തിരുവനന്തപുരം : സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും കോവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്ന് തന്നെ നില്ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഒമ്പത് ദിവസത്തേയ്ക്കായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നീണ്ട് പോയേക്കും. നിലവില്‍ സംസ്ഥാനത്ത് 4.32 ലക്ഷം പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇത് 6 ലക്ഷമായി ഉയര്‍ന്നേക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്.
കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കാന്‍ തുടങ്ങിയതോടെ സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഓക്സിജന്‍ ഉള്‍പ്പടെയുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ആവശ്യത്തിന് സജ്ജീകരിക്കുന്നതിനും കേരള സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ കോവിഡ് വ്യാപനം ഉച്ഛസ്ഥായിയില്‍ ആണെന്നും രണ്ട് ദിവസത്തിനകം അത് കുറഞ്ഞു തുടങ്ങുമെന്നുമാണ് ദുരന്ത നിവാരണ അതോറിട്ടിയുടെ റിപ്പോര്‍ട്ട്.
അതേസമയം ലോക്ഡൗണ്‍ ഇനിയും നീട്ടിയാല്‍ അത് സാധാരണക്കാരെ കൂടുതല്‍ ദുരിതത്തില്‍ ആഴ്ത്തും. അതിനാല്‍ സമ്പൂര്ണ്ണലോക്ഡൗണ് ഒഴിവാക്കി ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള സ്ഥലങ്ങള്‍ മാത്രം അടച്ചിടാമെന്നും ആരോഗ്യ വിദഗ്ധര്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പിന്‍വലിച്ച് മിനി ലോക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ അത് എത്രത്തോളം ഫലപ്രദമാകുമെന്നതും സംശയം ഉണര്‍ത്തുന്നുണ്ട്. ചിലപ്പോള്‍ അത് രോഗം ക്രമാതീതമായി ഉയരാനും കാരണമായേക്കും. മിക്ക ജില്ലകളിലേയും ഐസിയുവും, വെന്റിലേറ്ററുകളും നിറഞ്ഞിരിക്കുകയാണ്.
ലോക്ഡൗണ്‍ നീട്ടുമോ എന്നതില്‍ തീരുമാനം അവസാനഘട്ടത്തില്‍ മാത്രമേ ഉണ്ടാകൂവെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ലോക്ഡൗണ്‍ നീട്ടാന്‍ പ്രത്യേക ഒരുക്കം ആവശ്യമില്ല. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി നാലഞ്ചു ദിവസം കൊണ്ടു രോഗവ്യാപനം കുറയ്ക്കാനാകില്ല. കുറച്ചുദിവസം കഴിയുമ്പോള്‍ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് പിണറായി വിജയന് വാര്‍്ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: