പള്ളുരുത്തി: കൊവിഡ് വ്യാപനം രൂക്ഷമായ പടിഞ്ഞാറന്‍ കൊച്ചിയില്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണര്‍ ഐശ്വര്യ ഡോങ്റെയുടെ മിന്നല്‍ പരിശോധന. ഇന്നലെ രാവിലെ പത്തര മണിയോടെയാണ് ഡിസിപി പരിശോധനക്കായി എത്തിയത്.
ആദ്യം തോപ്പുംപടിയില്‍ എത്തിയ ഡിസിപി പരിശോധന നടത്തിയ ശേഷം മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി ഭാഗത്തേക്ക് പോയി. നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്കി. തുടര്‍ന്ന് ചെല്ലാനം ഹാര്‍ബറില്‍ എത്തിയ സ്ഥിതിഗതികള്‍ വിലയിരുത്തി. തീരദേശ മേഖലയായ ചെല്ലാനത്ത് അതീവ ജാഗ്രത പുലര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ഡിസിപി വ്യക്തമാക്കി.
ഒന്നാം തരംഗത്തില്‍ രൂക്ഷമായ കൊവിഡ് വ്യാപനം മൂലം പഞ്ചായത്ത് രണ്ട് മാസത്തോളം അടച്ചിടേണ്ടി വന്നിരുന്നു. ചെല്ലാനം ഹാര്‍ബറിന്റെ പ്രവര്‍ത്തനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം നടത്തുന്നതിന് കൂടുതല്‍ പോലീസിനെ ചുമതലപ്പെടുത്തുമെന്ന് ഡിസിപി പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായ പടിഞ്ഞാറന്‍ കൊച്ചിയില്‍ ജനങ്ങള്‍ക്ക് വേണ്ട ബോധവല്‍ക്കരണം നല്‍കും. നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ ആദ്യ ഘട്ടത്തില്‍ താക്കീതും പിന്നീട് പിഴയും ഈടാക്കും. കുറ്റം വീണ്ടും ആവര്‍ത്തിച്ചാല്‍ കേസെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഡിസിപി പറഞ്ഞു.
മട്ടാഞ്ചേരി അസി.കമ്മീഷണര്‍ ജി.ഡി വിജയകുമാറും ഒപ്പമുണ്ടായിരുന്നു. കുറച്ചു ദിവസങ്ങളായി പടിഞ്ഞാറന്‍ കൊച്ചിയില്‍ നൂറ് കണക്കിന് കൊവിഡ് കേസുകളാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച അഞ്ഞൂറ്റിയമ്പതോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കൊച്ചിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ പോലീസ് നിയന്ത്രണം ശക്തമാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: