മുംബൈ: കോവിഡ് വാക്‌സിനായ കോവിഷീല്‍ഡിന്റെ ഉത്പാദകരായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(എസ്‌ഐഐ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍(സിഇഒ) അദാര്‍ പൂനെവാലയ്‌ക്കും കുടുംബാംഗങ്ങള്‍ക്കും ‘സെഡ് പ്ലസ്’ വിഭാഗത്തിലുള്ള സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി. അഭിഭാഷകനായ ദത്താ മനെയാണ് അപേക്ഷ നല്‍കിയത്. കോവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ഭീഷണികള്‍ ലഭിക്കുന്നുണ്ടെന്ന് അടുത്തിടെ അദാര്‍ പൂനെവാല പറഞ്ഞിരുന്നു.
ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൂനെ പൊലീസ് കമ്മിഷണര്‍ക്കും മഹാരാഷ്‌ട്ര പൊലീസ് ഡയറക്ടര്‍ ജനറലിനും നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. നിലവില്‍ ലണ്ടനിലുള്ള പൂനെവാലയ്‌ക്ക് കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ വൈ കാറ്റഗറി സുരക്ഷ അനുവദിച്ചിരുന്നു.
‘ഉടനടി കോവിഷീല്‍ഡ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിമാര്‍, വന്‍കിട ബിസിനസുകാര്‍ ഉള്‍പ്പെടെ ശക്തരായ ആളുകളില്‍നിന്ന് പൂനെവാലയ്‌ക്ക് ഭീഷണികള്‍ വരുന്നുണ്ടായിരുന്നു’വെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാനമാക്കിയാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: