കൊച്ചി: സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 1700 രൂപയില്‍ നിന്ന് 500 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ ഇല്ല. നിരക്ക് കുറച്ചതിനെതിരേ പത്തോളം ലാബുകളാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, മറ്റു സംസ്ഥാനങ്ങളില്‍ പരമാവധി 450 രൂപ വരെയെ ആര്‍ടിപിആറിന് ഈടാക്കുന്നുള്ളൂ എന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല, പരിശോധന കിറ്റിന്റെ അടക്കം വില കുറഞ്ഞത് മൂലം പരമാവധി 235 രൂപ വരെ ചെലവാകുന്ന പരിശോധനയ്ക്ക് 500 രൂപ ഈടാക്കുന്നതാണ് ഉചിതമെന്ന് കോടതി വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 1700 രൂപയില്‍ നിന്നും 500 രൂപയാക്കിയാണ് നിരക്ക് കുറച്ചത്. മന്ത്രിയുടെ പ്രഖ്യാപനത്തിനു ശേഷവും ആളുകളില്‍ നിന്നും ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
സര്‍ക്കാരില്‍ നിന്നും ഇതുവരെ ഉത്തരവ് ലഭിച്ചിട്ടില്ലെന്നും, ഉത്തരവ് പുറപ്പെടുവിക്കുംവരെ പഴയ നിരക്ക് ഈടാക്കുമെന്നുമാണ് സ്വകാര്യ ലാബുടമകള്‍ പ്രതികരിച്ചത്. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ അടിയന്തിരമായി ഉത്തരവ് പുറപ്പെടുവിച്ചത്. ഐ.സി.എം.ആര്. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം കണക്കിലെടുത്താണ് സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചത്. മുന്‍പും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇത് വീണ്ടും 1700 രൂപയാക്കുകയായിരുന്നു. ടെസ്റ്റ് കിറ്റ്, വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: