പുതുച്ചേരി: മുപ്പതില്‍ 16 സീറ്റ് നേടി കേവല ഭൂരിപക്ഷം നേടിയ എന്‍ഡിഎ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ വൈകാതെ അധികാരമേല്‍ക്കും.
മുഖ്യമന്ത്രി ആരാകും എന്നത് സംബന്ധിച്ച് ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. എന്‍ഡിഎയിലെ പ്രധാന കക്ഷിയായ ഓള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ് (എഐഎൻആര്‍സി) നേതാവ് രംഗസ്വാമി വിജയിച്ചവരില്‍പ്പെടുന്നു. ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കാണുന്നത് നമശിവായത്തെയാണ്. ഇദ്ദേഹവും വിജയിച്ചിട്ടുണ്ട്. പുതുച്ചേരിയെ അടുത്തറിയുന്ന നേതാവായ രംഗസ്വാമിക്ക് മുന്‍പും മുഖ്യമന്ത്രിയായിരുന്നതിന്റെ അനുഭവപരിയവുമുണ്ട്. ഇദ്ദേഹം ഇക്കുറി തട്ടന്‍ചാവടി മണ്ഡലത്തില്‍ വിജയിക്കുക വഴി ഡിഎംകെയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. മണ്ണാടിപേട്ടിലാണ് ബിജെപി നേതാവ് നമശിവായം വിജയിച്ചത്. ആര്‍.സെല്‍വം (മണവേലി), ജെ.വിവിയന്‍ റിച്ചാര്‍ഡ്‌സ് (നെല്ലിതോപ്പ്), എകെ സായ് ജെ. ശരവണന്‍കുമാര്‍ (ഔസുദു), എം.എല്‍. കല്യാണസുന്ദരം (കാലാപേട്ട്), എ. ജോണ്‍കുമാര്‍ (കാമരാജ് നഗര്‍) എന്നിവരാണ് വിജയിച്ച മറ്റ് ബിജെപി എംഎല്‍എമാര്‍.
ഓള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ്, ബിജെപി, എഐഎഡിഎംകെ എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന എന്‍ഡിഎ സഖ്യമുന്നണി 16 സീറ്റുകളില്‍ വിജയിച്ചു. ഇതില്‍ 10 സീറ്റ് ഓള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ ആറ് സീറ്റുകള്‍ ബിജെപി നേടി. ഇത് ബിജെപിയെ സംബന്ധിച്ചിടത്തോളം വന്‍നേട്ടമാണ്. പുതുച്ചേരിയില്‍ വെറും ഒരു സീറ്റില്‍ ഒതുങ്ങിയിരുന്ന ബിജെപി ആറ് സീറ്റുകള്‍ നേടിയെന്ന് മാത്രമല്ല അധികാരത്തിലേക്ക് കൂടി എത്തുകയാണ്. എഐഎഡിഎംകെയ്‌ക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ല.
ഇത്രയും വലിയ വിജയം എന്‍ഡിഎയ്‌ക്ക് നേടിക്കൊടുത്തതിന് പ്രധാനമന്ത്രി മോദിയും കേന്ദ്ര പ്രതിരോധമന്ത്രി അമിത്ഷായും അഭിനന്ദനമറിയിച്ചു. “എന്‍ഡിഎയെ വിജയിപ്പിച്ചതിന് പുതുച്ചേരിയിലെ ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു. ജനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന് വിനയത്തോടെ പ്രവര്‍ത്തിക്കും. ഞങ്ങളുടെ പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്കിടയില്‍ കഠിനമായി പ്രവര്‍ത്തിക്കുകയും നല്ല ഭരണം കാഴ്ചവെയ്‌ക്കുക എന്ന ലക്ഷ്യത്തെ സാക്ഷാല്‍ക്കരിക്കുകയും ചെയ്തു,” പ്രധാനമന്ത്രി മോദി പറഞ്ഞു.
കോണ്‍ഗ്രസ്-ഡിഎംകെ മുന്നണി ഒമ്പത് സീറ്റുകള്‍ നേടി. ഇതില്‍ ഡിഎംകെ ആറ് സീറ്റും കോണ്‍ഗ്രസ് രണ്ട് സീറ്റും നേടി. കോണ്‍ഗ്രസ് സ്വതന്ത്രന്‍ മാഹിയില്‍ വിജയിച്ച് ഒരു സീറ്റ് നേടി. മറ്റ് അഞ്ച് സീറ്റുകളില്‍ സ്വതന്ത്രരാണ് വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: