ന്യൂദല്‍ഹി : വായ്പ്പാ തിരിച്ചടവ് മുടങ്ങിയതോടെ ചൈനീസ് ആപ്പ് കമ്പനികള്‍ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായി പരാതി. ചൈനീസ് കമ്പനികളില്‍ നിന്ന് 76.67 കോടിയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബെംഗളൂരു പോലീസ് രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം നിലവില്‍ ഏഴ് കമ്പനികള്‍ക്കെതിരെയാണ് എന്‍ഫോഴ്സ്മെന്റ് കേസെടുത്തിരിക്കുന്നത്. ഇതില്‍ മൂന്ന് ചൈനീസ് നിയന്ത്രിത ഫിന്‍ടെക് കമ്പനികളും ഇവയോട് സഹകരിച്ചു പ്രവര്‍ത്തിക്കുന്ന മൂന്ന് ഇന്ത്യന്‍ ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. ഇതിനുപുറമെ ഓണ്‍ലൈന്‍ പണമിടപാട് രംഗത്ത് പ്രവര്‍ത്തിക്കുന്ന റാസര്‍പേ എന്ന സ്ഥാപനത്തില്‍ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്.
കോവിഡ് രൂക്ഷമായതോടെ വായ്പ്പാ തിരിച്ചടവുകളില്‍ മുടക്കം വന്നതോടെയാണ് കമ്പനികള്‍ ആളുകളെ ഉപദ്രവിച്ചും ഭീഷണിപ്പെടുത്തിയും പണം വാങ്ങുകയായിരുന്നു. വായ്പ തിരിച്ചടക്കുന്നതുമായി ബന്ധപ്പെട്ട് ഫോണ്‍ വഴി ഉപഭോക്താക്കളുടെ ചിത്രങ്ങളും മറ്റ് സ്വകാര്യ വിവരങ്ങളും കൈക്കലാക്കിയും ഇവര്‍ ഭീഷണി നടത്തിയിരുന്നു. വായ്പ എടുത്തവരുടെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്താനോ ഭീഷണിപ്പെടുത്താനോ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ചൈനീസ് ഓണ്‍ലൈന്‍ വായ്പ്പാ കമ്പനികള്‍ക്കെതിരെയുള്ള അന്വേഷണം ആദ്യഘട്ടത്തിലാണ്. 76.67 കോടിയുടെ സ്വത്തുക്കള്‍ ഇപ്പോള്‍ കണ്ടുകെട്ടി. മറ്റ് ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനങ്ങള്‍ക്കെതിരെ അന്വേഷണം നടത്തി വരികയാണെന്നും എന്‍ഫോഴ്സ്മെന്റ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: