കൊച്ചി: ലോക്ക്ഡൗണ്‍ ആരംഭിച്ച സാഹചര്യത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് ഭക്ഷ്യ കിറ്റുകളുടെ വിതരണം ഉടന്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനം. ജില്ലാ തല മോണിറ്ററിങ് കമ്മിറ്റിയുടെ യോഗം ഓണ്‍ലൈനായി ചേര്‍ന്നു. ഭക്ഷണ കിറ്റുകളുടെ വാര്‍ഡ്തല വിതരണം, പ്രചരണം, വോളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കല്‍ തുടങ്ങിയവ യോഗം വിലയിരുത്തി.
എറണാകുളം ജില്ലയ്ക്കായി 5000 ഭക്ഷ്യ കിറ്റുകളാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്. സപ്ലൈകോയാണ് കിറ്റുകള്‍ തയാറാക്കുന്നത്. രണ്ടാഴ്ചത്തേക്കാവശ്യമായ ഭക്ഷ്യസാധനങ്ങളാണ് കിറ്റിലുണ്ടാകുക. അരി, കടല, ആട്ട, ഉപ്പ്, സണ്‍ ഫ്ളവര്‍ ഓയില്‍, പരിപ്പ്, സവാള, ഉരുളക്കിഴങ്ങ്, മുളകുപൊടി, അഞ്ച് മാസ്ക്കുകള്‍ എന്നിങ്ങനെ പത്ത് ഇനങ്ങളാണ് കിറ്റിലുള്ളത്.
ജില്ലയിലെ 97 ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ ജില്ലാ ലേബര്‍ ഓഫീസര്‍, അസി. ലേബര്‍ ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. ഹെല്‍പ്പ് ലൈന്‍ നമ്പറുകളടങ്ങുന്ന പോസ്റ്ററുകള്‍ തൊഴിലാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നുണ്ട്. തൊഴിലാളികള്‍ക്കാവശ്യമായ മാസ്ക്, സാനിറ്റൈസര്‍ എന്നിവ ലഭ്യമാക്കണമെന്നും രോഗലക്ഷണമുള്ള തൊഴിലാളികള്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്നും തൊഴില്‍ ഉടമകള്‍ക്ക് നിര്‍ദേശം നല്കി. ജില്ലയില്‍ 29427 തൊഴിലാളികളുടെ വിവരങ്ങളാണ് ശേഖരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: