ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍. ശ്രീവത്സം ഗ്രൂപ്പില്‍നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തെന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആലപ്പുഴ സൗത്ത് പോലീസ് വ്യാഴാഴ്ച രാത്രി പാലക്കാട്ടെ വീട്ടിലെത്തിയാണ് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തത്.
സിനിമ നിര്‍മിക്കാമെന്ന് വാഗ്ദാനം ചെയ്ത് ആലപ്പുഴയിലെ ശ്രീവത്സം ഗ്രൂപ്പില്‍നിന്ന് ഒരു കോടി രൂപ ശ്രീകുമാര്‍ മേനോന്‍ കൈപ്പറ്റി. അതിനുശേഷം യാതൊരു നടപടികളും ഉണ്ടായില്ല. ഇതുമായി ബന്ധപ്പെട്ട് ശ്രീവത്സം ഗ്രൂപ്പ് അന്വേഷണം നടത്തിയപ്പോള്‍ ശ്രീകുമാര്‍ മേനോന്‍ ഒഴിഞ്ഞുമാറിയെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്.
കേസില്‍ ശ്രീകുമാര്‍ മേനോന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി ഹര്‍ജി തള്ളി. ഇതിനെ തുടര്‍ന്നാണ് ആലപ്പുഴ പോലീസ് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെ അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന.
സംവിധായകനെതിരെ ഇതിനു മുമ്പും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിന്റെ തിരക്കഥ ശ്രീകുമാര്‍ മേനോന്‍ സിനിമയാക്കുന്നത് തടയണമെന്നും തിരക്കഥ തിരിച്ചുതരണമെന്നും കാണിച്ച് കോടതിയെ സമീപിച്ചിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തിരക്കഥ സിനിമയാകുന്നില്ലെന്ന് കാണിച്ചാണ് എംടി പരാതി നല്‍കുന്നത്. പിന്നീട് കേസ് ഒത്തുതീര്‍പ്പിലെത്തി.
ഇത് കൂടാതെ നടി മഞ്ജു വാര്യര്‍ നല്‍കിയ പരാതിയില്‍ 2019 ഡിസംബര്‍ 5-ന് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചെന്നതുള്‍പ്പെടെയുളള മഞ്ജുവിന്റെ പരാതിയിലെ കാര്യങ്ങളില്‍ വസ്തുതയുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: