കൊല്ലം: കുണ്ടറ മണ്ഡലത്തില്‍ വോട്ടു മറിച്ചെന്ന ആരോപണവുമായി ഇടത് സ്ഥാനാര്‍ഥിയും മന്ത്രിയുമായിരുന്ന ജെ. മേഴ്സികുട്ടിയമ്മ രംഗത്തെത്തി. മണ്ഡലത്തില്‍ ബിജെപി ഹോള്‍സെയിലായി യുഡിഎഫിന് വോട്ട് മറിച്ചതാണ് തന്റെ പരാജയത്തിന് കാരണമെന്ന് മേഴ്സിക്കുട്ടിയമ്മ ആരോപിച്ചു.
തീരദേശ മേഖലകളിലെ എല്‍ഡിഎഫ് വിജയം തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മത്സ്യതൊഴിലാളികള്‍ നല്കിയ മറുപടിയാണ്. സ്ഥാപിത താല്പര്യക്കാരുടെ ഏകോപനം വ്യക്തിപരമായി തനിക്കെതിരെ ഉണ്ടായെന്നും മെഴ്സികുട്ടിയമ്മ പറഞ്ഞു. ജില്ല കണ്ട ഏറ്റവും വലിയ അട്ടിമറിയാണു കുണ്ടറയില്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നേരിട്ടത്. ഇതേതുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ വിവാദങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്. ആറാം തവണയും ജനവിധി തേടിയ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ മേഴ്സിക്കുട്ടിയമ്മയ്ക്ക് ഇതു മൂന്നാമത്തെ തോല്‍വിയാണ് നേരിടേണ്ടി വന്നത്. 2001ന് ശേഷം കുണ്ടറയില്‍ ഇതാദ്യമായാണ് യുഡിഎഫ് വിജയിക്കുന്നത്.
ധാരണ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍: ബി.ബി. ഗോപകുമാര്‍
ചാത്തന്നൂരിലടക്കം എല്‍ഡിഎഫ് യുഡിഎഫുമായി ചങ്ങാത്തത്തിലായിരുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍. ജില്ലയില്‍ പലയിടത്തും ഇരുകൂട്ടരും ധാരണയിലായിരുന്നു. അഴിമതി ആരോപണങ്ങളില്‍ കുടുങ്ങി തെരഞ്ഞെടുപ്പില്‍ തോറ്റതിന് മേഴ്സിക്കുട്ടിയമ്മ ദുരാരോപണങ്ങള്‍ ഉന്നയിച്ച് പുകമറ സൃഷ്ടിക്കുകയാണ്. ആക്ഷേപങ്ങളുന്നയിക്കും മുമ്പ് അവര്‍ സ്വയം കണ്ണാടി നോക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: