കാബൂള്‍: മുന്‍ ശക്തികേന്ദ്രമായിരുന്ന കാണ്ഡഹാറില്‍ മാസങ്ങള്‍നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ അണക്കെട്ട് പിടിച്ചെടുത്ത് താലിബാന്. ഇതു സംബന്ധിച്ച ഭീകരരുടെ അവകാശവാദം ബന്ധപ്പെട്ടവര്‍ ശരിവച്ചു. പ്രവിശ്യയുടെ തലസ്ഥാനത്തുള്ളവര്‍ കുടിവെള്ളത്തിനും കൃഷിക്കുള്ള ജലസേചനത്തിനുമായി ഉപയോഗിക്കുന്ന ദഹ്ല അണക്കെട്ട് താലിബാന്റെ നിയന്ത്രണത്തിലാണെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
അര്ഘന്ദാബിലുള്ള ദഹ്ല അണക്കെട്ട് പിടിച്ചെടുത്തതായി താലിബാന് വക്താവ് ഖരി യൂസഫ് അഹമ്മദിയും അവകാശപ്പെട്ടു. സമീപത്തെ ഹെല്‍മന്ദ് പ്രവിശ്യയില്‍ ഈ ആഴ്ച സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. യുഎസ് സേന അഫ്ഗാനിസ്ഥാനില്‍ അവശേഷിക്കുന്ന സൈനികരെ ഔദ്യോഗികമായി പിന്‍വലിച്ചു തുടങ്ങി ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ഇത്. തുടര്‍ന്നാണ് അണക്കെട്ട് താലിബാന് കയ്യടക്കിയത്.
ദഹ്ല ജീവനക്കാരോട് ജോലിക്ക് പോകരുതെന്ന് താലിബാന് അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി കാണ്ഡഹാര്‍ ജലവകുപ്പ് മേധാവി തൂര്യലെ മെഹ്ബൂബി പറയുന്നു. അണക്കെട്ടിനെ സമീപ ജില്ലകളുമായി ബന്ധിപ്പിക്കുന്ന പാലം കഴിഞ്ഞമാസം ഭീകരര്‍ തകര്‍ത്തിരുന്നു. കാണ്ഡഹാറിലെ ഏഴുജില്ലകളിലെ ജലേസേചനത്തിനായി ഏഴ് പതിറ്റാണ്ട് മുന്‍പ് യുഎസ് നിര്‍മിച്ചതാണ് ദഹ്ല അണക്കെട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: