കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം അക്രമങ്ങള്‍ നടന്ന സംസ്ഥാനത്തെ ഇടങ്ങള്‍ സന്ദര്‍ശിക്കുമെന്ന് ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദിത്തം കാണിക്കാത്ത തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. വിശ്വാസ്യത പുനഃസ്ഥാപിക്കണമെന്നും ജനാധിപത്യ സംവിധാനം കളങ്കപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിര്‍ദേശം നല്‍കിയിട്ടും അക്രമങ്ങള്‍ നടന്ന പ്രദേശങ്ങളിലെ തത് സ്ഥിതി റിപ്പോര്‍ട്ട് നല്കാത്തതിനും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ അറിയിക്കാത്തതിനും പൊലീസിനെയും ജഗ്ദീപ് ധന്‍കര്‍ കുറ്റപ്പെടുത്തി.
‘സംസ്ഥാനത്തിന് പ്രതികരണമില്ല. എന്നെക്കാള്‍ നന്നായി മാറ്റാര്‍ക്കും ഒന്നുമറിയില്ല. എന്തെങ്കിലും ഉത്തരവാദിത്തമോ, ചുമതലയോ ഞാന്‍ കണ്ടില്ല. അക്രമങ്ങള്‍ നടന്ന സ്ഥലങ്ങളിലെ നില സംബന്ധിച്ച് റിപ്പോര്‍ട്ട് വേണമെന്ന് ഡിജിപിക്കും കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ക്കും മെയ് മൂന്നിന് ഞാന്‍ നിര്‍ദേശം നല്കി. ഇപ്പോഴത്തെ അവസ്ഥയും സ്വീകരിച്ച നടപടികളും, വരും ദിവസങ്ങളിലെ നടപടികള്‍ എന്നീ രണ്ടു കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്കാന് ഞാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെ വിളിപ്പിച്ചു. ഒരു റിപ്പോര്‍ട്ടും മുന്നിലെത്തിയില്ല.’ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ അക്രമങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്കാന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയോഗിച്ച നാലംഗ സംഘം രാജ്ഭവനിലെത്തി ഗവര്‍ണറോട് വിശദാംശങ്ങള്‍ തേടിയിരുന്നു. ബംഗാളിലെ ക്രമസമാധാന നിലയെക്കുറിച്ച് റിപ്പോര്‍ട്ട് നല്കാന് ആഭ്യന്തരമന്ത്രാലയും ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: