കൊച്ചി: തുടര്‍ഭരണം എന്ന അവകാശവാദം യാഥാര്‍ത്ഥ്യമാകുന്ന ജനവിധി എല്‍ഡിഎഫിന് അനുകൂലമായി ലഭിച്ചിരിക്കുമ്പോള്‍ തീര്‍ച്ചയായും അതൊരു പുതിയ ചരിത്രമാണ്. നാല് പതിറ്റാണ്ടു കാലത്തിനിടെ ആദ്യമായാണ് ഒരു മുന്നണിക്ക് ഭരണത്തുടര്‍ച്ച ലഭിക്കുന്നത്. 1977 ല്‍ മാത്രമാണ് ഇതിനു മുന്‍പ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത്. ഇപ്പോള്‍ ഇടതുമുന്നണിയുടെ ഭാഗമായ സിപിഐ നയിച്ച അന്നത്തെ കോണ്‍ഗ്രസ്സ് മുന്നണി കെ. കരുണാകരന്റെ നേതൃത്വത്തില്‍ വീണ്ടും അധികാരത്തില്‍ വരികയായിരുന്നു. ഇത് ഒഴിച്ചുനിര്‍ത്തിയാല്‍ 1957 മുതലുള്ള ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ ഇപ്പോഴത്തെ എല്‍ഡിഎഫിന്റെ അധികാരത്തുടര്‍ച്ച ഒരു രാഷ്‌ട്രീയ നേട്ടമാണ്.
1982 മുതല്‍ കോണ്‍ഗ്രസ്സും സിപിഎമ്മും നേതൃത്വം നല്‍കിയ സര്‍ക്കാരുകള്‍ കാലാവധി പൂര്‍ത്തിയാക്കി അഞ്ച് വര്‍ഷത്തെ ഇടവേളകളില്‍ സംസ്ഥാനം ഭരിക്കുകയായിരുന്നു. ഇതിനു മുന്‍പ് 1957 മുതല്‍ എടുത്താലും ഇടതു-വലതു മുന്നണികള്‍ മാറി മാറി ഭരിച്ചു. കാലാവധി പൂര്‍ത്തിയാക്കുന്ന ഓരോ സര്‍ക്കാരുകളും ഭരണത്തുടര്‍ച്ചയ്‌ക്ക് തീവ്രമായി ആഗ്രഹിക്കുകയും, കിണഞ്ഞു ശ്രമിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു ജനവിധി ലഭിച്ചിട്ടില്ല. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ രീതിയില്‍ മാറ്റം വരുന്ന സ്ഥിതിയുണ്ടായി. എന്നാല്‍ യുഡിഎഫിന് 72 സീറ്റും എല്‍ഡിഎഫിന് 68 സീറ്റും ലഭിച്ചതോടെ ഇത് സംഭവിച്ചില്ല. ഇപ്പോഴത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ലഭിക്കുമ്പോള്‍ ഈ ചിത്രത്തിനാണ് മാറ്റം വരുന്നത്.
എല്‍ഡിഎഫിന്റെ അധികാരത്തുടര്‍ച്ചയെ ഇടതുതരംഗം എന്നൊക്കെ ചില മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നുണ്ടെങ്കിലും വോട്ടിങ്ങിന്റെ ഘടന പരിശോധിച്ചാല്‍ മാത്രമേ ജനവിധി ഇടതുമുന്നണിക്ക് അനുകൂലമായതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താനാവൂ. മാണിയുടെ കേരള കോണ്‍ഗ്രസ്സ് ഇടതുമുന്നണിയിലെത്തിയതോടെ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ പൊതുവെ സംഭവിച്ച വര്‍ഗീയ ധ്രുവീകരണം ഭരണത്തുടര്‍ച്ചയ്‌ക്ക് വഴിവച്ചിട്ടുണ്ട്. പാലായില്‍ ജോസ് കെ. മാണിക്കെതിരെ മാണി സി. കാപ്പന്‍ നേടിയത് വൈകാരിക വിജയമാണെന്ന് വിലയിരുത്താം. ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തിയുള്ള അതിശക്തമായ പ്രചാരണത്തിലൂടെ പാര്‍ട്ടി വോട്ടുകളെ ഏകോപിപ്പിക്കാനും, നിഷ്പക്ഷ വോട്ടുകളെ സ്വാധീനിക്കാനും കഴിഞ്ഞിട്ടുണ്ട്.
യുഡിഎഫ് മുന്നണിക്ക് കനത്ത തിരിച്ചടി നല്‍കുന്ന ഇപ്പോഴത്തെ ഭരണത്തുടര്‍ച്ചയില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും സന്തോഷിക്കാമെങ്കിലും വലിയ വെല്ലുവിളിയുമാണ്. പ്രത്യേകിച്ച് സിപിഎമ്മില്‍ ഇതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ പ്രവചനാതീതമായിരിക്കും.
പാര്‍ട്ടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേടിയിട്ടുള്ള അപ്രമാദിത്വം ഒന്നുകൂടി വര്‍ധിക്കും. അത് വിഭാഗീയതയുടെ പുതിയ സമരമുഖങ്ങള്‍ തുറക്കും. പാര്‍ട്ടി എന്നാല്‍ പിണറായി തന്നെയായിരിക്കുമ്പോള്‍ അധികാരത്തുടര്‍ച്ചയില്‍ വെട്ടിനിരത്തലുകള്‍ ആവര്‍ത്തിക്കപ്പെടും.
ദേശീയതലത്തില്‍ സിപിഎമ്മിലെ ചോദ്യം ചെയ്യാനാവാത്ത നേതാവായി ഇതോടെ പിണറായി മാറും. നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ബംഗാള്‍ ഘടകം ഏതാണ്ട് ഇല്ലാതായിരിക്കെ അവര്‍ അനുഭാവം പുലര്‍ത്തുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സ്ഥാനം കൂടുതല്‍ അസ്ഥിരപ്പെടും. പിണറായിയെ ചെറുക്കാനുള്ള ശക്തി പൂര്‍ണമായും നഷ്ടപ്പെടും.
കേരളത്തെ സംബന്ധിച്ചിടത്തോളം എല്‍ഡിഎഫിന്റെ അധികാര തുടര്‍ച്ച സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധ സ്വഭാവത്തെയും അക്രമാസക്തിയേയും വര്‍ധിപ്പിക്കും. ഭരണത്തിന്റെ തണലില്‍ പാര്‍ട്ടിയുടെ തേര്‍വാഴ്ച പതിന്മടങ്ങ് ശക്തിപ്പെടാനുള്ള സാധ്യത ഏറെയാണ്. പാര്‍ട്ടി മാത്രമാണ് ശരി എന്ന മിഥ്യാധാരണയിലേക്ക് അണികള്‍ എത്തിച്ചേരുന്നതോടെ രാഷ്‌ട്രീയ കേരളം അരക്ഷിതമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: