അയാള്‍ ജോലിയും കഴിഞ്ഞ് അവശനായി സന്ധ്യക്കു വീട്ടിലേക്കു കയറിവന്നു. അപ്പോഴേക്കും കുട്ടികള്‍ രണ്ടും കരഞ്ഞുകൊണ്ട് ആവലാതിയുടെ കെട്ടഴിച്ചു.
”അമ്മ രാവിലെ മുതല്‍ സീരിയല്‍ കാണുകയാ. ഞങ്ങള്‍ക്ക് ക്രിക്കറ്റ് കാണണമെന്ന് പറഞ്ഞപ്പോള്‍ തല്ലി.”
അയാള്‍ നോക്കി. കുട്ടികള്‍ പറഞ്ഞതു നേരാ. ഭാര്യ അമ്മായിയമ്മയും മരുമകളുമായിട്ടുള്ള അങ്കം കണ്ടു രസിക്കുകയാണ്. താന്‍ കയറിവന്നിട്ട് ഒരു ചായ തരാന്‍പോലും അവള്‍ക്കു വയ്യ.
അയാള്‍ക്ക് കലികയറി. റിമോട്ട് എടുത്ത് ചാനല്‍ മാറ്റി കുട്ടികള്‍ക്ക് ക്രിക്കറ്റ് കളി വച്ചുകൊടുത്തു. പോയി ചായ എടുത്തുകൊണ്ടുവാടി. അയാള്‍ അലറി.
സീരിയല്‍ കാണാന്‍ പറ്റാത്തതില്‍ അങ്കക്കലിമൂത്ത അവള്‍ അയാളുമായി പോര്‍ വിളി നടത്തി.
”ചായ എടുക്കാന്‍ എനിക്കു മനസ്സില്ല.”
പെട്ടെന്ന് അയാളുടെ വിരല്‍പ്പാടുകള്‍ അവളുടെ പൂങ്കവിളില്‍ പതിഞ്ഞു.
”നിങ്ങള്‍ എന്നെ തല്ലി. ഇനിയും ഒരുനിമിഷവും ഞാന്‍ ജീവിച്ചിരിക്കില്ല.” അവള്‍ കിടപ്പുമുറിയിലേക്ക് പാഞ്ഞുകയറി കതകടച്ചു.
അയാളും കുട്ടികളും കതകില്‍ തട്ടി. ”കതകു തുറക്ക്.”
”തുറക്കില്ല. ഞാന്‍ ചത്തുകഴിഞ്ഞ് കതകു ചവുട്ടി പൊളിച്ചോ…”
”നീ എങ്ങനാ ചാകാന്‍ പോകുന്നത്. വിഷം, കയര്‍, കൈഞരമ്പ്.” അയാള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് വിളിച്ചു ചോദിച്ചു.
”പിന്നെ ആത്മഹത്യ ചെയ്യുവാണേല്‍ ഈ പാവംപിടിച്ച സ്‌നേഹനിധിയായ ഭര്‍ത്താവിനേയും കുഞ്ഞുങ്ങളേയും കോടതി കയറ്റരുതേ. അതുകൊണ്ട് ”എനിക്കു ജീവിതം മടുത്തു. എന്റെ മരണത്തില്‍ ഭര്‍ത്താവും കുഞ്ഞുങ്ങളും കുറ്റക്കാരല്ല. അവര്‍ നിരപരാധികള്‍ ആണ്” എന്നെഴുതി ഒപ്പിട്ടുവെച്ചേക്കണം. അയാള്‍ കളിയാക്കി.”
പെട്ടെന്ന് വാതില്‍ തുറക്കപ്പെട്ടു.
”ഇന്നാ ആത്മഹത്യാക്കുറിപ്പ്.” അയാളുടെ മുഖത്തേക്കു വലിച്ചെറിഞ്ഞു, അവള്‍ ഒപ്പിട്ട ആത്മഹത്യാക്കുറിപ്പ്.
അവള്‍ കതകടയ്‌ക്കാന്‍ തുനിഞ്ഞപ്പോള്‍ അയാള്‍ അവളെ ബലമായി കടന്നുപിടിച്ചു. അവളുടെ അടികൊണ്ട കവിളില്‍ എണ്ണിയാല്‍തീരാത്ത സ്‌നേഹചുംബനം. മാറോടുചേര്‍ത്തു ചെവിയില്‍ പറഞ്ഞു.
”നോക്കൂ, എനിക്ക് ജോലി കഴിഞ്ഞു വരുമ്പോള്‍ സ്‌നേഹത്തോടെ ഒരു ചൂടു ചായ തരണ്ടേ. നീയല്ലാതെ വേറെ ആരു തരാന്‍? നിന്നെ ഇതുവരെയും തല്ലിയിട്ടുണ്ടോ. ഇല്ലല്ലോ. ആദ്യമായിട്ടല്ലേ. എന്റെ പൊന്നുമോളു ക്ഷമിക്ക്. ചെല്ല് എനിക്കു ചായ കൊണ്ടുവാ.”
അവള്‍ പരിഭവത്തോടെ അയാളുടെ നെഞ്ചത്തിട്ട് രണ്ടു മുഷ്ടിപ്രയോഗം നടത്തി ശാന്തയായി അടുക്കള പൂകി.
കാറും കോളും ഇല്ലാതെ പുഞ്ചിരിച്ചുകൊണ്ട് ദിവസങ്ങള്‍ കടന്നുപോകവേ, ഒരു ദിവസം അവളുടെ വടിവൊത്ത മനോഹരമേനി പോസ്റ്റുമോര്‍ട്ടം ടേബിളില്‍ നഗ്‌നമായിക്കിടന്നു. ഡോക്ടറുടെ കൈയിലെ മൂര്‍ച്ചയേറിയ ചെറിയ പോസ്റ്റുമോര്‍ട്ടം കത്തി അവളുടെ ദേഹത്ത് സസൂക്ഷ്മം കടന്നുകയറ്റം നടത്തി. തലയോട്ടിയിളക്കി ഡോക്ടര്‍ തലച്ചോര്‍ പുറത്തെടുത്തു, പരിശോധനക്കുശേഷം തലച്ചോര്‍ വയറ്റിലിട്ടു കുത്തിക്കെട്ടാന്‍. അപ്പോള്‍ അവളുടെ തലച്ചോറിലെ ഓര്‍മ്മയുടെ ഒരു ഞരമ്പ് തേങ്ങി കുഞ്ഞുങ്ങളെ ഓര്‍ത്ത്.
”അയ്യോ, എന്റെ ഈശ്വരാ, മറന്നുപോയി അന്നു ദേഷ്യത്തിന് ഞാന്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ് കീറിക്കളയാന്‍.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: