കൊച്ചി: കേരളത്തില്‍ കോവിഡ് ചികിത്സയുടെ പേരില്‍ സ്വകാര്യ ആശുപത്രികള്‍ നടത്തുന്ന കൊള്ള വ്യാപകമാവുന്നു. യഥാര്‍ത്ഥ ചികിത്സാ ചെലവിനേക്കാള്‍ നൂറ് ഇരട്ടി ഫീസാണ് പലപ്പോഴും ഈടാക്കുന്നതെന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പരാതി ഉയരുന്നു.
ജാസ്മി എന്ന 50 കാരിയില്‍ നിന്നും 5,10,189 രൂപയാണ് കോവിഡ് ചികിത്സയുടെ പേരില്‍ ഈടാക്കിയത്. ഡോക്ടര്‍ ഓരോ തവണ പരിശോധിക്കാനെത്തുമ്പോഴും 2,000 രൂപയാണ് ഫീസ് ഈടാക്കിയത്. രോഗി ഉപയോഗിച്ച പിപിഇ കിറ്റിന് ഓരോ ദിവസവും ഓരോ ഫീസാണ് ഈടാക്കിയതെന്നും പറയുന്നു. കൊല്ലം മെഡിട്രീന എന്ന സ്വകാര്യ ആശുപത്രിയാണ് 5,10,189 രൂപയുടെ കൊള്ളബില്‍ നല്‍കിയത്. അതേ സമയം ആശുപത്രി അധികൃതര്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ രോഗിയും സമാനമായ പരാതി ഉന്നയിച്ചു. ഇയാള്‍ക്ക് ഒരു ലക്ഷത്തിലധികം രൂപയുടെ ബില്ലാണ് ആശുപത്രി നല്‍കിയത്. ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ മറ്റൊരു രോഗിയില്‍ നിന്നും അഞ്ച് ദിവസത്തെ പിപിഇ കിറ്റിന് മാത്രം ഫീസായി വാങ്ങിയത് 37,350 രൂപയാണ്. അതേ സമയം ആശുപത്രി അധികൃതര്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. പിപിഇ കിറ്റിന്റെ സാധാരണ വിപണിനിരക്ക് 250 രൂപ മുതല്‍ 300 രൂപ വരെയാണ്. പലപ്പോഴും കോവിഡ് രോഗിക്ക് എത്ര തവണ പിപിഇ കിറ്റ് മാറ്റി നല്കുന്ന എന്ന കാര്യം അറിയിക്കാതെ അവസാനബില്ലില് ഇതിന്റെ പേരില്‍ വലിയൊരു തുക എഴുതി നല്‍കുകയാണ് സ്വകാര്യ ആശുപത്രികള്‍ ചെയ്യുന്നതെന്നാണ് പരാതി.
കോവിഡ് ചികിത്സയുടെ പേരില്‍ സ്വകാര്യ ആശുപത്രികള്‍ നടത്തുന്ന കഴുത്തറുപ്പന്‍ ഫീസിനെക്കുറിച്ച് ചില മാധ്യമങ്ങള്‍ നല്കിയ വാര്‍ത്തയെ തുടര്‍ന്ന് ഹൈക്കോടതി നേരിച്ച് പ്രശ്നത്തില്‍ ഇടപെട്ടു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രന് എറണാകുളം ജില്ല കളക്ടര്‍ക്ക് നിര്‍ദേശം നല്കി. ഹൈക്കോടതി ഇടപെടലിന് പിന്നാലെ ഡിഎംഒയോട് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച ഇത് സംബന്ധിച്ച് ഹൈക്കോടതി വാദം കേള്‍ക്കും.
മാസങ്ങള്‍ക്ക് കോവിഡ് ഒന്നാം തരംഗകാലത്ത് കോവിഡ് ചികിത്സയുടെ പേരില്‍ സ്വകാര്യം ആശുപത്രികള്‍ നടത്തുന്ന ചൂഷണത്തിനെതിരെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളെജിലെ ഫോറന്‍സിക് സര്‍ജനായ ഡോ. ഹിതേഷ് ശങ്കര്‍ പ്രതികരിച്ചിരുന്നു. പാവപ്പെട്ട ഒരു കോവിഡ് രോഗിക്ക് ഐസൊലേഷന്‍ ആന്‍ഡ് ഹോസ്പിറ്റല്‍ ഇന്ഫെക്ഷന് കണ്ട്രോള് എന്ന പേരില്‍ നല്കിയ ബില്ല് 18,000 രൂപയായിരുന്നു എന്ന് ഹിതേഷ് ശങ്കര്‍ അന്നേ ഫേസ് ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് അന്ന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: