സന്താനസൗഭാഗ്യത്തിനും ആയുരാരോഗ്യ സൗഖ്യത്തിനും സര്‍പ്പാരാധന ഉത്തമമാണ്. സര്‍പ്പപ്രീതിക്കും സര്പ്പബാധയ്ക്കുമെല്ലാം ജാതകവുമായി ബന്ധമുണ്ടെന്നാണ് വിശ്വാസം. സര്‍പ്പത്തെ രാഹുവിന്റെ ദേവതയായി സങ്കല്പ്പിച്ചു വരുന്നു. ജാതകത്തില്‍ രാഹു അനിഷ്ടഭാവത്തിലാണെങ്കില് സര്പ്പാരാധയാണ് മുഖ്യ പരിഹാരം.
അറിഞ്ഞോ അറിയാതെയോ സര്‍പ്പദോഷങ്ങള്‍ക്ക് ഇരയാകുന്നവരുണ്ട്. സര്‍പ്പക്കാവുകളിലെ വൃക്ഷങ്ങള്‍ വെട്ടിവെളുപ്പിക്കുന്നത് സര്‍പ്പകോപത്തിന് വഴിയൊരുക്കും. സര്‍പ്പക്കുഞ്ഞുങ്ങളെ അല്ലെങ്കില്‍ അതിന്റെ മുട്ടകള്‍ നശിപ്പിക്കരുത്. പരിപാവനമായി സംരക്ഷിക്കേണ്ട ഇടങ്ങളാണ് സര്‍പ്പക്കാവുകള്‍. അവിടെ കിളയ്ക്കുക, പുറ്റുകള്‍ തകര്‍ക്കുക, സര്‍പ്പത്തെ കൊല്ലുക, കാവില്‍ മലമൂത്രവിസര്‍ജനം നടത്തി അശുദ്ധമാക്കുക തുടങ്ങിയ പ്രവൃത്തികളെല്ലാം സര്‍പ്പകോപം ക്ഷണിച്ചു വരുത്തും.
സര്‍പ്പങ്ങള്‍ ഉത്തമസര്പ്പങ്ങളെന്നും നീച സര്‍പ്പങ്ങളെന്നും രണ്ടു തരമുണ്ടെന്നാണ് ഹൈന്ദവ വിശ്വാസം. ഉത്തമസര്‍പ്പങ്ങളുടെ കോപം ശമിപ്പിക്കാന്‍ സര്‍പ്പബലി നടത്തുന്നത് നല്ലതാണ്. സര്‍പ്പപ്രീതിക്ക് ഏറ്റവും നല്ല വഴിപാടാണ് നൂറും പാലും. സര്‍പ്പരൂപത്തിലുള്ള പ്രതിമയും മുട്ടയും സ്വര്‍ണത്തിലോ, ചെമ്പിലോ ഉണ്ടാക്കി നാഗക്ഷേത്രങ്ങളില് വഴിപാടായി സമര്‍പ്പിക്കാം.
വിശുദ്ധവനങ്ങളെന്ന് കീര്‍ത്തിയുള്ള കാവുകള്‍ വെട്ടിനശിപ്പിക്കാന്‍ മുതിരരുത്. കാവുകള്‍ അശുദ്ധമായാല്‍ വിധിപ്രകാരം അവ ശുദ്ധീകരിക്കുക. സര്പ്പദോഷമകറ്റാനുള്ള കര്‍മങ്ങളെല്ലാം പ്രഗല്ഭരായ ജ്യോതിഷികളുടെ നിര്‍ദേശാനുസരണം നടത്തുന്നതാണ് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: