ബ്രസീലിയ: കോവിഡ് 19 വൈറസ് ചൈനയുടെ ജൈവായുധമാണെന്നും അത് ജൈവയുദ്ധത്തിനായി ചൈന പടച്ചുവിട്ടതാണെന്നും ബ്രസീലിന്റെ പ്രസിഡന്റ് ബൊല്‍സനാരോ.
ചൈനയുടെ ലാബില്‍ വികസിപ്പിച്ച കൊറോണ വൈറസ് പിന്നീട് സാമ്പത്തിക നേട്ടത്തിനുള്ള ജൈവയുദ്ധതന്ത്രത്തിന്റെ ഭാഗമായി ചൈന പരത്തിയതാകാമെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് ഒരു പുതിയ വൈറസാണ്. ഇത് ലാബില്‍ നിന്ന് വന്നതാണോ മൃഗസമ്പര്ക്കത്തില് നിന്നും വന്നതാണോ എന്ന് ആര്‍ക്കും അറിയില്ല. എന്നാല്‍ ഇത് ഒരു രാസിക, ബാക്ടീരിയാധിഷ്ഠത, റേഡിയോളജിയധിഷ്ഠിതമായ ഒരു യുദ്ധതന്ത്രത്തിന്റെ ഭാഗമാണെന്ന് സൈന്യത്തിനറിയാം. നമ്മള് പുതിയൊരു തരം യുദ്ധത്തെ നേരിടുകയാണ്. ഏത് രാജ്യത്തിന്റെ ജിഡിപിയാണ് ഇക്കാലയളവില്‍ ഏറ്റവുമധികം വര്‍ധിച്ചത്?’ – പരോക്ഷമായി ചൈനയ്ക്കെതിരെ വിരല്‍ ചൂണ്ടി ബൊല്‍സനാരോ പറഞ്ഞു.
മറ്റ് രാഷ്ട്രങ്ങള്‍ നെഗറ്റീവ് വളര്‍ച്ചയിലേക്ക് ഇടിഞ്ഞു തകര്‍ന്നപ്പോള്‍ ചൈനയുടെ ജിഡിപി 2.3 ശതമാനമാണ് വളര്‍ന്നത്. ഈ നില തുടര്‍ന്നാല്‍ 2026ല്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്ഘടനയെന്ന നിലയില്‍ ചൈന യുഎസിനെ പിന്തള്ളുമെന്നും വിന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഡേറ്റ സൂചിപ്പിക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ചൈനയുടെ സമ്പദ്ഘടനയുടെ ഒന്നാം സ്ഥാനത്തേക്കുള്ള ഈ മുന്നേറ്റം രണ്ട് വര്‍ഷം നേരത്തെയാകും.
2019 അവസാനത്തില്‍ ചൈനയിലെ വുഹാനിലാണ് ആദ്യമായി കൊറോണവൈറസ് അവതരിച്ചത്. ഇതോടെ ചൈന അവരുടെ സമ്പദ്ഘടനയുടെ പാതിയും കര്‍ശന നിയന്ത്രണങ്ങളോടെ അടച്ചിട്ടു. ഇതോടെ ചൈനയുടെ സമ്പദ്വളര്‍ച്ച 2020 ആദ്യപാദത്തില്‍ 6.8 ശതമാനമായി ചുരുങ്ങി. എന്നാല്‍ ഈ മഹാമാരിയെ പാശ്ചാത്യലോകത്തെ വമ്പന്‍ സമ്പദ്ഘടനയേക്കാള്‍ നേരത്തെ മെരുക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞതോടെയാണ് ചൈനയ്ക്ക് തിരിച്ചുവരാന്‍ കഴിഞ്ഞതെന്ന് ജെപി മോര്ഗന് പറയുന്നു.
മഹാമാരിയെ എങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടതെന്ന പാഠം പഠിക്കാന്‍ ആഗോളതലത്തില്‍തന്നെ ബ്രസീല്‍ നല്ലൊരു ഉദാഹരണമാണ്. സാമൂഹ്യ അകലം പാലിക്കല്‍, മുഖംമൂടി ധരിയ്ക്കല്‍, വാക്സിന് എന്നിവയെ എതിര്‍ത്ത പ്രസിഡന്റാണ് ബൊല്‍സനാരോ. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 2020ന് ശേഷം മൂന്ന് ആരോഗ്യമന്ത്രിമാരാണ് ബ്രസീലില്‍ മാറിമാറി വന്നത്.
ബ്രസീലിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നിട്ടും കോവിഡ് വിതച്ച സര്‍വ്വനാശത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയെ തള്ളിപ്പറയാന്‍ തയ്യാറാവുകയാണ് ബൊല്‍സനാരോ. ഈയിടെ ബ്രസീലിലെ ധനകാര്യമന്ത്രി പൗലോ ഗ്യുഡെസും ചൈനയാണ് കൊറോണ വൈറസിനെ കണ്ടുപിടിച്ചതെന്ന് പരസ്യപ്രഖ്യാപനം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: