തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതുസ്വകാര്യമേഖല, നിര്‍മ്മാണ മേഖല, തോട്ടം, കയര്‍, കശുവണ്ടി, മത്സ്യസംസ്കരണ മേഖല, സ്ഥാപനങ്ങള്‍, ഫാക്ടറികള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിനായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ലേബര്‍ കമ്മീഷണര്‍ പുറത്തിറക്കി. ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് ഉള്‍പ്പെടെയുള്ള ഐടി സ്ഥാപനങ്ങളിലും സ്റ്റാര്‍ട് അപ് സ്ഥാപനങ്ങളിലും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യമെരുക്കണം.
സെയില്‍സ് പ്രൊമോഷന് തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്കുള്ള സുരക്ഷ ഉറപ്പാക്കണം. പുറത്തിറങ്ങുന്നതിനുള്ള നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമാക്കിയതിനാല്‍ തൊഴിലാളികള്‍ക്ക് ജോലിക്ക് ഹാജരാകുന്നതിന് ഫ്ളെക്സി ടൈം അനുവദിക്കണം. അര്‍ഹമായ എല്ലാ ലീവുകളും തൊഴിലാളികള്‍ക്ക് അനുവദിക്കണമെന്നും ലേബര്‍കമ്മീഷണറുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. വേതനത്തില്‍ കുറവ് വരുത്തരുത്. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും യോഗങ്ങള്‍ ഓണ്‍ലൈനായി നടത്തണം.
ലേഓഫ്, ലോക്ക്ഔട്ട്, റിട്രെഞ്ച്മെന്റ്, ടെര്‍മിനേഷന്‍ തുടങ്ങിയ നടപടികള്‍ ഈ കാലയളവില്‍ സ്വീകരിക്കാന്‍ പാടില്ല. കാഷ്വല്‍, ടെമ്പററി, കരാര്‍, ട്രെയിനി, ദിവസ വേതനം അടിസ്ഥാനത്തില്‍ നിയമിച്ചിട്ടുള്ളവരെ പിരിച്ചുവിടാനോ അവരുടെ വേതനത്തില്‍ കുറവുവരുത്താനോ പാടില്ല.
മണി എക്സ്ചേഞ്ച് യൂണിറ്റുകള്‍ കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളോടെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: