.ന്യൂദല്‍ഹി:ഇന്ത്യയുടെ വാക്‌സിന്‍ ദൗര്‍ലഭ്യം പരിഹരിക്കുന്നതിന്റെ ഭാഗമായി ജോണ്‍സണ്‍ ആന്‍റ് ജോണ്‍സന്റെ കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നതിനെക്കുറിച്ച് യുഎസ് ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി സീറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചര്‍ച്ച തുടങ്ങി.
സ്വകാര്യമേഖലയിലെ ചില ഉല്‍പാദനകമ്പനികളുമായി ചര്‍ച്ച തുടങ്ങിയതായി യുഎസ് എംബസിയുടെ ചുമതലയുള്ള ഡാനിയേല്‍ ബി സ്മിത്ത് പറഞ്ഞു. എന്നാല്‍ ഈ പദ്ധതി എന്ന് യാഥാര്‍ത്ഥ്യമാവുമെന്ന് പറയാന്‍ അദ്ദേഹം വിസമ്മതിച്ചു. ആറ് കോടി ആസ്ട്ര സെനക വാക്‌സിന്‍ (കോവിഷീല്‍ഡ്) ഡോസുകള്‍ യുഎസ് എന്നാണ് ഇന്ത്യയില്‍ അയയ്‌ക്കുക എന്നത് സംബന്ധിച്ച് കൃത്യമായ ധാരണയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന് യുഎസിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി ഇനിയും ലഭിച്ചിട്ടില്ല.
‘ഒരു സര്‍ക്കാര്‍ എന്ന നിലയ്‌ക്ക് ലൈസന്‍സിംഗ് പ്രോത്സാഹിപ്പിക്കാനും ഉല്‍പാദനം കൂട്ടാനും ഇനി നിക്ഷേപം ആവശ്യമെങ്കില്‍ അത് വേണ്ട സഹായം നല്‍കാനും ഞങ്ങള്‍ തയ്യാറാണ്,’ അദ്ദേഹം പറഞ്ഞു.
‘ഏകദേശം ആറ് കോടി കോവിഷീല്‍ഡ് ഡോസുകള്‍ യുഎസിലെ ബാള്‍ട്ടിമോറിനടുത്തുള്ള ഉല്‍പാദനകേന്ദ്രത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ ഈ പ്ലാന്‍റില്‍ ചില പ്രശ്‌നങ്ങളുണ്ടായതിനാല്‍ ഇതിന് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി കിട്ടിയിട്ടില്ല,’ ഡാനിയേല്‍ ബി സ്മിത്ത് പറഞ്ഞു.
ഒറ്റ കുത്തിവെപ്പ് മതിയാവുന്ന ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയിട്ടുള്ളതാണ്. ഈ വാക്‌സിന് 85.4 ശതമാനമാണ് ഫലപ്രാപ്തി. ഒറ്റ ഡോസ് കുത്തിവെച്ചാല്‍ മതിയാവും. കുത്തിവെപ്പിന് 28 ദിവസങ്ങള്‍ക്ക് ശേഷം വൈറസിനെ പ്രതിരോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: