തിരുവനന്തപുരം: ആംബുലന്‍സുകളോ പകരം ഉപയോഗിക്കാന്‍ തക്കവണ്ണമുള്ള വാഹനങ്ങളോ തദ്ദേശ സ്ഥാപനങ്ങള്‍ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിലേക്ക് തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ ലഭ്യമാകാവുന്ന വാഹനങ്ങളുടെ പട്ടിക തയാറാക്കി ഏതു നിമിഷവും ഉപയോഗിക്കാന്‍ തക്കമുള്ളതാക്കണം. മൃതദേഹം മറവു ചെയ്യാന്‍ ആവശ്യമായ മുന്‍കരുതലുകളും എല്ലാ സഹായങ്ങളും തദ്ദേശ സ്ഥാപനങ്ങള്‍ ചെയ്യണം. വാര്‍ഡ്തല സമിതികള്‍ കാര്യക്ഷമമാക്കണമെന്നും ഇല്ലാത്തിടങ്ങളില്‍ രൂപീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തദ്ദേശ സ്ഥാപന പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ അവയുടെ പരിധിയില്‍ കൊവിഡ് ചികിത്സയ്ക്ക് അനുയോജ്യമായ കെട്ടിടങ്ങള്‍ തയാറാക്കണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ ആരംഭിക്കണം. കണ്ട്രോള് റൂമില്‍ കൊവിഡ് ചികിത്സ ലഭ്യമാകുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ടാകണം. ഇതിന്റെ ഭാഗമായി ഒരു മെഡിക്കല്‍ സംഘത്തെയും നിയോഗിക്കണം.
തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ മെഡിക്കല്‍, പാരാ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദഗ്ധരുമുണ്ടെങ്കില് അവരെക്കൂടി ഉള്‍പ്പെടുത്തി സന്നദ്ധ പ്രവര്‍ത്തകരുടെ പട്ടിക തയാറാക്കി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തണം. വാര്‍ഡുതല സമിതികള്‍ പ്രവര്‍ത്തന സജ്ജമാക്കി മെമ്പര്‍മാര്‍ സമിതിക്ക് നേതൃത്വം നല്‍കണം. പ്രാദേശിക തലത്തില്‍ വാട്സ്ആപ്പ് ഗ്രൂപ്പ് തയാറാക്കി രോഗികളുടെ വിവരങ്ങള്‍ കൈമാറണം. പള്‍സ് ഓക്സീമീറ്റര്‍ അഞ്ചെണ്ണമെങ്കിലും വാര്‍ഡുതല സമിതിയുടെ കൈയിലുണ്ടാകണം.
ക്വാറന്റൈന് ലംഘിച്ച് പുറത്തിറങ്ങുന്നവരെ റസി. അസോസിയേഷനുകളുടെ സഹായത്തോടെ കണ്ടെത്തി തടയണം. ഇതിന് പോലീസിന്റെ സഹായം ഉപയോഗിക്കാം. സംസ്ഥാനത്ത് ഒരിടത്തും ഒരാള്‍ക്കും ഭക്ഷണമോ ചികിത്സയോ ലഭിക്കാത്ത അവസ്ഥയുണ്ടാകരുത്. പട്ടിണിയാകാന്‍ സാധ്യതയുള്ള കുടുംബങ്ങളുടെ പട്ടിക വാര്‍ഡുതലത്തില്‍ തയാറാക്കണം. ഭിന്നശേഷിക്കാരുടെ വീടുകളില്‍ ഭക്ഷണസാധനമെത്തിക്കണം. യാചകര്‍ക്കും തെരുവില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം നല്‍കണം.
വയോജനങ്ങളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്‍, ആരോഗ്യ സമിതി ചെയര്മാന്, തദ്ദേശ സ്ഥാപന സെക്രട്ടറി, നോഡല്‍ ഓഫീസര്‍, സെക്ട്രല്‍ മജിസട്രേറ്റ്, എസ്എച്ച്ഒ, മെഡിക്കല്‍ ഓഫീസര്‍ എന്നിവരെ ഉള്‍പ്പെടുത്തി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ യെന്നു പരിശോധിക്കാന്‍ കോര്‍ ടീം തയാറാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
അനാവശ്യ ഭീതിപരത്തുന്ന സന്ദേശങ്ങള്‍ അയയ്ക്കുന്നവരെയും തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നവരുടേയും വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് സമിതി കൈമാറണം. വാര്‍ഡുതല സമിതികളിലെ പ്രവര്‍ത്തകര്‍ക്കു വാക്സിനേഷനില്‍ മുന്‍ഗണന നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: