മക്കളേ,
പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതാണ് എന്ന കാഴ്ചപ്പാട് ആധുനിക കാലത്തിന്റെ സംഭാവനയാണെന്ന് പലരും കരുതുന്നുണ്ട്. ഈ ധാരണ ശരിയല്ല. പരിസ്ഥിതി സംരക്ഷണം പുരാതനകാലം മുതല്ക്കുതന്നെ നമ്മുടെ സംസ്കാരത്തിന്റെ സുപ്രധാനഭാഗമായിരുന്നു. ഒരു വ്യത്യാസമുണ്ട്.
നമ്മുടെ പൂര്‍വ്വികര്‍ പ്രകൃതിയെ ഈശ്വരന്റെ പ്രതിരൂപമായി കണ്ട് സംരക്ഷിച്ചു. എന്നാല്‍ പ്രകൃതിയോടുള്ള അവരുടെ ആരാധനാഭാവത്തെ പ്രാകൃതമെന്ന് പറഞ്ഞ് ഇന്നുള്ളവര്‍ അതിനെ ഉപേക്ഷിക്കുകയാണുണ്ടായത്. പ്രകൃതിയോടുള്ള ആരാധനാമനോഭാവം ഇന്നത്തെ പരിസ്ഥിതിസംരക്ഷകരില്‍ കാണുന്നില്ല. പ്രകൃതിയുടെ താളലയം നഷ്ടമാകാനും പരിസ്ഥിതിപ്രശ്നം രൂക്ഷമാകാനും കാരണം മനുഷ്യന്റെ മനോഭാവത്തില്‍ വന്ന മാറ്റം തന്നെയാണ്.
സ്വന്തം സുഖസൗകര്യങ്ങള്‍ക്കും സ്വാര്‍ത്ഥലാഭങ്ങള്‍ക്കും മാത്രം പ്രാധാന്യം കൊടുത്ത് മറ്റു ജീവജാലങ്ങളെ അവഗണിക്കുകയും ചൂഷണംചെയ്യുകയും ചെയ്യുന്ന നിലപാടാണ് ഇന്നത്തെ മനുഷ്യര്‍ സ്വീകരിച്ചിരിക്കുന്നത്.
രണ്ടു കൊച്ചുകിളികള്‍ ഒരു കെട്ടിടത്തിന്റെ മുകളിലിരുന്ന് സംസാരിക്കുകയായിരുന്നു. ഒരു പക്ഷി ചോദിച്ചു, ”നിന്റെ കൂട് എവിടെയാണ്?” മറ്റേ കിളി പറഞ്ഞു, ”എനിക്ക് ഇനിയും കൂടും കുടുംബവും ആയിട്ടില്ല. വിശപ്പു തീരുവോളം കഴിക്കാനുള്ള പൂന്തേന്‍ പോലും കിട്ടാനില്ല. കുറച്ചുദിവസം മുമ്പ് ഞാന്‍ പൂന്തേന്‍ തേടിയിറങ്ങി. ഒരു വീടിനു മുമ്പില്‍ സുന്ദരമായ ഒരു പൂന്തോട്ടം കണ്ടു. ഞാന്‍ ആവേശത്തോടെ അങ്ങോട്ടു പറന്നുചെന്നു. അവിടെ എത്തിയപ്പോഴാണ് അത് കൃത്രിമമായ പൂന്തോട്ടമാണെന്ന് മനസ്സിലായത്. ചെടികളും പൂക്കളും പ്ലാസ്റ്റിക്ക് കൊണ്ട് നിര്‍മ്മിക്കപ്പെട്ടതായിരുന്നു. എനിക്ക് നിരാശയായി. പിന്നീട് മറ്റൊരിടത്ത് നല്ലൊരു ഉദ്യാനം കണ്ടു. പക്ഷെ, പൂന്തേന്‍ കുടിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്റെ കൊക്ക് മുറിഞ്ഞു. കാരണം ആ പൂക്കളെല്ലാം ഗ്ലാസ്സ്കൊണ്ടു ഉണ്ടാക്കിയതായിരുന്നു. വേറൊരു ദിവസം നല്ല ഭംഗിയുള്ള പൂക്കളുള്ള ഒരു ഉദ്യാനം കാണാനിടയായി. ഞാനവിടെ പറന്നുചെന്നു. അപ്പോഴാണ് തോട്ടക്കാരന് ആ പൂക്കളില്‍ കീടനാശിനി തളിക്കുന്നതു കണ്ടത്. ആ തോട്ടത്തില്‍നിന്ന് പൂന്തേന്‍ കുടിച്ചിരുന്നെങ്കില്‍ ഞാന്‍ ഒരുപക്ഷെ മരിച്ചുപോയേനെ. നിരാശയോടെ അവിടെനിന്ന് മടങ്ങി. പഴയകാലത്തെ അപേക്ഷിച്ച് ഇക്കാലത്ത് പുഷ്പങ്ങള്‍ തീരെ കുറവാണ്. ഉള്ളവയില്‍തന്നെ മിക്കതും രാസവസ്തുക്കള്‍ തളിച്ചതും. അപ്പോള്‍ എങ്ങനെയാണ് കൂടുകെട്ടി കുടുംബവുമായി താമസിക്കുക? കുഞ്ഞുങ്ങളുണ്ടായാല്‍ അവരെ എങ്ങനെ പോറ്റും?”
ഈ കദനകഥ കേട്ട് ആദ്യത്തെ കിളി പറഞ്ഞു, ”നീ പറഞ്ഞത് വളരെ ശരിയാണ്. ഞാന്‍ കുറെ ദിവസമായി ഒരു കൂടുകെട്ടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ വേണ്ടത്ര ചുള്ളിക്കമ്പുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. മരങ്ങളുടെ എണ്ണം ദിവസംതോറും കുറഞ്ഞുവരുകയാണ്. ഈ പോക്കു പോയാല്‍ നമുക്ക് പ്ലാസ്റ്റിക്കും ഇരുമ്പുംകൊണ്ട് കൂടു കെട്ടേണ്ടിവരുമെന്നാണ് തോന്നുന്നത്.”
ഇന്നു നമ്മുടെ സ്ഥിതിയും ഈ പക്ഷികളുടെ സ്ഥിതിയില്‍നിന്നും ഏറെ വ്യത്യസ്തമല്ല. കുട്ടികളുണ്ടായാല്‍ മാത്രം പോരാ, അവര്‍ക്ക് സുരക്ഷിതമായ ഭാവി ഉറപ്പുവരുത്താനും നമുക്കു കഴിയണം. കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷംകൊണ്ട് ലോകത്തിലെ വനഭൂമിയില്‍ നാല്പതു ശതമാനവും നശിപ്പിക്കപ്പെട്ടു. ഭൂമിയില്‍ ലഭ്യമായ ഇന്ധനത്തിന്റെയും ശുദ്ധജലത്തിന്റെയും അളവ് ദിവസംപ്രതി കുറഞ്ഞുവരുന്നു. ഇതിന്റെ ദോഷഫലം അനുഭവിക്കാന്‍ പോകുന്നത് നമ്മുടെ മക്കളും വരുംതലമുറകളുമാണ്.
ഇക്കാര്യത്തില്‍ ഇനിയും നമ്മള് അനാസ്ഥ കാണിച്ചാല്‍ ഭൂമിയിലെ മറ്റുജീവജാലങ്ങളുടെ മാത്രമല്ല മനുഷ്യരാശിയുടെ തന്നെ നിലനില്‍പ്പ് അപകടത്തിലാകും.
നമ്മള് നിരന്തരം പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയും ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിനെ സംരക്ഷിക്കാന്‍ കാര്യമായി ഒന്നും ചെയ്യുന്നുമില്ല. ഭൂമിയില്‍ ജീവന് നിലനില്ക്കണമെങ്കില് മനുഷ്യരാശി ഇല്ലാതാകണം എന്ന സ്ഥിതി വരാന്‍ നമ്മള് അനുവദിക്കരുത്. ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള സമയമാണിത്. മണ്ണും വെള്ളവും വായുവും വനവും വേണ്ടപോലെ സംരക്ഷിക്കാന്‍ നമ്മള് എല്ലാവരും മുന്നിട്ടിറങ്ങണം. അത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: