കൊല്ലം: ജന്മഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ കല്ലട ഷണ്മുഖന് ഓര്‍മയായി. കൊവിഡ് ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു അന്തരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ഇന്നലെ ഉച്ചയ്ക്ക് 12.45ന് ആംബുലന്‍സില്‍ കിഴക്കേ കല്ലടയിലെ വസതിയായ കളിയില്‍ വിളാകത്തിലെത്തിച്ചു. വീട്ടുപറമ്പിലായിരുന്നു സംസ്കാരം.
കുടുംബാംഗങ്ങള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് അദ്ദേഹത്തിന്റെ മുഖം അവസാനമായി കാണാനുള്ള അവസരമൊരുക്കി. മൂത്തമരുമകന് രാജേഷ് അഗ്നി പകര്‍ന്നു. സേവാഭാരതിയുടെ നേതൃത്വത്തിലായിരുന്നു സംസ്കാരചടങ്ങുകള്‍. കൊല്ലം വിഭാഗ് സേവാപ്രമുഖ് മീനാട് ഉണ്ണി, ചാത്തന്നൂര്‍ നഗര്‍ ശാരിരിക് ശിക്ഷണ്‍ പ്രമുഖ് നിഥിന്, യുവമോര്‍ച്ച ചാത്തന്നൂര്‍ മണ്ഡലം പ്രസിഡന്റ് കൃഷ്ണരാജ്, എഴിപ്പുറം പ്രവീണ്‍ എന്നിവര്‍ പിപിഇ കിറ്റ് ധരിച്ചാണ് മൃതദേഹം ആംബുലന്‍സില്‍ നിന്നും ഇറക്കിയതും തുടര്ചടങ്ങുകള്ക്ക് നേതൃത്വം നല്കിയതും.
അനുശോചനപ്രവാഹം
ജന്മഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററായ കല്ലട ഷണ്മുഖന്റെ വിയോഗത്തില്‍ അനുശോചന പ്രവാഹം. ബഹുമുഖവ്യക്തിത്വത്തെയാണ് നാടിന് നഷ്ടമായതെന്ന് തപസ്യ കലാസാഹിത്യവേദി ജില്ലാ സമിതി അനുശോചനത്തില്‍ പറഞ്ഞു. തപസ്യ തിരുവനന്തപുരം മേഖലാ ഉപാധ്യക്ഷനായിരുന്ന അദ്ദേഹത്തിന്റെ നിര്യാണത്തോടെ വലിയ നഷ്ടമാണ് സംഭവിച്ചതെന്നും അറിയിച്ചു.
വിയോഗത്തിലൂടെ ബഹുമുഖപ്രതിഭയെയാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് നഷ്ടമായതെന്ന് ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി. മുരളീധരന് അനുസ്മരിച്ചു. എല്ലാവരുമായും ഊഷ്മളമായ സ്നേഹബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹം കാട്ടിയ മാതൃക അനുപമമാണെന്നും അറിയിച്ചു.
നിര്യാണത്തില്‍ കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘും അനുശോചിച്ചു. ദേശീയപ്രസ്ഥാനങ്ങളുടെ ശക്തനായ വക്താവായിരുന്നു കല്ലട ഷണ്മുഖനെന്ന് എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എന്‍. രമേശ് അനുസ്മരിച്ചു. വിയോഗം ദേശീയ പ്രസ്ഥാനങ്ങള്‍ക്കെല്ലാം തീരാനഷ്ടമാണെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: