കൊച്ചി: മുസ്ലീം മതസമൂഹത്തിനിടയിലെ ജീവിതങ്ങള്‍ വരച്ചുകാട്ടിയ ‘ബിരിയാണി’ സിനിമയ്ക്ക് ദേശീയ അവാര്‍ഡില്‍ സ്പെഷ്യല്‍ മെന്‍ഷന്‍ ലഭിച്ചപ്പോള്‍ സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക് ആണെന്നുമുള്ള പ്രചരണം ഉണ്ടായതായി സംവിധായകന് സജിന്‍ ബാബു. എന്റെ ആദ്യത്തെ രണ്ട് സിനിമകള്‍ ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ആയിരുന്നു. ഞാന്‍ ക്രിസ്ത്യനാണെന്ന് പലരും കരുതിയിരുന്നു. എന്റെ പേരായിരുന്നു അതിന് കാരണം. ക്രിസ്ത്യാനിയായ ഒരാള്‍ മുസ്ലിം സമൂഹത്തെ അധിക്ഷേപിച്ചുവെന്ന് വിശ്വസിക്കുന്നുവരുണ്ട്. ഞാന്‍ ഹിന്ദുവാണെന്ന് കരുതി മുസ്ലിങ്ങളില്‍ ചിലര്‍ അവന് കാഫിറാണ് എന്ന് പ്രതികരിച്ചത് കണ്ടു.
ഞാന്‍ മുസ്ലിം സമുദായത്തില്‍ ജനിച്ചയാളാണ്. ഖദീജ നേരിട്ട പലതും സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നെടുത്തവയാണ്. ഞാന്‍ പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് സഹോദരിയുടെ വിവാഹം. അവര്‍ക്കന്ന് 16 വയസാണ് പ്രായം. അവരന്ന് പത്താം ക്ലാസിലാണ്. ഒന്നുമറിയാത്ത പ്രായം. എന്നാലാവും വിധം വിവാഹത്തെ എതിര്‍ക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ സാധിച്ചില്ല. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനകം അവള് ആത്മഹത്യശ്രമം നടത്തി. അന്ന് മുതലാണ് മതത്തോടുള്ള എന്റെ കാഴ്ചപ്പാട് മാറിത്തുടങ്ങുന്നത്.
മുസ്ലിം സമൂഹം ഇന്ന് നേരിടുന്ന പലതരം വെല്ലുവിളികളെ അവഗണിച്ചുകൊണ്ടല്ല ഞാനിതുപറയുന്നത്. എന്റെ അമ്മയടക്കം നേരിട്ട കാര്യങ്ങള്‍ അന്ന് മുതല്‍ എന്റെ മനസിലുണ്ടായിരുന്നു. മതസ്വത്വം വേണ്ടെന്ന തീരുമാനത്തിലാണ് പേരടക്കം മാറിയത്. ഇന്ന് ഒരു മതവിശ്വാസത്തിന്റെയും ഭാഗമല്ല. മതസ്വത്വമില്ലാത്ത മനുഷ്യനായി ജീവിക്കാനാണ് ശ്രമിക്കുന്നത്.
യാഥാസ്ഥിതിക മുസ്ലിങ്ങളോ സിനിമ ഇഷ്ടപ്പെടാത്ത ചെറുവിഭാഗമോ ആണ് മറ്റുതരത്തിലുള്ള ആരോപണം ഉന്നയിച്ചത്. സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്ന കാര്യമാണെന്നും തിരുവനന്തപുരത്തെ ജമാഅത്തിലടക്കം ഇപ്പോഴും നടക്കുന്നുണ്ടെന്നും അദേഹം ഫസ്റ്റ് പോസ്റ്റിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: