പിറന്ന നാളില്‍ തന്നെ വിടപറയുക. അത് എല്ലാവര്ക്കും ലഭിക്കുന്ന സൗഭാഗ്യമല്ല. തളിപ്പറമ്പില്‍ അന്തരിച്ച കടച്ചികണ്ണേട്ടന് എന്ന കെ.സി. കണ്ണന്റെ ജന്മനാള് മൂലമായിരുന്നു. അന്ത്യശ്വാസം വലിച്ചതും മൂലം നാളായ ഇന്നലെ. പ്രായം ഏല്‍പ്പിച്ച ശാരീരിക അവശതകളുണ്ടായിരുന്നെങ്കിലും ഓര്‍മ്മയ്ക്കോ ബുദ്ധിക്കോ അതൊന്നും ക്ഷതം ഏല്‍പ്പിച്ചില്ല. ഏഴുവര്‍ഷം മുമ്പ് 83-ാം വയസ്സില്‍ ബിജെപി നേതാവ് നരേന്ദ്രമോദി പ്രധാനമന്ത്രിയായെന്ന വാര്‍ത്ത കേട്ടപ്പോള്‍ ഇനി മരിച്ചാലും മതിയെന്നായിരുന്നു മക്കളോടായി അദ്ദേഹത്തിന്റെ പ്രതികരണം.
തളിപ്പറമ്പ് നഗരസഭയിലേക്ക് സ്വന്തം വാര്‍ഡായ തൃച്ഛംബരത്ത് ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ജയിച്ചപ്പോഴും അതുതന്നെയായിരുന്നു പ്രതികരണം. ആഗ്രഹങ്ങളെല്ലാം സഫലമാക്കി വിടപറഞ്ഞത് സംഘടനാ പ്രവര്‍ത്തനത്തില്‍ കാര്‍ക്കശ്യക്കാരനായ കര്‍മ്മയോഗിയാണ്.
1952 മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായി. അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്എസിനും പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കും വേരോട്ടമുണ്ടാക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. 1959ല്‍ കോയമ്പത്തൂരില്‍ ആര്‍എസ്എസ് പ്രഥമ വര്‍ഷ സംഘശിക്ഷാവര്‍ഗ്ഗിനുശേഷം ഭാരതീയ ജനസംഘം പ്രവര്‍ത്തകനായി പരമേശ്വര്‍ജിയുടെ നിര്‍ദ്ദേശപ്രകാരമാണ് മുഴുവന്‍ സമയ പ്രവര്‍ത്തകനായത്.
1975 ല്‍ അടിയന്തരാവസ്ഥാ പ്രഖ്യാപനം വരെ അവിഭക്ത കണ്ണൂര്‍ ജില്ലയുടെ സംഘടനാ സെക്രട്ടറിയായിരുന്നു. മാഹി മുതല്‍ മഞ്ചേശ്വരം വരെ സംഘടനയെ കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. ജനസംഘം കാലത്തെ മലപ്പുറം ജില്ലാ വിരുദ്ധ സമരം, ഏക ഭക്ഷ്യമേഖലാ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള തലപ്പാടി ചെക്ക് പോസ്റ്റ് തകര്‍ക്കല്‍ സമരം, മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ സമരം എന്നിവയിലൊക്കെ അദ്ദേഹത്തിന്റെ നേതൃത്വം ഉണ്ടായിരുന്നു.
ബംഗ്ലാദേശിനെ ഇന്ത്യ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹിയില്‍ ജനസംഘം പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. അതില്‍ അറസ്റ്റ് ചെയ്യപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിഞ്ഞു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ തുടര്‍ന്ന് 1975 ജൂലായ് 2ന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. ജനസംഘം സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ കോഴിക്കോട് പാളയം റോഡിലെ കാര്യാലയത്തില്‍ വച്ചായിരുന്നു അറസ്റ്റ്. 4 മാസം കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയേണ്ടിവന്ന അദ്ദേഹത്തിന് കൊടിയ പീഡനം ഏല്‍ക്കേണ്ടി വന്നു.
അടിയന്തരാവസ്ഥ പിന്‍വലിച്ച്, 1977ല്‍ ജനതാ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അദ്യത്തെ ജില്ലാ വൈസ് പ്രസിഡന്റായി. 1980 ല്‍ ബിജെപി രൂപീകൃതമായതു മുതല്‍ സജീവമായി പ്രവര്‍ത്തിച്ചു. 1990ല്‍ ബിജെപി സംസ്ഥാന ഹാന്റ്ലൂം സെല്ലിന്റെ കണ്‍വീനറായി. 1990 ല്‍ തളിപ്പറമ്പ് ഡിവിഷനില്‍ നിന്ന് ജില്ലാ കൗണ്‍സിലിലേക്ക് മത്സരിച്ചു. തളിപ്പറമ്പ് അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍, തളിപ്പറമ്പ് വീവേഴ്സ് സൊസൈറ്റി പ്രസിഡന്റ് , ഭാരതീയ വിചാര കേന്ദ്രം സംഘടനാ സെക്രട്ടറി, തൃഛംബരം വിവേകാനന്ദാ സ്കൂള്‍ സെക്രട്ടറി, പത്മശാലിയ സംഘം പ്രസിഡന്റ് തുടങ്ങി പൊതു സമൂഹത്തിലെ നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചു.
പൂരക്കളി, കൊല്‍ക്കളി, തെയ്യം, നാടകം തുടങ്ങിയ കലകളിലും വൈദഗ്ധ്യമുണ്ടായിരുന്നു. സംഘാടകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ മഹത്വം പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്. നേതാവെന്ന നിലയ്ക്കല്ല സഹോദരതുല്യമായ പരിഗണനയാണ് അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്ക് നല്കിപ്പോന്നത്. എങ്കിലും ചുമതലപ്പെടുത്തിയ കാര്യങ്ങള്‍ സത്യമായും കൃത്യസമയത്തും ചെയ്തുതീര്‍ത്തില്ലെങ്കില്‍ കണ്ണേട്ടന്റെ പ്രകൃതം മാറും. കാര്ക്കശ്യമാകും പിന്നെ പ്രകടമാവുക. കെ.ജി. മാരാര്‍ ആണെങ്കില്‍പ്പോലും അത് കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. കണ്ണേട്ടന്റെ സ്മരണയ്ക്ക് മുന്നില്‍ പ്രണാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: