തെളിഞ്ഞ ചിന്തയും ഉറച്ച നിലപാടും കൊണ്ട് തപസ്യക്ക് വഴികാട്ടിയ മാടമ്പ് കുഞ്ഞുക്കുട്ടന് കഥാവശേഷനായി. മലയാള സാഹിത്യത്തിന് പ്രതാപം പകര്‍ന്ന ശ്രേഷ്ഠ രചനകളിലൂടെ താന്‍ ആര്‍ജ്ജിച്ച അറിവും അനുഭവങ്ങളും പങ്ക് വെച്ചാണ് അദ്ദേഹം യാത്രയായത്. അദ്ദേഹത്തിന്റെ ജീവിത സായാഹ്നത്തിലെ വര്‍ഷങ്ങള്‍ തപസ്യക്കായി ലഭിച്ചത് വലിയ ഭാഗ്യമായി കരുതുന്നു.
മാടമ്പ് തന്റെ ജീവിതയാത്രയില്‍ സ്വായത്തമാക്കിയ സ്വയാര്‍ജ്ജിതമായ ജ്ഞാനം, തനിക്ക് പകര്‍ന്നുകിട്ടിയ വൈദികവും പാരമ്പര്യാധിഷ്ഠിതവുമായ ധാരണകള്‍ ചേര്‍ത്ത് പാകപ്പെടുത്തി എടുക്കുകയായിരുന്നു. അങ്ങനെ പാകപ്പെടുത്തിയ വിജ്ഞാനം അദ്ദേഹം തപസ്യയുടെ തട്ടകം വഴി അടുത്ത തലമുറയിലേക്ക് ആവുംവിധം കൈമാറുന്നതായാണ് അനുഭവപ്പെട്ടത്. അറിവ് പകരുന്ന ആ വഴികളിലൊക്കെയും തന്റേടം നിറഞ്ഞ ആ മാടമ്പ് സ്പര്‍ശം തപസ്യ പ്രവര്‍ത്തകര്‍ക്ക് അനുഭവിക്കാനായി.
താന്‍ ജനിച്ചുവളര്‍ന്ന സമുദായത്തിന്റെ പ്രശ്നങ്ങള്‍ പഠിക്കുമ്പോള്‍ത്തന്നെ ആര്‍ഷഭാരതം ഒരുക്കിയ മഹാദര്‍ശനത്തിന്റെ അകംപൊരുള്‍ അന്വേഷിക്കുവാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ‘ഭ്രഷ്ട്’ പാഠങ്ങള്‍ ചെറിയേടത്ത് പാപ്തിക്കുട്ടിയുടെ ജീവിത കഥയുമായി ചേര്‍ത്ത് നാം കാണുമ്പോള്‍ പോലും അത് നമ്മെ ഒരു പാരമ്പര്യത്തിന്റെ സ്വത്വബോധവുമായി ഇണക്കിച്ചേര്‍ക്കുന്നുവെന്ന് ഓര്‍ക്കേണ്ടതുണ്ട്. കഥയാണെങ്കിലും തിരക്കഥയാണെങ്കിലും മാടമ്പിന് ഈ നാടിന്റെ സംസ്കൃതിയുമായി ഇണങ്ങിനിന്നുകൊണ്ടുമാത്രമേ എഴുതാനും സംസാരിക്കാനും സാധിച്ചിരുന്നുള്ളൂ എന്നത് ശ്രദ്ധേയമാണ്.
പൂമുള്ളി തമ്പുരാന്റെ ശിഷ്യനായിരുന്നുകൊണ്ട് ഒരു ലോകത്തിന് കൊടുക്കാവുന്ന ആയുര്‍വേദ വിജ്ഞാനവും അദ്ദേഹം സ്വായത്തമാക്കി എന്നത് തന്റെ പാരമ്പര്യ വൈജ്ഞാനിക സമ്പത്തിനോടുള്ള ഒടുങ്ങാത്ത ആവേശമാണ് പ്രകടമാക്കുന്നത്. തന്റെ ജീവിതയാത്രയില്‍ വ്യത്യസ്തമായ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചാണ് അദ്ദേഹം വിടവാങ്ങുന്നത് എന്നത് ആ വ്യക്തിത്വത്തിന്റെ സവിശേഷതയായി കാണേണ്ടതാണ്. സംസ്കൃതഭാഷയിലുള്ള പ്രാവീണ്യം അദ്ദേഹത്തിന്റെ എഴുത്തിലും പ്രഭാഷണങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഏറെ പ്രകടമായിരുന്നു. നടനായി വേഷമിടുമ്പോഴും പ്രസിദ്ധങ്ങളായ തിരക്കഥകളുടെ രചയിതാവാകുമ്പോഴും ആയുര്‍വേദ വിദഗ്ധനാകുമ്പോഴും ഒരു സമൂഹത്തിന്റെ പ്രശ്നങ്ങള്‍ വിശകലനം ചെയ്യുന്ന കലാകാരനാവുമ്പോഴും അദ്ദേഹത്തില്‍ പ്രകടമാവുന്ന മനുഷ്യത്വവും ശ്രേഷ്ഠമായ സാംസ്കാരിക ഭാവവും നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്.
തനത് ശൈലിയില്‍ സ്വയം അവതരിക്കുകയും അവതരിപ്പിക്കുകയുമായിരുന്നു അദ്ദേഹം. സംസ്കാരത്തിന്റെയും തപസ്സിന്റെയും മുന്നിലല്ലാതെ അദ്ദേഹം തല കുനിച്ചില്ല. ഉറച്ച ബോധ്യത്തോടെ അദ്ദേഹം വെച്ച ചുവടുകളെ പിന്തുടരുകയും അതിലുറച്ച് നീങ്ങുകയുമാണ് ഒപ്പം നടക്കാന്‍ കൊതിച്ചവര്‍ക്കെല്ലാം കരണീയം.
പ്രൊഫ.പി.ജി. ഹരിദാസ്
(തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: