പാരിസ്: ഇസ്ലാമിന് ഇളവുകള്‍ നല്‍കിയത് മൂലം രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാണെന്ന് കാണിച്ച് ഫഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന് കത്ത് നല്‍കി ഒരു സംഘം യുവ സൈനികര്‍.അനിയന്ത്രിതമായി കൂട്ടത്തോടെ മുസ്ലിം വിഭാഗം ഫ്രാന്‍സിലേക്ക് കുടിയേറുന്നതിനെത്തുടര്‍ന്ന് വര്‍ധിച്ചുവരുന്ന ജിഹാദി ആക്രമണങ്ങള്‍ മൂലം ഉടനെ രാജ്യത്ത് ആഭ്യന്തരകലാപമുണ്ടായേക്കുമെന്നും ഇവര്‍ എഴുതിയ കത്ത് ചൂണ്ടിക്കാട്ടുന്നു.
ഫ്രാന്‍സിലെ ഒരു യാഥാസ്ഥിതിക മാഗസിനില്‍ പ്രസിദ്ധീകരിച്ച കത്ത് വഴിയാണ് ഇമ്മാനുവല്‍ മാക്രോണിന് ഇപ്പോള്‍ സൈനിക സേവനമനുഷ്ഠിക്കുന്ന യുവ സൈനികര്‍ താക്കീത് നല്‍കുന്നത്. വാല്യേഴ്സ് ആക്ച്വെലസ് വെബ്സൈറ്റില്‍ ഈ ഞായറാഴ്ച പ്രസിദ്ധീകരിച്ച കത്ത് ഒരു മാസം മുമ്പ് ഇതേ വിഷയവുമായി ബന്ധപ്പെട്ട് ഭാഗികമായി സര്‍വ്വീസില്‍ നിന്നും വിരമിച്ച ജനറല്‍മാര്‍ പ്രസിദ്ധീകരിച്ച കത്തുമായി വിഷയത്തില്‍ ഏറെ സാമ്യമുള്ളതാണ്. ഫ്രാന്‍സ് ഒരു ആഭ്യന്തരകലാപത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് സര്‍വ്വീസില്‍ നിന്നും ഭാഗികമായി വിരമിച്ച 20 പട്ടാള ജനറല്‍മാരും ഏതാനും ഉദ്യോഗസ്ഥരും എഴുതിയ കത്തിലെയും വിലയിരുത്തല്‍. ഫ്രാന്‍സിലേക്കുള്ള മുസ്ലിം വിഭാഗത്തിന്റെ കൂട്ടത്തോടെയുള്ള അനിയന്ത്രിതമായ കുടിയേറ്റവും പടര്‍ന്നുപന്തലിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിസവുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
എന്നാല്‍ ഫ്രാന്‍സിലെ ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ ജനറല്‍മാരുടെ ഈ കത്തിനെ തള്ളിക്കളയുന്നു. ഇത് വെറും ഈഹാപോഹം മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച, സൈനിക ജനറല്‍മാരുടെയും ഉദ്യോഗസ്ഥരുടെയും കത്ത് ഫ്രാന്‍സില്‍ വലിയ ഭൂകമ്പം ഉണ്ടാക്കിയിരുന്നു. ഈ കത്തിലെ ഉള്ളടക്കം സ്വീകാര്യമല്ലെന്ന് പറഞ്ഞാണ് അന്ന് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇതിനോട് പ്രതികരിച്ചത്. ഈ കത്തിന് പിന്നിലുള്ള ഉദ്യോഗസ്ഥരെയും ജനറല്‍മാരെയും ശിക്ഷിക്കുമെന്നും അന്ന് ഫ്രാന്‍സിലെ മുതിര്‍ന്ന ജനറല്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന പുതിയ കത്തില്‍ എത്ര യുവസൈനികര്‍ ഒപ്പുവെച്ചിട്ടുണ്ടെന്നോ അവരുടെ റാങ്കുകള്‍ എന്തൊക്കെയെന്നോ വ്യക്തമല്ല. പുതിയ കത്തില്‍ പൊതുജനങ്ങള്‍ക്കും താല്‍പര്യമുണ്ടെങ്കില്‍ ഒപ്പുവെയ്‌ക്കാന്‍ വാല്യേഴ്‌സ് ആക്‌ച്വെലസ് വെബ്സൈറ്റ് അവസരം നല്‍കുന്നുണ്ട്. ഇത് പ്രകാരം തിങ്കളാഴ്ച രാവിലെ വരെ പുതിയ കത്തില്‍ 93,000 പേര്‍ ഒപ്പുവെച്ചിട്ടുണ്ട്.
‘താങ്കളുടെ ജനഹിതം നീട്ടേണ്ടതിനെക്കുറിച്ചോ മറ്റുള്ളവരെ കീഴക്കേണ്ടതിനെക്കുറിച്ചോ അല്ല ഞങ്ങള്‍ പറയുന്നത്. നമ്മുടെ രാജ്യത്തിന്റെ നിലനില്‍പിനെക്കുറിച്ചാണ് പറയുന്നത്,’ പ്രസിഡന്‍റ് മാക്രോണിനെ അഭിസംബോധന ചെയ്യുന്ന പുതിയ കത്തില്‍ പറയുന്നു.
ഫ്രഞ്ച് സൈന്യത്തിലെ യുവാക്കളായ തലമുറയില്‍പ്പെട്ട, ഇപ്പോള്‍ ജോലി ചെയ്യുന്നവരാണ് ഈ കത്തെഴുതെന്നും അവര്‍ അവകാശപ്പെടുന്നു. ‘താങ്കള്‍ ഫ്രാന്‍സിന്റെ മണ്ണില്‍ ഇളവ് നല്‍കി പ്രതിഷ്ഠിച്ച ഇസ്ലാമിസത്തെ നശിപ്പിക്കാന്‍ ജീവന്‍ തന്നെ ബലിയര്‍പ്പിക്കാന്‍ തയ്യാറാണ്,’ കത്തില്‍ പറയുന്നു. 2015ല്‍ ഫ്രാന്‍സില്‍ അരങ്ങേറിയ ജിഹാദി ആക്രമണങ്ങളുടെ തരംഗമുണ്ടായപ്പോള്‍ സുരക്ഷാനീക്കങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് തങ്ങളെന്നും ഇവര്‍ അവകാശപ്പെടുന്നു. ചില മതസമുദായങ്ങള്‍ക്ക്(ഇസ്ലാംമതത്തില്‍പ്പെട്ടവര്‍ക്ക്) ഫ്രാന്‍സെന്നാല്‍ പുച്ഛവും വെറുപ്പും പരിഹാസവുമാണെന്നും അവര്‍ നിരീക്ഷിക്കുന്നു. ‘ഒരു ആഭ്യന്തരകലാപമുണ്ടായാല്‍ സൈന്യം സ്വന്തം മണ്ണില്‍ സമാധാനം കാക്കും…..ഒരു ആഭ്യന്തരകലാപം ഫ്രാന്‍സില്‍ രൂപപ്പെടുകയാണ്. അത് താങ്കള്‍ക്ക് നന്നായി അറിയാം,’ കത്തില്‍ പറയുന്നു.
2022ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു രാഷ്‌ട്രീയാന്തരീക്ഷത്തിലാണ് ഈ കത്ത് പ്രത്യക്ഷപ്പെടുന്നത്. ഇക്കുറിയും മറീന്‍ ലെ പെന്‍ തന്നെയാണ് മാക്രോണിന്റെ മുഖ്യ രാഷ്‌ട്രീയ എതിരാളി.ഇക്കുറി നടന്ന അഭിപ്രായസര്‍വ്വേകളില്‍ യാഥാസ്ഥിക നാഷണല്‍ റാലി പാര്‍ട്ടിയുടെ മറീന്‍ ലെ പെന്‍ ആണ് ഇപ്പോഴത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനേക്കാള്‍ മുമ്പില്‍. ഫ്രാന്‍സിലേക്ക് കുടിയേറിയ ഇസ്ലാം തീവ്രവാദികള്‍ 2020ല്‍ നടത്തിയ ഒരു കൂട്ടം ആക്രമണങ്ങള്‍ ചൂഷണം ചെയ്യാനുള്ള ലെ പെന്‍ നടത്തുന്ന ശ്രമങ്ങളെ ഈയടുത്ത മാസങ്ങളില്‍ മാക്രോണ്‍ ശക്തമായി എതിര്‍ത്തതായി രാഷ്‌ട്രീയവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
‘നിങ്ങള്‍ സൈന്യത്തില്‍ ജോലി ചെയ്യുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ രഹസ്യമായി ചെയ്യില്ല,’ ഫ്രാന്‍സിലെ ആഭ്യന്തരമന്ത്രി ഡാര്‍മനിന്‍ പറയുന്നു. ‘ഇവര്‍ ഇപ്പോഴും അജ്ഞാതരായി ഇരിക്കുന്നു. ഇങ്ങിനെ മറഞ്ഞിരിക്കുന്നത് ധീരതയാണോ?,’ ബിഎഫ്എം ടെലിവിഷന് അനുവദിച്ച അഭിമുഖത്തില്‍ ഡാര്‍മനിന്‍ ചോദിക്കുന്നു.
ഇത്തരത്തിലുള്ള വികാരങ്ങള്‍ ഇപ്പോള്‍ സൈന്യത്തില്‍ ജോലി ചെയ്യുന്ന യുവസൈനികര്‍ പ്രകടിപ്പിച്ചതില്‍ തികഞ്ഞ അമ്പരപ്പാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്കോയ്‌സ് ഹോളാണ്ടെയ്‌ക്കുള്ളത്. കഴിഞ്ഞ മാസം പ്രസിദ്ധപ്പെടുത്തിയ കത്തിലൂടെ രാഷ്‌ട്രീയത്തില്‍ ഇടപെടാനുള്ള സൈന്യത്തിലെ ചിലരുടെ ശ്രമത്തിനെ റിപ്പബ്ലിക്കന്‍ തത്വങ്ങള്‍ക്ക് മേലെയുള്ള കടന്നുകയറ്റമായാണ് ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സ് കാണുന്നത്. ഈ കത്തില്‍ ഒപ്പുവെച്ചവര്‍ അച്ചടക്കനടപടിയോ നിര്‍ബന്ധ പിരിച്ചുവിടലോ ഉള്‍പ്പെടെയുള്ള കര്‍ശനമായ ശിക്ഷകള്‍ നേരിടേണ്ടിവരുമെന്ന് ഫ്രാന്‍സിലെ സൈനിക മേധാവി ജനറല്‍ ഫ്രാങ്കോയ്‌സ് ലെകോയ്ന്‍ട്രെ പറഞ്ഞു.
ഒരു മാസം പുറത്തുവിട്ട ആദ്യത്തെ കത്ത് ഫ്രാന്‍സില്‍ 2020 മുതല്‍ നടന്ന ഒരുപിടി ജിഹാദി ആക്രമണങ്ങളെ അപലപിക്കാനാണ് പട്ടാള ജനറല്‍മാര്‍ എഴുതിയത്. “ഫ്രഞ്ച് ഇന്‍റലിജന്‍സ് വിഭാഗത്തിന് തീര്‍ത്തും അപരിചിതരായ ഒരു സംഘം യുവ മുസ്ലിങ്ങളാണ് ഈ ആക്രമണത്തിന് പിന്നില്‍. ഒരു സ്‌കൂള്‍ അധ്യാപികയുടെ തലവെട്ടിമാറ്റിയ സംഭവവും ഇതില്‍പ്പെടും. ഒമ്പത് ജിഹാദി ആക്രമണങ്ങളാണ് ഫ്രാന്‍സില്‍ ഈയിടെ അരങ്ങേറിയത്. മതമൗലികവാദികളായി മാറിയ നിരവധി മുസ്ലിം ചെറുപ്പക്കാര്‍ ഫ്രാന്‍സിലുണ്ട്. ഇതില്‍ ഭൂരിഭാഗം പേരും ഫ്രഞ്ച് ഇന്‍റലിജന്‍സ് സേന നിരീക്ഷിക്കുന്ന ജിഹാദികളുടെ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടില്ല. രാജ്യത്ത് ഇസ്ലാമിക മതമൗലികവാദികളെ കണ്ടെത്തുന്നതില്‍ ഫ്രഞ്ച് സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നതിന് തെളിവാണ് കൂടെക്കൂടെയുള്ള ഇത്തരം ആക്രമണങ്ങള്‍. 2021 ഏപ്രില്‍ 23ന് 36 കാരനായ ടൂണീഷ്യയില്‍ നിന്നും ഫ്രാന്‍സിലേക്ക് ചേക്കേറിയ ചെറുപ്പക്കാരന്‍ നടത്തിയ ജിഹാദി ആക്രമണം എളുപ്പത്തില്‍ മറക്കാന്‍ കഴിയില്ല. റംബൂയ്‌ലെറ്റ് എന്ന ശാന്തമായ ടൗണിലെ ഒരു പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് 49 കാരിയായ അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുന്ന സ്ത്രീയെ കുത്തിക്കൊന്നത്. 2020 ഡിസംബറിലാണ് ഈ ചെറുപ്പക്കാരന് ഫ്രഞ്ച് പൗരത്വം ലഭിച്ചത്. അന്തരീക്ഷത്തില്‍ അള്ളാഹു അക്ബര്‍ വിളി ഉയര്‍ന്നത് കേട്ടതിന് ധാരാളം പേര്‍ സാക്ഷികളായുണ്ട്. പൊലീസ് ഇയാളെ വെടിവെച്ച് കൊന്നു. മരിച്ച സ്ത്രീക്ക് 13ഉം 18ഉം വയസ്സായ രണ്ട് പെണ്‍കുട്ടികളുണ്ട്,” ആദ്യ കത്തില്‍ പറയുന്നു.
“എളുപ്പത്തില്‍ മറക്കാവുന്ന ജിഹാദി ആക്രമണമല്ല ചെചെനില്‍ നിന്നും ഫ്രാന്‍സിലേക്ക് കുടിയേറിയ 18 കാരനായ ചെറുപ്പക്കാരന്‍ ചെയ്തത്. 47 കാരിയായ ചരിത്രവും ഭൂമിശാസ്ത്രവും പഠിപ്പിക്കുന്ന സാമുവല്‍ പാറ്റി എന്ന അധ്യാപികയെയാണ് കഴുത്തറുത്ത് കൊന്നത്. പാരിസിലെ ശാന്തമായ എറാഗ്നി എന്ന പ്രാന്തപ്രദേശത്താണ് ഈ സ്‌കൂള്‍. 13കാരിയായ ഒരു മുസ്ലിം പെണ്‍കുട്ടിയാണ് കാര്യങ്ങള്‍ കുഴപ്പിച്ചത്. ഈ പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍റ് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം തന്റെ മാതാപിതാക്കള്‍ അറിയരുതെന്ന് പെണ്‍കുട്ടി ആഗ്രഹിച്ചു. അവള്‍ ഒരു ചെറിയ നുണക്കഥ മെനഞ്ഞു. തന്നെ സാമുവല്‍ പാറ്റി എന്ന അധ്യാപിക ക്ലാസില്‍ നിന്നും പുറത്താക്കിയത് ക്ലാസില്‍ മറ്റ് കുട്ടികള്‍ക്ക് നഗ്നനായ നബിയുടെ ചിത്രം കാണിച്ചുകൊടുക്കാനാണ് എന്നതായിരുന്നു ആ പെണ്‍കുട്ടി മെനഞ്ഞ നുണക്കഥ. ഈ കഥ ജിഹാദികള്‍ക്കിടയില്‍ പരന്നു. അവര്‍ പകരം വീട്ടി. ഈ കുറ്റകൃത്യത്തില്‍ പത്ത് ജിഹാദികളുണ്ട്. അതില്‍ പള്ളി ഇമാമായ പെണ്‍കുട്ടിയുടെ പിതാവും ഉള്‍പ്പെടും,” കത്തില്‍ പറയുന്നു.
കത്തില്‍ ഫ്രാന്‍സിലെ അതിമര്യാദ കാട്ടുന്ന കോടതിയെയും വിമര്‍ശനവിധേയമാക്കുന്നു. ഈയിടെ ഒരു ജൂത സ്ത്രീയുടെ ഫ്‌ളാറ്റിലേക്ക് ഇടിച്ച് കയറിച്ചെന്ന് അവരെ ബാല്‍ക്കണിയില്‍ നിന്നും തള്ളിയിട്ട് കൊന്ന മാലിയില്‍ നിന്നും കുടിയേറിയ ആഫ്രിക്കന്‍ മുസ്ലിംയുവാവിലെ തെളിവുണ്ടായിട്ടും വിചാരണ ചെയ്യാന്‍ കോടതി കൂട്ടാക്കിയില്ല. അള്ളാഹു അക്ബര്‍ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞാണ് ആ ചെറുപ്പക്കാരന്‍ ജൂത സ്ത്രീയെ കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: