അമ്പലപ്പുഴ: വാക്സിനേഷന് ഒരു വര്‍ഷമായി മുടങ്ങി, ജില്ലയില്‍ കുളമ്പ് രോഗം വ്യാപിക്കുന്നു. ക്ഷീര കര്‍ഷകര്‍ ദുരിതത്തില്‍. കോവിഡ് ആരംഭിച്ച ഒരു വര്‍ഷം മുന്‍പു തന്നെ കന്നുകാലികള്‍ക്കുള്ള വാക്സിനേഷന് നിര്‍ത്തിവെച്ചിരുന്നു. നേരത്തെ വീടുകളിലെത്തിയാണ് കന്നുകാലികള്‍ക്ക് വാക്സിന് നല്‍കിയിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസത്തിനിടെ ജില്ലയുടെ പല പ്രദേശങ്ങളിലും നിരവധി പശുക്കളാണ് ചത്തത്. പ്രതിദിനം പത്തു ലിറ്ററിലധികം പാല് കറക്കുന്ന പശുക്കളാണ് ചത്തത്. ഇത് ക്ഷീര കര്‍ഷകരെ തീരാ ദുരിതത്തിലാക്കിയിരിക്കുകയാണ്.
പ്രസവിക്കാന്‍ ദിവസങ്ങള്‍ മാത്രം പ്രായമായ 65,000 രൂപ വിലയുള്ള പശു കഴിഞ്ഞ ദിവസം ചത്തുവെന്ന് കഞ്ഞിപ്പാടം ചിറ്റാംത്രയില് ഹരിദാസ് പറയുന്നു. ഇദ്ദേഹത്തിന്റെ മൂന്നു കിടാങ്ങള്‍ ഉള്‍പ്പെടെ നാല് പശുക്കള്‍ ചത്തു. നാല് പശുക്കള്‍ രോഗ ലക്ഷണവുമായി അവശനിലയിലുമാണ്. രോഗ ലക്ഷണങ്ങള്‍ പ്രകടമായ പശുക്കള്‍ക്ക് വെറ്ററിനറി ഡോക്ടറെത്തി പനിക്കുള്ള കുത്തിവെയ്പെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കുളമ്പ് രോഗം ജില്ലയിലെ ക്ഷീരമേഖലയേയും ക്ഷീരകര്‍ഷകരെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായ ഈ സാഹചര്യത്തില്‍ വാക്സിനേഷന് ഇനി എപ്പോള്‍ തുടങ്ങുമെന്നും പറയാന്‍ കഴിയാത്ത സ്ഥിതിയാണ്. കുളമ്പു രോഗം പാല് ഉല്‍പ്പാദനത്തെയും ബാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: