അമ്പലപ്പുഴ: പോലീസ് സ്റ്റേഷന് തൊട്ടരികിലെ സ്ഥാപനത്തില്‍ മോഷണം. വെള്ളിയാഭരണങ്ങള്‍ നഷ്ടപ്പെട്ടു. ദേശീയപാതയില്‍ ഇരട്ടക്കുളങ്ങര ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഗണേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള രാമനാചാരി ജുവലറി വര്‍ക്സിലാണ് മോഷണം നടന്നത്.
കടയുടെ മുന്‍ വാതില്‍ കുത്തിത്തുറന്ന് അകത്ത് ട്രേകളില്‍ സൂക്ഷിച്ചിരുന്ന വെള്ളിയാഭരണങ്ങളും ഗോള്‍ഡ് കവറിങ് ആഭരണങ്ങളും കവര്‍ന്നു. ഏകദേശം എഴുപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന സഹോദരന് കണ്ണന്റെ ഉടമസ്ഥതയിലുള്ള അഞ്ജന ജൂവലറിയില്‍ മോഷണ ശ്രമവും നടന്നു.
ഇവിടെ മുന്‍വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനാല്‍ അകത്തു കടക്കാന്‍ കഴിഞ്ഞില്ല. വെള്ളിയാഭരണങ്ങളും ഗോള്‍ഡ് കവറിങുകളും സൂക്ഷിച്ചിരുന്ന ട്രേകള്‍ ഇരട്ടക്കുളങ്ങര ക്ഷേത്രക്കുളത്തില്‍ ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. കടകളുടെ മുന്നിലുണ്ടായിരുന്ന ട്യൂബ് ലൈറ്റുകളും നഷ്ടപ്പെട്ടിട്ടുണ്ട്. അമ്പലപ്പുഴ പോലീസും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ മോഷണം നടന്നതോടെ വ്യാപാരികള്‍ ആശങ്കയിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: