നമ്മുടെ ഗ്രഹണ ശേഷി, നിസാരമായ വിവേചന സ്വഭാവത്തിനപ്പുറത്തേക്ക് പ്രവര്‍ത്തിക്കുന്ന ശാന്തമായ സ്ഥിതിയാണ് സമാധി. ഭൗതീകശരീരത്തില്‍ നിന്ന് സമാധിയിലൂടെ ഒരു വിടുതല്‍ ഉണ്ടാവുന്നു. ശരീരവും നിങ്ങളും തമ്മില്‍ ‘അകലം’ ഉണ്ടാവുന്നു എന്ന് അര്‍ഥം.
സമാധിയെ പലതായി തരംതിരിച്ചിട്ടുണ്ടെങ്കിലും, മനസ്സിലാക്കാന്‍ എളുപ്പത്തിന് എട്ടായി വര്‍ഗ്ഗീകരിക്കുന്നു. ഇവയില്‍ സന്തോഷം, പരമാനന്ദം, ഹര്‍ഷോന്മാദം, എന്നിങ്ങനെ സ്വഭാവമോ ഗുണങ്ങളോ ഉള്ളവയെ സവികല്പ സമാധിയെന്നും സന്തോഷദുഖങ്ങള്‍ക്ക് അപ്പുറമുള്ളവയെ നിര്‍വികല്പ സമാധിയെന്നും തിരിക്കാം.
ഒരു പ്രത്യേക സമാധി അവസ്ഥ അനുഭവിക്കാനാന്‍ കഴിഞ്ഞാലും നിങ്ങള്‍ പ്രപഞ്ചത്തില്‍ നിന്നും മോചിതനാവുന്നില്ല. അനുഭവത്തിന്റെ മറ്റൊരു തലം മാത്രമാണത്. ഇതെങ്ങനെയെന്ന് നോക്കാം: കുഞ്ഞായിരുന്നപ്പോഴുള്ള അനുഭവതലമല്ല നിങ്ങള്‍ മുതിര്‍ന്നപ്പോള്‍ ഉണ്ടാവുന്നത്. സമാധികളും ഇതുപോലെയാണ്. അനുഭവങ്ങളുടെ ഒരു തലത്തില്‍ നിന്നും നിങ്ങള്‍ മറ്റൊന്നിലേക്ക് മാറുന്നു. മഹത്വമാര്‍ന്നതും, ആഴമേറിയതുമാണെങ്കിലും അത് അനുഭവങ്ങളുടെ മറ്റൊരു തലം മാത്രമാണത്.
തീര്‍ച്ചയായും സമാധിക്ക് അതിന്റേതായ ഗുണങ്ങളുണ്ട്. ഒരു വ്യക്തിക്ക് വളരെയധികം ഉപകാരങ്ങള്‍ അതുകൊണ്ട് സിദ്ധിച്ചേക്കാം. എങ്കിലും അതിനൊന്നും ആത്മസാക്ഷാത്കാരത്തിന് അടുത്തെങ്ങും എത്തിക്കാനാവില്ല.
സമാധികളെല്ലാം ബാഹ്യ പാദാര്‍ത്ഥങ്ങളില്ലാതെ, ഉന്മാദത്തിലാവാനുള്ള മാര്‍ഗ്ഗങ്ങളാണെന്നേ പറയാനാവൂ. ഈ സ്ഥിതികളിലേക്ക് പോകുമ്പോള്‍, നിങ്ങളില്‍ പുതിയൊരു തലം തുറക്കുന്നുണ്ടെങ്കിലും, സ്ഥിരമായി നിങ്ങളിലത് നിലനില്‍ക്കുന്നില്ല. പുതിയൊരു വാസ്തവികതയില്‍ നിങ്ങള്‍ എത്തുന്നില്ല.
നിലവില്‍ നിങ്ങളുടെ അനുഭവങ്ങളെല്ലാം ആഴമേറിയതാണ്. ആഴത്തില്‍ അനുഭവിച്ചറിഞ്ഞ കാര്യങ്ങളൊന്നും മനസ്സില്‍നിന്നും മോചിതമായിട്ടില്ല. മറ്റൊരു യാഥാര്‍ത്ഥ്യത്തിലേക്ക് പോകുന്നതോടെ, മണിക്കൂറുകളോളം, ദിവസങ്ങളോളം, വര്‍ഷങ്ങളോളം നിങ്ങളവിടെ തുടര്‍ന്നേക്കാം. ഇപ്പോഴുള്ള വാസ്തവികതയുടെ ഉറപ്പ് അയഞ്ഞിരിക്കുന്നു. ‘ഇതല്ല’ എന്ന അനുഭവപരമായ യാഥാര്‍ത്ഥ്യത്തില്‍ നിങ്ങളെത്തിയിരിക്കുന്നു. ദീര്‍ഘനേരമുള്ള ധ്യാനത്തിന്റെ ഉദ്ദേശ്യമിതാണ്.
പക്ഷെ ഭൂരിഭാഗം ആത്മജ്ഞാനികളും സമാധിയുടെ ദീര്‍ഘമായ അവസ്ഥകളില്‍ പോയിട്ടേയില്ല.
ഉദാഹരണത്തിന് ഗൗതമന്‍ ഒരിക്കലും ഒരിടത്തിരുന്ന് 12 വര്‍ഷം ധ്യാനിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമികളായ ബുദ്ധസംന്യാസിമാരില്‍ പലരും ദീര്‍ഘകാലം ധ്യാനനിരതരായിട്ടുണ്ട്. അവര്‍ വര്‍ഷങ്ങളോളം പുറത്ത് വന്നിട്ടില്ല. എന്നാല്‍ ശ്രീബുദ്ധന്‍ സ്വയമിതൊന്നും ചെയ്തിട്ടില്ല. കാരണം, ഇതിന്റെയൊന്നും ആവശ്യമില്ലെന്ന് അദ്ദേഹം വാദിച്ചു. ആത്മസാക്ഷാത്ക്കാരത്തിന് മുമ്പേ എട്ട് തരത്തിലുള്ള സമാധികളോരോന്നും അദ്ദേഹം പരിശീലിച്ച് അനുഭവിച്ചിരുന്നെങ്കിലും, അവയെയെല്ലാമദ്ദേഹം തള്ളിക്കളഞ്ഞു. അദ്ദേഹം പറഞ്ഞു, ‘ഇതൊന്നുമല്ല.’ ഇതൊന്നും ആത്മസാക്ഷാത്ക്കാരത്തിന് അടുത്തെങ്ങുമെത്തിക്കില്ല. അനുഭവത്തിന്റെ ഉയര്‍ന്നൊരു തലത്തില്‍ എത്താമെന്നു മാത്രം. എങ്കിലും അത് ഇപ്പോള്‍ അനുഭവിക്കുന്ന വാസ്തവികതയെക്കാള്‍ കുറേക്കൂടി മനോഹരമാണ് .
ആത്മസാക്ഷാത്കാരം മാത്രമാണ് ജീവിത ലക്ഷ്യമെന്ന് ഉറപ്പിച്ചുകഴിഞ്ഞാല്‍, അതിനോട് ചേര്‍ത്തു നിര്‍ത്താത്തതെല്ലാം തന്നെ അര്‍ത്ഥമില്ലാതായി മാറും.
നിങ്ങള്‍ എവറസ്റ്റ് കൊടുമുടി കയറുകയാണെന്നിരിക്കട്ടെ, അതില്‍ നിന്ന് മാറി മറ്റൊരു വശത്തേക്ക് നിങ്ങള്‍ ഒരു ചുവട് പോലും വയ്‌ക്കില്ല.
കാരണം, ഊര്‍ജത്തിന്റെ എല്ലാ ഔണ്‍സും നിങ്ങള്‍ക്കാവശ്യമാണ്. ബോധതലത്തെ അതിവര്‍ത്തിക്കണമെങ്കില്‍, നിങ്ങളുടെ പക്കലുള്ള ഓരോ ഊര്‍ജശേഖരവും അത്യാവശ്യമാണ്. അതുകൊണ്ട് വഴിതിരിക്കാന്‍ സാധ്യതയുള്ള ഒന്നും നിങ്ങള്‍ പ്രവര്‍ത്തിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: