ന്യൂദല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ സംപ്രേക്ഷണം ചെയ്യില്ലെന്ന് ഇംഗ്ലീഷ് ന്യൂസ് ചാനലായ ടൈംസ് നൗ. രാജ്യം കൊറോണ മഹാമാരിയില്‍ വലയുമ്പോള്‍ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് പ്രസക്തിയില്ലെന്നാണ് ചാനല്‍ എഡിറ്റോറിയല്‍ ബോര്‍ഡ് തീരുമാനം. ഇതിനാല്‍ വലിയ രീതിയിലുള്ള തെരഞ്ഞെടുപ്പ് ബുള്ളറ്റിനുകള്‍ ചാനലില്‍ ഉണ്ടാകില്ല.
രാജ്യത്തെ ജനം അഭൂതപൂര്‍വ്വമായ പ്രതിസന്ധി അനുഭവിക്കുന്ന കാലത്ത് മറ്റൊന്നിനും പ്രാധാന്യമുണ്ടെന്ന് കരുതുന്നില്ല. എന്നാല്‍, തെരഞ്ഞെടുപ്പിനെ പൂര്‍ണമായും തമസ്‌കരിക്കില്ല. കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അതത് സംസ്ഥാനങ്ങളില്‍ വസിക്കുന്നവര്‍ക്ക് മാത്രമാണ് പ്രധാനപ്പെട്ടത്. ബാക്കി ഭൂരിപക്ഷം ജനങ്ങള്‍ക്കും കൊറോണ വ്യാപനത്തെക്കുറിച്ചാണ് അറിയാന്‍ ആഗ്രഹം.
തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് കാഴ്ചക്കാരെ അറിയിക്കുന്നതിനും, നമ്മുടെ ജനസംഖ്യയുടെ 20 ശതമാനം പേര്‍ പങ്കെടുത്ത ജനാധിപത്യ പ്രക്രിയയെ ചാനല്‍ ബഹുമാനിക്കുന്നു. ഫലങ്ങള്‍ സംബന്ധിച്ച ഫ്‌ളാഷ് ന്യൂസ് അപ്ഡേറ്റുകള്‍ ഉള്‍പ്പെടുത്തുമെന്നും ചാനല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ആദ്യമായാണ് ഒരു ദേശീയ വാര്‍ത്ത ചാനല്‍ ഇത്തരം ഒരു തീരുമാനം എടുക്കുന്നത്. ടൈംസ് നൗ ചാനലിന്റെ ഈ തീരുമാനത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: