ന്യൂദല്‍ഹി: വിദേശ രാജ്യങ്ങളിലേക്കയച്ച 6.63 കോടി വാക്സിന് ഡോസുകളില്‍ 84 ശതമാനവും വാണിജ്യ, ലൈസന്‍സിംഗ് ബാധ്യതകള്‍ പാലിക്കാന്‍ വേണ്ടി അയക്കാന്‍ നിര്‍ബന്ധിതമായതാണെന്ന് ബിജെപി ദേശീയ വക്താവ് ഡോ. സംബിത് പാത്ര.
വിദേശത്തേക്ക് വാക്സിനുകള്‍ അയച്ചതിനാലാണ് രണ്ടാം കോവിഡ് തരംഗത്തില്‍ ഇന്ത്യയില്‍ വാക്സിന് ക്ഷാമം അനുഭവപ്പെട്ടതെന്ന കോണ്‍ഗ്രസ്, ആം ആദ്മി പ്രചാരണത്തെ സംബിത് പാത്ര ശക്തമായി നിഷേധിച്ചു.
ആഗോളവേദിയില്‍ ഇന്ത്യയ്ക്ക് ഒറ്റയ്ക്ക് ഒരു ദ്വീപായി നിലകൊള്ളാന്‍ ആവില്ലെന്നും സഹകരണാടിസ്ഥാനത്തിലുള്ള ആഗോളവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ വാക്സിന് നിര്‍മ്മിക്കുന്നത് ഭാരത് ബയോടെക്, സീറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ കമ്പനികളാണ്. ഈ രണ്ട് നിര്‍മ്മാണക്കമ്പനികള്‍ക്കും വാക്സിന് ഡോസുകള്‍ വിദേശത്തേക്ക് അയക്കേണ്ടി വന്നത് വാണിജ്യ, ലൈസന്‍സിംഗ് ബാധ്യതകള്‍ പാലിക്കേണ്ടി വന്നതിനാലാണ്.
വിദേശരാഷ്ട്രങ്ങളെ സഹായിക്കുക എന്ന നിലയില്‍ 1.07 കോടി വാക്സിന് ഡോസുകള്‍ മാത്രമാണ് ഇന്ത്യ അയച്ചുകൊടുത്തത്. അതില്‍ തന്നെ 78.5 ലക്ഷം ഡോസുകള്‍ ഏഴ് അയല്രാഷ്ട്രങ്ങള്ക്കാണ് നല്‍കിയത്. കോവിഡ് മുക്തമായ, സുരക്ഷിതമായ അയല്‍രാഷ്ട്രങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചും അത്യന്താപേക്ഷിതമാണ്- അദ്ദേഹം പറഞ്ഞു. രണ്ട് ലക്ഷം ഡോസുകള്‍ യുഎന്‍ സമാധാന സേനയ്ക്ക് നല്കി. ഇതില്‍ 6,000 ഇന്ത്യന്‍ പട്ടാളക്കാരും സേവനം അനുഷ്ഠിക്കുന്നുണ്ട്.
അവശേഷിക്കുന്ന അഞ്ച് കോടി വാക്സിന് ഡോസുകള്‍ വാണിജ്യ ബാധ്യത, ലൈസന്‍സ് ലഭിച്ചതിന്റെ ഭാഗമായുള്ള കടപ്പാട്, വാക്സിന് നിര്‍മ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്തപ്പോഴുണ്ടാക്കിയ കരാര്‍ പാലിക്കല്‍ എന്നീ നിലകളില്‍ അയച്ചതാണെന്നും സംബിത് പാത്ര വ്യക്തമാക്കി. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ആസ്ട്രസെനക വാക്സിന് നിര്‍മ്മിക്കുന്നതിനുള്ള ലൈസന്‍സ് ലഭിച്ചത് പ്രധാനമന്ത്രി ബ്രിട്ടന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതിനാലാണ്. ഇതിന്റെ ഭാഗമായി വിദേശത്തേക്ക് വാണിജ്യ ബാധ്യത എന്ന നിലയില്‍ വാക്സിന് ഡോസുകള്‍ അയച്ചുകൊടുക്കേണ്ടി വന്നു. ഭാരത് ബയോടെക്കും സീറം ഇന്‍സ്റ്റിറ്റ്യൂട്ടും വാക്സിനുകള്‍ നിര്‍മ്മിക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ പലതും വിദേശരാഷ്ട്രങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്തത്. ഇതിന്റെ ഭാഗമായി ആ രാഷ്ട്രങ്ങള്‍ക്ക് അതിന് ബദലായി വാക്സിന് ഡോസുകള്‍ കൈമാറാമെന്ന് കരാര്‍ ഒപ്പിട്ടിരുന്നു. ഇതിന്റെ ഭാഗമായി വാക്സിന് ഡോസുകള്‍ അവര്‍ക്ക് അയച്ചുകൊടുക്കേണ്ടതായി വന്നു. ഇന്ത്യക്കാര്‍ക്ക് കുത്തിവെക്കാവുന്ന 6.63 കോടി വാക്സിന് ഡോസുകള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വിദേശത്തേക്ക് അയച്ചുകൊടുത്തു എന്ന രാഹുല്‍ ഗാന്ധിയുടെയും ആംആദ്മി പാര്‍ട്ടിയുടെയും പ്രചാരണങ്ങള്‍ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് വാക്സിനുകള്‍ നല്‍കാതെ വിദേശത്തേക്ക് അയച്ചുകൊടുത്തു എന്നത് നുണപ്രചാരണമാണെന്നും സംബിത് പാത്ര തുറന്നടിച്ചു.
സൗദി അറേബ്യയ്ക്ക് വാക്സിന് നല്‍കിയത് വാണിജ്യാടിസ്ഥാനത്തിലാണ്. പകരം സൗദിയിലുള്ള ഇന്ത്യക്കാര്‍ക്ക് സൗജന്യമായി വാക്സിന് നല്‍കാമെന്ന് സൗദി ഭരണകൂടം വാക്ക് തന്നിരുന്നതിനാലാണിത്.- അദ്ദേഹം വിശദീകരിച്ചു.
കോവിഷീല്‍ഡിന്റെ ലൈസന്‍സ് അതോറിറ്റി ആസ്ട്ര സെനക്കയാണ്. അത് ഏതെങ്കിലും സംസ്ഥാനത്തിന് നിര്‍മ്മാണാനുമതി നല്കി സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന് കൈമാറാന്‍ അവകാശമില്ല. ഭാരത് ബോയടെക് ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത് ഉല്പാദിപ്പിക്കുന്ന വാക്സിനുകള്‍ നിര്‍മ്മിക്കാന്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ബയോ സുരക്ഷ ആവശ്യമാണ്. അത് കുറച്ച് സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഒരുക്കാന്‍ സാധിക്കൂ. കേന്ദ്രം ചില പൊതുമേഖലാ സ്ഥാപനങ്ങളുമായി വാക്സിന് ഉല്പാദനം സംബന്ധിച്ച് ചര്‍ച്ച ചെയ്തുവരികയാണെന്നും സംബിത് പാത്ര പറഞ്ഞു. ഇക്കാര്യത്തില്‍ അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും രാഷ്ട്രീയം കളിക്കരുതെന്നും സംബിത് പാത്ര പറഞ്ഞു.
വാക്സിന് ഫോര്‍മുല സംസ്ഥാനങ്ങള്‍ക്ക് കൈമാറണമെന്നും ചില ഫാക്ടറികള്‍ ഇത് നിര്മ്മിക്കാനായാല് കോവിഡ് പ്രതിരോധം ശക്തമാക്കാമെന്നും നിര്‍ദേശിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: