സിഡ്നി: കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് ഓസ്ട്രേലിയയിലെ സിഡ്നിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കി. തുറന്നയിടങ്ങളിലും അടച്ചിട്ടയിടങ്ങളിലുമുളള ഒത്തുചേരലുകള്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കി. വര്‍ഷാവര്‍ഷമുളള മാതൃദിന ആഘോഷങ്ങള്‍ക്ക് ഒത്തുചേരാവുന്നവരുടെ എണ്ണം 20 ആയി പരിമിതപ്പെടുത്തി.
തിങ്കളാഴ്ച രാവിലെ വരെയാണ് നിയന്ത്രണങ്ങള്‍. ഒരു 50 വയസുകാരനില്‍ നിന്ന് കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം അയാളുടെ ഭാര്യയിലേക്ക് പകര്‍ന്നതോടെയാണ് അധികാരികള്‍ കര്‍ക്കശമായി കൊവിഡ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഓസ്ട്രേലിയയില്‍ ഏറ്റവുമധികം ആളുകള്‍ താമസിക്കുന്ന മെട്രോപൊളിറ്റന്‍ നഗരമാണ് സിഡ്നി. 53 ലക്ഷം താമസക്കാര്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. സിഡ്നിക്ക് തൊട്ടടുത്ത പ്രദേശങ്ങളിലും ഈ നിയന്ത്രണങ്ങളുണ്ട്.
ഏകദേശം ഒരു മാസം മുന്‍പ് പുറമേയുളളവരുമായി കാര്യമായ സമ്പര്‍ക്കമില്ലാത്ത ഒരാളില്‍ ഇന്ത്യന്‍ വകഭേഗമായ കൊവിഡ് രോഗാണുവിനെ കണ്ടെത്തിയതോടെയാണ് ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വകഭേദമുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രോഗം ആദ്യം പടര്‍ത്തിയയാളെ കണ്ടെത്താന്‍ ശ്രമമാരംഭിച്ചു. ആദ്യമായി രോഗം സ്ഥിരീകരിച്ചയാള്‍ക്ക് മറ്റ് രോഗികളെക്കാള്‍ കൂടുതല്‍ വൈറല്‍ ലോഡ് ഉണ്ടായതാണ് ഇന്ത്യന്‍ വകഭേദമാണെന്ന് കണ്ടെത്താന്‍ കാരണമായത്.
അതിവേഗം നടക്കുന്ന പരിശോധനയിലൂടെ രോഗബാധിതരെ കണ്ടെത്തി ക്വാറന്റൈനിലാക്കാനാണ് അധികൃതരുടെ ശ്രമം. ഓസ്ട്രേലിയയില്‍ 29,865 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 910 പേര് രോഗം ബാധിച്ച് മരണമടഞ്ഞു. ഇന്ത്യയിലെ രോഗവ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്നുമുളള വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ ഓസ്ട്രേലിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: