ന്യൂദല്‍ഹി: വ്യക്തമായ ഭൂരിപക്ഷത്തില്‍ കേരളത്തില്‍ തുടര്‍ഭരണം ഉറപ്പാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘തെരഞ്ഞെടുപ്പില്‍ വിജയിച്ച പിണറായി വിജയനും എല്‍ഡിഎഫിനും അഭിനന്ദനങ്ങള്‍ കൊറോണയെ നേരിടുന്നതില്‍ ഉള്‍പ്പെടെ ഒന്നിച്ച് പ്രവര്‍ത്തിക്കും. കേരളത്തില്‍ ബി.ജെ.പിയെ പിന്തുണച്ചവര്‍ക്ക് നന്ദിയെന്നും മോദി ട്വീറ്റ് ചെയ്തു.
കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമാണ് എല്‍ഡിഎഫ് നടത്തിയത്. 140 മണ്ഡലങ്ങളില്‍ 99 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. 41 സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചു. മൂന്നു സീറ്റുകളില്‍ കനത്ത മത്സരം കാഴ്ചവച്ചെങ്കിലും ബിജെപിക്ക് സീറ്റ് നേടാനായില്ല. വോട്ടെണ്ണല്‍ ആരംഭിച്ച് മുതല്‍ വ്യക്തമായ ആധിപത്യമാണ് എല്‍ഡിഎഫ് കാഴ്ചവച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന് ധര്‍മ്മടത്ത് മികച്ച ഭൂരിപക്ഷമാണ് ലഭിച്ചത്. അതേസമയം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറഞ്ഞു. മട്ടന്നൂരില്‍ മന്ത്രി കെ.കെ. ശൈലജയും വലിയ ലീഡിലാണ് വിജയിച്ചത്. പൂഞ്ഞാറില്‍ പി സി ജോര്‍ജ്ജ് പരാജയപ്പെട്ടപ്പോള്‍ വടകരയില്‍ കെ കെ രമയുടെ വിജയം ശ്രദ്ധേയമായി. പാലായിലെ ജോസ് കെ മാണിയുടെ പരാജയം ഇടത് പക്ഷത്തിന് തിരിച്ചടിയായി.
അതേസമയം, മുപ്പതു വര്‍ഷത്തിനുശേഷം അരുവിക്കര എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ കെ.എസ്.ശബരിനാഥനെ ജി.സ്റ്റീഫന്‍ പരാജയപ്പെടുത്തി. അഴീക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം.ഷാജിയെ എല്‍ഡിഎഫിന്റെ കെ.വി.സുമേഷ് തോല്‍പ്പിച്ചു. വാശിയേറിയ പോരാട്ടം തുടരുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ വിജയം ഉറപ്പിച്ചു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ മുന്നില്‍നിന്നിരുന്ന ബിജെപി സ്ഥാനാര്‍ഥി ഇ.ശ്രീധരനെ പിന്നിലാക്കിയാണ് ഷാഫിയുടെ ജയം. ഒരുഘട്ടത്തില്‍ 7000 വോട്ട് വരെ ലീഡുനില ഉയര്‍ത്തിയാണ് ശ്രീധരന് ശക്തമായ മല്‍സരം കാഴ്ചവച്ചത്. നിലമ്പൂരില്‍ എല്‍ഡിഎഫിന്റെ പി.വി.അന്‍വര്‍ 2794 വോട്ടിന് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി അന്തരിച്ച വി.വി.പ്രകാശിനെയാണ് അന്‍വര്‍ പരാജയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: