ഇടുക്കി: സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയായ ഇടുക്കിയിലെ ആരോഗ്യമേഖലയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി കൊവിഡ് രണ്ടാം വ്യാപനം. കാലങ്ങളായുള്ള, ജനങ്ങളുടെ നിലവാരമുള്ള ചികിത്സയെന്ന, ആവശ്യം മാറി മാറി വന്ന സര്‍ക്കാര്‍ അവഗണിച്ചതാണ് ഇത്തരത്തിലൊരു സ്ഥിതിയിലേക്ക് ഇടുക്കിയെ എത്തിച്ചത്.
രണ്ടാം തരംഗത്തിന്റെ ആദ്യഘട്ടം മുതല്‍ തന്നെ ആരോഗ്യമേഖല അപ്പാടെ പരാജയപ്പെടുന്ന സ്ഥിതിവിശേഷമാണ് ജില്ലയില്‍. നൂറ് കണക്കിന് ചെറു പട്ടണങ്ങളുള്ള ജില്ലയില്‍ പക്ഷേ ഇവിടങ്ങളിലൊന്നും അടിസ്ഥാന നിലവാരമുള്ള ആശുപത്രികളില്ല. തൊടുപുഴയൊഴിച്ചാല്‍ മറ്റിടങ്ങളിലൊന്നും പേരിനൊരു നല്ല ആശുപത്രി പോലുമില്ലെന്ന് പറയാം. മറ്റ് ജില്ലകളില്‍ നിന്ന് വിഭിന്നമായ ജനവാസം കുറവുള്ളതിനാല്‍ ഇവിടുത്തെ ആരോഗ്യ മേഖലയും ഇതിന് സമാനമായി പിന്നോട്ടാണ്.
സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ദിവസവും 5-10 പേര് വരെ മരിക്കുന്ന സാഹചര്യമാണ് ജില്ലയിലുള്ളത്. ഇടുക്കിയിലാകെ ഐസിയു സംവിധാനമുള്ള ആശുപത്രികളുള്ളത് രണ്ടെണ്ണം മാത്രമാണ്. തൊടുപുഴ, ഇടുക്കി ജില്ലാ ആശുപത്രികളിലായി ആകെയുള്ളത് 100ല്‍ താഴെ ഐസിയു ബെഡ്ഡുകളും. ഇടുക്കി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജാക്കി 2014ല്‍ പ്രഖ്യാപനം വന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണം നടത്തുന്നതിലെ പാകപ്പിഴവ് മൂലം 2020ല്‍ അംഗീകാരം നഷ്ടമായി.
ജില്ലയിലാകെ, ഔദ്യോഗിക കണക്ക് പ്രകാരം, കൊവിഡ് രോഗികള്‍ക്ക് പ്രവേശനം നല്‍കിയിരിക്കുന്നത് 16 സ്ഥലങ്ങളിലാണ്. ഇതില്‍ രണ്ട് ജില്ലാ ആശുപത്രികള്‍ക്ക് പുറമേ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന ഏഴു കേന്ദ്രങ്ങള്‍ കൂടി വരും. അവശേഷിക്കുന്ന ഏഴ് ആശുപത്രികള്‍ സ്വകാര്യ മേഖലയിലാണ്. ഇതില്‍ 5 ആശുപത്രികളും തൊടുപുഴയിലാണ്. അവശേഷിക്കുന്നതില്‍ മൂന്നാറിലും ഒരെണ്ണം കട്ടപ്പനയിലുമാണ്.
ആയിരങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മൂന്നാര്‍ പീരുമേട് പോലുള്ള തോട്ടം മേഖലയിലുള്ളത് ഒന്നോ രണ്ടോ ആശുപത്രികള്‍ മാത്രമാണ്. ഇവിടങ്ങളില്‍ രോഗം പൊട്ടി പുറപ്പെട്ടാല്‍ വലിയ ദുരന്തം തന്നെയുണ്ടാകും. തമിഴ്നാടിനെയായിരുന്നു മുമ്പ് ഇവര്‍ പ്രധാനമായും ചികിത്സയ്ക്ക് ആശ്രയിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ അങ്ങോട്ട് പ്രവേശന വിലക്കുണ്ട്.
എന്നാല്‍ കൂടുതല്‍ ഐസിയു ബെഡ്ഡുകളും ഓക്സിജന്‍ ബെഡ്ഡുകളും ഒരുക്കാന്‍ ശ്രമം നടക്കുകയാണെന്നാണ് ജില്ലാ ഭരണകൂടം നല്കുന്ന വിശദീകരണം. ഇതിനായി സ്വകാര്യ ആശുപത്രികളിലെ പാതി ബെഡ്ഡുകള്‍ ഏറ്റെടുക്കാനും നീക്കം ആരംഭിച്ച് കഴിഞ്ഞു. ജില്ലയിലെ സ്വകാര്യ മേഖലയില്‍ ആകെ 52 ഐസിയു കിടക്കകളാണ് നിലവിലുള്ളത്. ഇടുക്കിയില്‍ നിലവില്‍ ഏതാണ്ട് 14000 പേര് ചികിത്സയിലുണ്ട്. ഇതില്‍ എണ്ണൂറിലധികം പേര് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവരുമാണ്. ജില്ലയിലാകെ ഓക്സിജന്‍ ലഭ്യമായ 200ല്‍ താഴെ ഐസിയു കിടക്കകള്‍ മാത്രമാണ് സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ളത്. ഇതിനൊപ്പം ഓക്സിജന്‍-മരുന്ന് ക്ഷാമവും രൂക്ഷമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: