എടത്വാ: പ്രതിഷേധം ശക്തമായിട്ടും എടത്വാ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് വീണ്ടും ബസ് കടത്തി. എംഡിയുടെ നിര്‍ദ്ദേശ പ്രകാരം എട്ട് ബസ്സുകള്‍ കടത്തിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം രണ്ട് ബസ്സുകള്‍ കൂടി കടത്തിയത്.
വെള്ളിയാഴ്ച മൂന്ന് ബസ്സുകള്‍ കൊണ്ടുപോകാനായി ജീവനക്കാര്‍ എത്തിയെങ്കിലും ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് എംഎല്‍എ ഓഫീസ് ഇടപെട്ടിരുന്നു. തോമസ് കെ. തോമസ് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ബസ് കൊണ്ടുപോകാനുള്ള ശ്രമം തടയുകയും, ഡിപ്പോയില്‍ നിന്ന് കൊണ്ടുപോയ ബസ് തിരികെ എത്തിക്കണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
മന്ത്രിയുടെ നിര്‍ദ്ദേശം ലംഘിച്ച് കഴിഞ്ഞ ദിവസം രണ്ട് ബസ്സുകള്‍ കൂടിയാണ് കടത്തിയത്. ഡിപ്പോയിലെ 18 ബസ്സുകളില്‍ പത്ത് ബസ്സുകള്‍ ഇതിനോടകം കൊണ്ടുപോയിട്ടുണ്ട്. റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകളും ഇതില്‍പെടുന്നു. കുട്ടനാട്ടിലെ ഏകഡിപ്പോയായ എടത്വാ ഡിപ്പോയില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ മാത്രമാണ് പൊതുഗതാഗതത്തിന് യാത്രക്കാര്‍ ഉപയോഗിക്കുന്നത്. ജില്ലയില്‍ കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ സാമ്പത്തിക ലാഭം കിട്ടുന്ന റൂട്ടില്‍ ബസ്സുകള്‍ കൂട്ടത്തോടെ കൊണ്ടുപോകുമ്പോള്‍ കടുത്ത ഗതാഗത ദുരിതവും, കനത്ത സാമ്പത്തിക നഷ്ടവും നേരിടേണ്ടിവരും.
ശബരിമല, എടത്വാപള്ളി, നിരണംപള്ളി, ചക്കുളത്തുകാവ് ക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തിരുവല്ല ശ്രീവല്ലഭക്ഷേത്രം തുടങ്ങി നിരവധി ആരാധനാലയങ്ങളില്‍ എത്തുന്ന തീര്‍ത്ഥാടകരും, എടത്വാ സെന്റ് അലോഷ്യസ് കോളേജ് ഉള്‍പ്പെടെ നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ എത്തുന്ന വിദ്യാര്‍ഥികളും ഏറെ ആശ്രയിച്ചിരുന്ന റൂട്ടിലെ ബസ്സുകളാണ് ഇതിനോടകം ഇല്ലാതായത്.
ഡിപ്പോയില്‍ നിന്ന് കൊണ്ടുപോയ ബസ്സുകള്‍ തിരികെ എത്തിക്കണമെന്ന് ജനകീയസമതി ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: