കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തീര്‍ച്ചയായും കരുത്ത് പകരുന്നതാണ്. പക്ഷെ, സൂക്ഷ്മമായ വിശകലനത്തില്‍ ഈ വിജയം സംഭാവന ചെയ്തത് ന്യൂനപക്ഷ മത വികാരത്തിന് അടിമപ്പെട്ട വോട്ടര്‍മാരാണ് എന്ന് കാണാം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി വോട്ടര്‍മാര്‍ എന്തുകൊണ്ട് ഇടതുപക്ഷ മുന്നണിക്ക് വോട്ട് ചെയ്യണം എന്ന് ഒരു പണ്ഡിതനും വിശദീകരിച്ചിരുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്തും പിണറായി വിജയന് തന്നെയായിരുന്നു കേരള മുഖ്യമന്ത്രി. ആ കാലയളവില്‍ (2018) രാജസ്ഥാന്, മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ വിജയത്തിന് ശേഷമാണ് ലോക്സഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. വീണ്ടും സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭരണം വരുമെന്ന് സ്വപ്നം കണ്ട ക്രൈസ്തവ- മുസ്ലിം ന്യൂനപക്ഷങ്ങളിലെ വര്‍ഗ്ഗീയ വികാരത്തിന് അടിമപ്പെട്ടവര്‍ കൂട്ടത്തോടെ യുഡിഎഫിന് വോട്ടുചെയ്യുകയാണ് ഉണ്ടായത്. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് എല്‍ഡിഎഫിന് അനുകൂലമായി പ്രകടമാക്കുകയാണ് ചെയ്തത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം, ബോധപൂര്‍വം തന്നെ ന്യൂനപക്ഷ വര്‍ഗ്ഗീയതയെ താലോലിക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. മദ്രസ അധ്യാപര്‍ക്കുള്ള ശമ്പളം സര്‍ക്കാര്‍, സാമൂഹ്യക്ഷേമ വകുപ്പ് വഴി കൊടുക്കുക, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ കൂട്ടത്തോടെ നികത്തിക്കൊടുക്കുക, അവര്‍ കൈവശപ്പെടുത്തിയ സര്‍ക്കാര്‍ ഭൂമി പോലും ഒഴുപ്പിക്കാതിരിക്കാന്‍ നടപടിയെടുക്കുക തുടങ്ങിയ പ്രീണന നടപടികള്‍ പിണറായി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരുന്നു. അതോടൊപ്പം രാജ്യദ്രോഹത്തിന്റെ വക്കിലെത്തുന്ന പ്രചാരണത്തെ വരെ ഹിന്ദു വിരോധത്തിന്റെ പേരില്‍ പ്രോത്സാഹിപ്പിക്കാനും തയ്യാറായി. അങ്ങനെ തങ്ങളുടെ രക്ഷകനാണ് പിണറായി വിജയന് എന്ന തോന്നല്‍ അവര്‍ക്കിടയില്‍ ബോധപൂര്‍വ്വം ഉണ്ടാക്കിയെടുത്തു.
അതേസമയം ക്രൈസ്തവരുടെ മുസ്ലിം ലീഗ് വിരോധവും യുഡിഎഫിന് എതിരായി തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ മുസ്ലിം ലീഗിന്റെ കോട്ടകളില്‍ ഉണ്ടായിട്ടുള്ള വോട്ട് ചോര്‍ച്ച ശ്രദ്ധിക്കേണ്ടതാണ്. കുടിയേറ്റക്കാരായ ക്രൈസ്തവര്‍ യുഡിഎഫിന് എതിരായാണ് അവിടെ വോട്ട് ചെയ്തിട്ടുള്ളത്. അതിന്റെ കാരണം തുര്‍ക്കിയിലെ ക്രൈസ്തവ ദേവാലയമായ ഹഗിയ സോഫിയ വീണ്ടും മുസ്ലിം പള്ളിയാക്കിയതിനെ അനുകൂലിച്ചുകൊണ്ട് ലീഗ് നേതാവ് ചന്ദ്രിക ദിനപത്രത്തില്‍ എഴുതിയ ലേഖനമാണ്. ആ ലേഖനം യുഡിഎഫ് അനുകൂലികളായ ക്രൈസ്തവരുടെ പ്രതിഷേധത്തിന് കാരണമായി. ചുരുക്കത്തില്‍ പിണറായി വിജയന് ബോധപൂര്‍വ്വം ന്യൂനപക്ഷ പ്രീണനം നടത്തിയതിന്റെ ഗുണഫലമായിട്ടാണ് ഇടതു മുന്നണി അഭൂതപൂര്‍വ്വമായ വിജയം നേടിയത്. കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചു എന്ന് പറഞ്ഞ് ആഹ്ലാദിക്കാന്‍ എല്‍ഡിഎഫിനും ഹിന്ദുവിരുദ്ധര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അതിന് പിന്നില്‍ ഒരാത്മ വഞ്ചനയുണ്ടെന്ന് മറക്കരുത്.
കിറ്റ് രാഷ്ട്രീയം മുതലെടുക്കാനുള്ള ശ്രമം സമ്പൂര്‍ണ്ണമായി നടത്തിയെങ്കിലും അതുകൊണ്ട് ഫലമുണ്ടായി എന്ന് പത്രപ്രചാരണം നടത്താം എന്ന് അല്ലാതെ, വോട്ട് വര്‍ധിച്ചുവെന്ന് ഞാന്‍ കരുതുന്നില്ല. കേരളത്തില്‍ തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ തന്നെ എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഈ ഉറപ്പുണ്ടായിട്ടും ശബരിമല പ്രശ്നത്തില്‍ സര്‍ക്കാര്‍ നടത്തിയ ഏറ്റുപറച്ചിലും ജോസ്.കെ. മാണിയുടെ കേരള കോണ്‍ഗ്രസിനെ ഇടതുപക്ഷ മുന്നണിയില്‍ കൊണ്ടുവന്നതും ഇടതുപക്ഷത്തിന്റെ തന്നെ ദൗര്‍ബല്യത്തിന്റെ ലക്ഷണമായിട്ടാണ് ഞാന്‍ കാണുന്നത്. ജോസ് കെ.മാണി തെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും ചെയ്തു.
കേരളത്തില്‍ ബിജെപിയുടെ വോട്ട് ശതമാനം ഇത്രത്തോളം കുറയുമെന്നും ഞാന്‍ കണക്കാക്കിയിരുന്നില്ല. ഗുരുവായൂര്‍, തലശ്ശേരി മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയില്ലാതെ പോയതും ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്ന് കിട്ടുമെന്ന് പ്രതീക്ഷിച്ച വോട്ടകള്‍ കിട്ടാതെ പോയതും ഇതിന് കാരണമായി ഞാന്‍ വിലയിരുത്തുന്നു.
ദശാബ്ദങ്ങളോളം ചോദ്യം ചെയ്യാന്‍ ആവാത്ത തരത്തില്‍ അധികാരം ആസ്വദിച്ചുകൊണ്ട് പശ്ചിമ ബംഗാളില്‍ ഭരണം നടത്തിയിരുന്നവരാണ് ഇടതുമുന്നണിക്കാര്. എന്നാല്‍ ദേശീയ കക്ഷികള്‍ എന്നവകാശപ്പെടുന്ന മാര്‍ക്സിസ്റ്റുകളും കോണ്‍ഗ്രസും ഒന്നിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടും ബംഗാളില്‍ അവര്‍ക്ക് ഒരു സീറ്റ്പോലും നേടാനായിട്ടില്ല.
കേരളത്തില്‍ ബിജെപിയുടെ പരാജയവുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രയോ കടുത്ത തിരിച്ചടിയാണ് അവിടെ ഈ കക്ഷികള്‍ നേരിട്ടത്. അതോടൊപ്പം വിലയിരുത്തേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. അസമിലും പുതുച്ചേരിയിലും ബിജെപി ഭരണത്തില്‍ വന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഉപതെരഞ്ഞെടുപ്പുകളിലാവട്ടെ ബിജെപിക്ക് സ്ഥാനം നിലനിര്‍ത്താനും കഴിഞ്ഞിട്ടുണ്ട്. മഹാമാരിയുടെ കാലത്തും സംഘം ചേര്‍ന്ന് നരേന്ദ്രമോദി സര്‍ക്കാരിനെ അധിക്ഷേപിക്കാന്‍ വിദേശ ശക്തികളുടെ പിന്തുണയോടെ പരിശ്രമിച്ചപ്പോഴും മോദി സര്‍ക്കാരിന് എതിരായ ഒരു ജനവികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ബംഗാളില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം നേടി അധികാരം പിടിക്കാന്‍ കഴിഞ്ഞെങ്കിലും മുഖ്യമന്ത്രി മമതാ ബാനര്‍ജി വെല്ലുവിളിയേറ്റെടുത്ത് മത്സരത്തിനെത്തിയ നന്ദിഗ്രാമില്‍ പരാജയപ്പെട്ടതും കാണാതിരിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: