Categories: India

കര്‍ഷക സമരത്തിനെത്തിയ ആക്ടിവിസ്റ്റിനെ പീഡിപ്പിച്ചു; ചികിത്സയിലായിരുന്ന യുവതി മരിച്ചു; ആറു കര്‍ഷക സമര നേതാക്കള്‍ അറസ്റ്റില്‍

Published by

റോഹ്തക് (ഹരിയാന): കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരത്തിനിടെ തിക്രി അതിര്‍ത്തിയിലെ സമരവേദിയില്‍ സഹപ്രവര്‍ത്തകയായ യുവതിയെ പീഡിപ്പിച്ച ആറ് പേര്‍ അറസ്റ്റില്‍. കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ ബംഗാളില്‍ നിന്ന് എത്തിയ 25 വയസുകാരിയാണ് സമരക്കാരുടെ പീഡനത്തിനിരയായത്. അനില്‍ മാലിക്, അനൂപ് സിങ്, അങ്കുഷ് സങ്‌വാന്‍, ജഗദീഷ് ബ്രറാര്‍, വനിതാ പ്രവര്‍ത്തകരായ കവിത ആര്യ, യോഗിത സുഹാഗ്  എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ പ്രക്ഷോഭത്തിലെ സജീവ പങ്കാളികളാണെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ വിജയ് കുമാര്‍ പറഞ്ഞു. കിസാന്‍ സോഷ്യല്‍ ആര്‍മി എന്ന സംഘടനയുടെ പേരിലാണ് ഇവര്‍ സമരത്തിനായി തിക്രി അതിര്‍ത്തിയിലെത്തിയത്.  

ദല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഏപ്രില്‍ ഒന്നിന് ബംഗാളിലെ ഹൂഗ്ലിയില്‍ നടന്ന പൊതുയോഗത്തില്‍ ഇവര്‍ പങ്കെടുത്തിരുന്നു. കലാകാരിയും ഡിസൈനറും ആക്ടിവിസ്റ്റുമാണ് ഇരയായ യുവതി. രക്ഷിതാക്കളുടെ അനുവാദത്തോടെയാണ് ദല്‍ഹി അതിര്‍ത്തിയിലെ സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.  

ഏപ്രില്‍ 11ന് പഞ്ചാബിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ അനില്‍ മാലിക് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ഇവര്‍ ശക്തമായി പ്രതിരോധിക്കുകയും ചെയ്തിരുന്നു. ഏപ്രില്‍ 12ന് ദല്‍ഹി അതിര്‍ത്തിയിലെ സമരമുഖത്ത് എത്തി. യുവതി തനിച്ചുള്ള ടെന്റ് ഷെയര്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി പോലീസ് എഫ്‌ഐആറില്‍ പറയുന്നു. ഇവര്‍ മോശക്കാരാണെന്നും തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നതായും യുവതി അച്ഛനെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. യുവതിയുടെ കുടുംബം കര്‍ഷക നേതാക്കളുടെ ശ്രദ്ധയില്‍ പ്രശ്‌നം കൊണ്ടുവരികയും ഇവരുടെ പ്രസ്താവന വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് വനിതാ പ്രതിഷേധക്കാരുടെ ടെന്റിലേക്ക് യുവതിയെ മാറ്റി.  

പനിയെത്തുടര്‍ന്ന് യുവതിയെ ഏപ്രില്‍ 21ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് കൊവിഡാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ദല്‍ഹിയിലെ ആശുപത്രിയിലെത്തിയ അച്ഛനോട് ട്രെയിനിലും ടെന്റിലും വച്ച് താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം യുവതി പറഞ്ഞു. തുടര്‍ന്ന് യുവതിയുടെ അച്ഛനാണ് പോലീസില്‍ പരാതിപ്പെട്ടത്. പീഡിപ്പിക്കപ്പെട്ട വിവരം എന്തുകൊണ്ടാണ് പോലീസിനെ അറിയിക്കാതിരുന്നതിന് വിശദീകരണം നല്‍കാന്‍ കര്‍ഷക നേതാക്കള്‍ തയാറായിട്ടില്ല. പീഡിക്കപ്പെട്ടവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്ന് യുവതി വ്യക്തമാക്കുകയും ചെയ്തിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി ഏപ്രില്‍ 30ന് മരിച്ചു.

സമരത്തില്‍ പങ്കെടുത്ത നാല് കര്‍ഷക നേതാക്കള്‍ക്കളുടെയും രണ്ടു വനിതാ പ്രവര്‍ത്തകരുടെയും പേരിലാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. അതേസമയം, സംഭവത്തെക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ക്ക് കഴിയുന്നില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും കാര്യങ്ങള്‍ കൃത്യമായറിയാതെ പ്രതികരിക്കാനാവില്ലെന്നുമാണ് ഇവരുടെ നിലപാട്. എന്തുകൊണ്ട് പോലീസിനെ അറിയിച്ചില്ലായെന്നതിന് വിശദീകരണം നല്‍കുവാനും കര്‍ഷക നേതാക്കള്‍ക്ക് സാധിക്കുന്നില്ല.  

മിക്കവാറും കര്‍ഷക നേതാക്കള്‍ക്കെല്ലാം സംഭവത്തെക്കുറിച്ച് അറിയാമായിരുന്നു. എന്നാല്‍, ഇവര്‍ നിശ്ശബ്ദം പാലിച്ചു. തങ്ങളെ യുവതിയുടെ അച്ഛനുമായി കൂടിക്കാഴ്ച നടത്താന്‍ അനുവദിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് ബികെയു എക്താ ഉഗ്രഹാന്‍ വനിതാ വിഭാഗം ചീഫ് ഹരീന്ദര്‍ കൗര്‍ ബിന്ദു പറഞ്ഞു. ഡിവൈഎസ്പി പവന്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക