവയ്പ് തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപടി എടുക്കണം.
രാജ്യത്തിന്റെ ഗ്രാമീണ മേഖലയിലേക്കും കോവിഡ് വ്യാപിക്കുന്നുണ്ട്. പക്ഷേ ഇന്ത്യ ധൈര്യം കൈവിടില്ല. കൊവിഡിനോട് പടവെട്ടി വിജയിക്കുമെന്നും ധൈര്യം കൈവിടുന്നവരല്ല ഇന്ത്യയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ എട്ടാമത്തെ ധനസഹായ വിതരണത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ന് തുടക്കമിട്ടത്. 9.5 കോടി കര്‍ഷക കുടുംബങ്ങള്‍ക്കായി 19,000 കോടി രൂപ സഹായമാണ് ലഭിക്കുക. നാല് മാസം കൂടുമ്പോള്‍ രണ്ടായിരം രൂപ വീതം വര്‍ഷം ആറായിരം രൂപ അര്‍ഹരായ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കുന്നതാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: