Categories: India

കോവിഡിനോടൊപ്പം, അതിലധികം വേദനയും നിരാശയും പടര്‍ത്തുന്ന മാദ്ധ്യമ കഴുകന്മാര്‍ക്കെതിരേയും ഇന്ത്യ പോരാടേണ്ടി വരുന്നു

മഹാമാരിയ്ക്കെതിരെ സര്‍വ്വശക്തിയുമെടുത്ത് പോരാടുന്ന ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന മാധ്യമ കഴുകന്മാരെ തുറന്നു കാണിച്ചു കൊണ്ട് ആസ്ട്രേലിയ ടുഡേ ന്യൂസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്.

Published by

ആദ്യം തന്നെ, ഞാന്‍ ആവര്‍ത്തിക്കട്ടെ, ഒരാളും ചികില്‍സ കിട്ടാതെ മരിയ്‌ക്കേണ്ടി വരരുത്. രാജ്യത്തെ ആരോഗ്യ രക്ഷാ സംവിധാനങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തെ നേരിടുകയും, മഹാമാരിയുടെ പിടിയില്‍ നിന്ന് രോഗികളെ രക്ഷിച്ചെടുക്കാന്‍ ഡോക്ടര്‍മാര്‍ അതികഠിനമായ പ്രയത്നത്തില്‍ ഏര്‍പ്പെട്ടിരിയ്‌ക്കുകയും ചെയ്യുമ്പോഴും ഏതൊരു മരണവും ഏറ്റവും വേദനാ പൂര്‍ണ്ണവും ഹൃദയത്തെ തകര്‍ക്കുന്നതുമാണ്.

ഈയവസ്ഥയിലും വിഷജന്തുക്കളായ കുറേ റിപ്പോര്‍ട്ടര്‍മാരും മാദ്ധ്യമപ്രവര്‍ത്തകരും ഇന്ത്യയുടെ മുറിവില്‍ ഉപ്പ് തേയ്‌ക്കുന്നതില്‍ വ്യാപൃതരാണ്. തങ്ങളുടെ അജണ്ടയ്‌ക്കനുസരിച്ച് ഈ ദേശീയ ദുരന്തത്തെ പോലും സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ അവര്‍ ശ്രമിക്കുകയാണ്. എല്ലാ പരിധികളും ലംഘിച്ച് വസ്തുതകളെ പോലും സത്യത്തില്‍ നിന്ന് അടര്‍ത്തിമാറ്റി മറ്റു പലതുമാക്കി ജനങ്ങളെ വിശ്വസിപ്പിക്കുന്നു.

കോവിഡ് ദുരന്തത്തെ അവര്‍ കുപ്രചരണത്തിനുള്ള ആയുധമാക്കുന്നു. സാധാരണ പറയാറുണ്ട്, ആരാണോ മാധ്യമങ്ങളെ നിയന്ത്രിയ്‌ക്കുന്നത് അവര്‍, ജനങ്ങളുടെ മനസ്സുകളേയും കൈയ്യിലെടുക്കുന്നു അഥവാ നിയന്ത്രിയ്‌ക്കാന്‍ ശ്രമിയ്‌ക്കുന്നു എന്ന്. കോവിഡിന്റെ ഇന്ത്യയിലെ രണ്ടാം തരംഗം അതിന്റെ പ്രാദേശികമായ ജനിതക വ്യതിയാനം കൊണ്ട് ആദ്യ തരംഗത്തേക്കാള്‍ മാരകവും വിനാശകാരിയുമാണ്. എന്നാല്‍ അന്തര്‍ദ്ദേശീയ വേദികളില്‍ രാജ്യത്തെ നാണം കെടുത്താനും അപമാനിയ്‌ക്കാനും വീണു കിട്ടിയ ഒരു സുവര്‍ണ്ണാവസരമായിട്ടാണ് ഇടത് ചായ്വുള്ള മാധ്യമ പ്രവര്‍ത്തകര്‍ ഈ രണ്ടാം തരംഗത്തെ ആഘോഷിയ്‌ക്കുന്നത്. മനുഷ്യര്‍ നേരിടുന്ന ദുരന്തത്തെ പോലും വിറ്റ് തങ്ങളുടെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ നേടാനാണ് അവര്‍ തയ്യാറാവുന്നത്.

ന്യൂയോര്‍ക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ച വാതക ദുരന്തത്തിന്റെ ചിത്രം

കോവിഡിന്റെ ഇന്ത്യയിലെ മാരകമായ രണ്ടാം വരവിനെ ഭീകരമാക്കി പ്രചരിപ്പിയ്‌ക്കാന്‍ ഹൃദയഭേദകമായ ഒരു ചിത്രം ന്യൂയോര്‍ക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ചു. ഒരു തെരുവില്‍ ബോധരഹിതയായി കിടക്കുന്ന ഒരു സ്ത്രീയുടെയും അവരെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിയ്‌ക്കുന്ന അവരുടെ മകള്‍ എന്നു തോന്നിപ്പിയ്‌ക്കുന്ന മറ്റൊരു സ്ത്രീയുടേയും ചിത്രമായിരുന്നു അത്. ഞെട്ടിപ്പിയ്‌ക്കുന്ന സംഗതി എന്തെന്നാല്‍, ഇത് 2020 മേയ് 7 ന് വിശാഖപട്ടണത്തിനടുത്തുള്ള ഒരു ഗ്രാമത്തിലെ എല്‍‌ജി പോളിമര്‍ കെമിക്കല്‍ പ്ലാന്‍റില്‍ നടന്ന വാതക ചോര്‍ച്ചയുടെ ചിത്രമായിരുന്നു എന്നതാണ്. “കോവിഡ് മഹാമാരി ഇന്ത്യയെ വിഴുങ്ങുന്നു, ജനങ്ങള്‍ തെരുവില്‍ മരിച്ചു വീഴുന്നു” എന്ന തലക്കെട്ടോടു കൂടിയാണ് 2021 ഏപ്രില്‍ 21ന് തെറ്റിദ്ധരിപ്പിക്കുന്ന ഈ ചിത്രം സഹിതം ന്യൂയോര്‍ക്ക് പോസ്റ്റ് വാര്‍ത്തയിട്ടത്.

സത്യം തിരിച്ചറിഞ്ഞ വായനക്കാര്‍ ന്യൂയോര്‍ക്ക് പോസ്റ്റിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍, അവര്‍ ചിത്രം മാറ്റാന്‍ തയ്യാറായി. എന്നാല്‍ ഒപ്പം കൊടുത്തിരുന്ന ലേഖനവും തലക്കെട്ടും അങ്ങനെ തന്നെ നിലനിര്‍ത്തി. എന്തുകൊണ്ടാണ് ന്യൂയോര്‍ക്ക് പോസ്റ്റ് വ്യാജ ചിത്രങ്ങള്‍ കൊടുത്തിട്ടെങ്കിലും ഇന്ത്യയിലെ ഒരു ദുരന്തത്തെ വിറ്റുകാശാക്കാന്‍ ഇത്ര തിടുക്കം കാട്ടിയത് ? കുപ്രചരണത്തിനുള്ള ആയുധമാക്കാന്‍ ഇന്ത്യയില്‍ ഒരു ദുരന്തം ഉണ്ടാവാന്‍ അവര്‍ കാത്തിരിയ്‌ക്കുകയാണോ ?

ദുരന്തത്തെയും വില്‍പ്പനച്ചരക്കാക്കി

ഇന്ത്യാക്കാരല്ലാത്ത വായനക്കാരുടെ ഇടയില്‍ മാര്‍ക്കറ്റ് പിടിയ്‌ക്കാന്‍ ബ്രിട്ടീഷ് അമേരിക്കന്‍ മീഡിയാ കമ്പനിയായ ഗെറ്റി ഇമേജസ് ഹിന്ദു ശ്മശാനങ്ങളിലെ കത്തുന്ന ചിതകളുടെ ഫോട്ടോകള്‍ വലിയ വിലയ്‌ക്ക് വില്‍ക്കുകയാണ്. 23000 രൂപ കൊടുത്താല്‍ ഏത് മാധ്യമ സ്ഥാപനത്തിനും വലിയ ചിത്രങ്ങള്‍ വാങ്ങാം. ഇന്ത്യക്കാരും വിദേശികളും ആയ നിരവധി ഫോട്ടോഗ്രാഫര്‍മാര്‍ കത്തുന്ന ചിതകളുടെ ഫോട്ടോകള്‍ എടുത്ത് വിറ്റ് പണമുണ്ടാക്കുന്ന തിരക്കിലാണ്. കോവിഡ് മഹാമാരിയുടെ ഇരകള്‍ക്ക് കൊടുക്കേണ്ട മിനിമം പരിഗണന പോലും കൊടുക്കാന്‍ അവര്‍ തയ്യാറാകുന്നില്ല.

ഈ ലിങ്കില്‍ നമുക്കിത് കാണാം

ശ്മശാനങ്ങളുടെ ആകാശ ദൃശ്യങ്ങള്‍ പോലും ഇവരുടെ പക്കലുണ്ട്. ഈ ഫോട്ടോഗ്രാഫര്‍മാര്‍ ശ്മശാനങ്ങളുടെ മുകളിലൂടെ ഡ്രോണുകള്‍ പറത്തുകയുണ്ടായി എന്നല്ലേ അത് കാണിയ്‌ക്കുന്നത് ? ശ്മശാനങ്ങളുടെ മുകളില്‍ ഡ്രോണുകള്‍ പറത്തുന്നത് അനുവദിക്കപ്പെട്ടിട്ടുണ്ടോ ? ഗാര്‍ഡിയന്‍ പത്രം ഇത്തരത്തില്‍ ഒരു ചിത്രം ഉപയോഗിച്ചത് ഈയിടെ അന്തര്‍ദ്ദേശീയ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. (ആ ചിത്രം ഞങ്ങള്‍ ഇവിടെ കൊടുക്കുന്നില്ല. കാരണം മരണാനന്തര ചടങ്ങുകളുടെ ചിത്രങ്ങള്‍ വളരെ വ്യക്തിപരമായവ ആണെന്നും, ആരും അതൊന്നും പ്രക്ഷേപണം ചെയ്യാന്‍ പാടില്ല എന്നും വക്തമായി ഉറക്കെ പറയാന്‍ ഞങ്ങള്‍ ആഗ്രഹിയ്‌ക്കുന്നു)

ബര്‍ക്കാ ദത്ത് അവരുടെ സ്വന്തം അച്ഛന്റെ മരണത്തെ പോലും ഒഴിവാക്കാതെ കുപ്രചരണത്തിന് ഉപയോഗിച്ചു.

കഴുകന്മാര്‍ ഒരിടത്ത് ഒത്തുകൂടിയിട്ടുണ്ടെങ്കില്‍ സമീപത്തുതന്നെ ശവശരീരങ്ങള്‍ ചിതറിക്കിടപ്പുണ്ടാകും. ബര്‍ക്കാ ദത്തിന് എങ്ങനെ ശ്മശാനത്തില്‍ നിന്ന് അകന്നു നില്‍ക്കാനാകും ? ഏപ്രില്‍ 19 ന് അവര്‍ സൂറത്തിലെ ഒരു ശ്മശാനത്തു നിന്ന് റിപ്പോര്‍ട്ട് ചെയ്തു. മരണവും, നൈരാശ്യവും, മാനസിക സംഘര്‍ഷവും മുറ്റിനില്‍ക്കുന്ന വളരെ ഭീകരവും ഭീതിജനകവുമായ ഒരു ചിത്രം കാഴ്ചവയ്‌ക്കാന്‍ ശ്മശാനത്തേക്കാള്‍ പറ്റിയ സ്ഥലം വേറെ ഏതുണ്ട് !

അതുകഴിഞ്ഞ് ദൗര്‍ഭാഗ്യവശാല്‍ ബര്‍ക്കാ ദത്തിന്റെ വൃദ്ധനായ അച്ഛന്‍ കോവിഡിന് കീഴടങ്ങി. എന്നാല്‍ അച്ഛന്റെ മരണത്തെ പോലും തന്റെ കുപ്രചരണത്തിന് ഇണങ്ങുന്ന വിധത്തില്‍ വര്‍ണ്ണിയ്‌ക്കുകയിരുന്നു ആ മകള്‍ ചെയ്തത്. അതിനായി അവര്‍ തെരെഞ്ഞെടുത്ത വാക്കുകള്‍, അനുവാചകരെ ആഴത്തില്‍ സ്വാധീനിയ്‌ക്കുവാന്‍ തക്കതായിരുന്നു- എന്റെ അച്ഛന്റെ അവസാന വാക്കുകള്‍ “എനിക്ക് ശ്വാസം മുട്ടുന്നു… എന്നെ ചികിത്സിക്കൂ” എന്നിങ്ങനെയാണ് അവര്‍ ലോകത്തോട് വിളിച്ചു പറഞ്ഞത്.

എന്നാല്‍ തന്നെ കേള്‍ക്കുന്നവരേയും, സി‌എന്‍‌എന്‍ റിപ്പോര്‍ട്ടറേയും ബര്‍ക്ക ഓര്‍മ്മിപ്പിയ്‌ക്കാത്ത കാര്യം എന്തെന്നാല്‍, അവരുടെ അച്ഛനെ ആ സമയം ഒരു മികച്ച ആശുപത്രിയായ മേദാന്ത ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിയ്‌ക്കുകയായിരുന്നു എന്നതാണ്. ഏറ്റവും മികച്ച ഡോക്ടര്‍മാരുടെ ഒരു സംഘമായിരുന്നു അദ്ദേഹത്തെ ചികില്‍സിച്ചിരുന്നത്. ഏറ്റവും മികച്ച ഡോക്ടര്‍മാരുടെ ഒരു സംഘം ചികില്‍സിക്കുമ്പോഴും ബര്‍ക്കാ ദത്തിന്റെ അച്ഛന്റെ അവസാന വാക്കുകള്‍ “എനിക്ക് ശ്വാസം മുട്ടുന്നു… എന്നെ ചികിത്സിക്കൂ” എന്നായിരുന്നു ! ഇത് സാമാന്യ ബുദ്ധിയ്‌ക്ക് നിരക്കുന്നതാണോ ? അതുപോലെ അവരുടെ അച്ഛനെ കിടത്തിയിരുന്ന ഐ‌സി‌യുവിലേക്ക് ഈ അവസാന വാക്കുകള്‍ കേള്‍ക്കാന്‍ അവരെ എങ്ങനെ കടത്തിവിട്ടു എന്ന കാര്യം ബര്‍ക്കാ ദത്തിന് മാത്രമേ പറയാന്‍ കഴിയൂ.

സ്വന്തം അച്ഛന്റെ മരണത്തെ പോലും കുപ്രചരണത്തിനായി തിരിമറി ചെയ്യാന്‍ കഴിയുന്ന മാധ്യമ കഴുകന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ബര്‍ക്കാ ദത്ത്. ശ്രീമതി ബര്‍ക്കാ ദത്ത്, നിങ്ങളുടെ അച്ഛന്‍ മേദാന്ത എന്ന ഏറ്റവും മികച്ച ഒരു ആശുപത്രിയിലെ ഏറ്റവും മികച്ച ഡോക്ടര്‍മാരുടെ ചികില്‍സയിലായിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍ “എനിക്ക് ശ്വാസം മുട്ടുന്നു… എന്നെ ചികിത്സിക്കൂ” എന്നായിരുന്നു. എങ്കില്‍ പിന്നെ അദ്ദേഹത്തെ ആര് ചികില്‍സിക്കണമായിരുന്നു ? അപ്പോള്‍ ഒരു ആശുപത്രി ബെഡ്ഡ് പോലും കിട്ടാതെ കഷ്ടപ്പെട്ടവരുടെ കാര്യം എന്തുപറയുന്നു ?

കോവിഡ്-19 പോസിറ്റീവ് കേസുകളുടെ ക്രമാതീതമായ ഉയര്‍ച്ച ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. ആ വേലിയേറ്റത്തില്‍ ആരോഗ്യ രക്ഷാ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും അപര്യാപ്തമായി. ഒരു രോഗിയെ സംബന്ധിച്ചിടത്തോളം ഒരു ആശുപത്രി കിടക്ക കിട്ടുന്നത് തന്നെ ഈ സമയത്ത് ഒരു യുദ്ധമാണ്. എന്നാല്‍ പരമാവധി രോഗികളെ മരണത്തിന്റെ വായില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ ഇന്ത്യയുടെ ആരോഗ്യ സംവിധാനങ്ങള്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിയ്‌ക്കുകയാണ്. മാധ്യമങ്ങളുടെ ജോലി ക്രിയാത്മക വിമര്‍ശനം ഉയര്‍ത്തുകയാണ്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ രോഗ ബാധിതരല്ലാത്തവരുടെ ഇടയില്‍ പോലും ആശങ്കയും ഭയവും നിറയ്‌ക്കുന്നതില്‍ വ്യാപൃതരായിരിയ്‌ക്കുകയാണ് മാധ്യമങ്ങള്‍. 

മനീഷ ഇനാംദാര്‍ 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക