കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് ആയുഷ് 64 പോളി ഹെര്‍ബല്‍ സംയുക്തം ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത് ശരിയായ ദിശയിലുള്ള ഒരു നടപടിയാണ്. ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ആയുര്‍വേദ ശാസ്ത്ര ഗവേഷണ കേന്ദ്ര സമിതി വികസിപ്പിച്ച ഈ സംയുക്തം സാധാരണ ചികിത്സയ്ക്ക് ഉപയോഗപ്പെടുത്താമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തീരുമാനം. നേരിയ തോതില്‍ അണുബാധയുള്ള കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് സുരക്ഷിതമായും ഫലപ്രദമായും ആയുഷ് 64 ഉപയോഗിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ പൂര്‍ത്തീകരിച്ചിരുന്നു. ചികിത്സയുടെ സമയ ദൈര്‍ഘ്യം കുറയ്ക്കുമെന്നും, മികച്ച പുരോഗതി ഉണ്ടാകുമെന്നും തെളിഞ്ഞതിനെ തുടര്‍ന്നാണ് സുപ്രധാനമായ തീരുമാനം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. കൊവിഡ് രോഗ പ്രതിരോധത്തിന് ആയുര്‍വേദ ചികിത്സ നടത്താന്‍ കേന്ദ്രം കഴിഞ്ഞവര്‍ഷം തന്നെ അനുമതി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യമന്ത്രാലയവും ആയുഷ് മന്ത്രാലയവും ചേര്‍ന്ന് പുറപ്പെടുവിക്കുകയുണ്ടായി. എന്തൊക്കെ മരുന്നുകള്‍ ഏതൊക്കെ രീതിയില്‍ ഉപയോഗിക്കണമെന്ന് ഇതില്‍ പറഞ്ഞിരുന്നു. ആയുഷ് 64 ഉപയോഗിക്കാനുള്ള അനുമതിയെ ഇതിന്റെ തുടര്‍ച്ചയായി കാണാവുന്നതാണ്.
രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയെന്നത് കൊവിഡിനെ നേരിടുന്നതില്‍ ഏറ്റവും പ്രധാനമാണല്ലോ. ഇക്കാര്യത്തില്‍ ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും യുനാനിക്കുമൊക്കെ വലിയ സംഭാവനകള്‍ നല്കാന് കഴിയുമെന്ന കാര്യം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. കൊവിഡിനെ നേരിടാന്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനാണ് ഓരോരുത്തരും ശ്രദ്ധിക്കേണ്ടതെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ഒന്നടങ്കം സമ്മതിക്കുകയും ചെയ്യുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാള്‍ മുന്‍തൂക്കം നല്‍കേണ്ടത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനാണ്. ഇതിനുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ ആയുര്‍വേദത്തിലും ഹോമിയോപ്പതിയുമൊക്കെ ഉണ്ടെന്നിരിക്കെ, അത് ഉപയോഗപ്പെടുത്തുക തന്നെ വേണം. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനത്തോടെ ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ ജനങ്ങള്‍ക്ക് അവസരവും ആത്മവിശ്വാസവും നല്‍കും. ഇതിനെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ആയുര്‍വേദരംഗത്തുള്ളവരും ഹോമിയോപ്പതിക്കാരും ശ്രമിക്കണം. കൊവിഡ് രോഗത്തെ പ്രതിരോധിക്കാന്‍ മറ്റ് പല രാജ്യങ്ങളും പാരമ്പര്യ ചികിത്സാ രീതികള്‍ അവലംബിക്കുകയുണ്ടായി. തീര്‍ച്ചയായും ആയുര്‍വേദത്തിന്റെ നാടായ ഭാരതം ഇതിന് വിമുഖത കാണിക്കേണ്ടതില്ല. മുന്‍വിധികള്‍ ചികിത്സാരംഗത്ത് അനുവര്‍ത്തിക്കാന്‍ പാടുള്ളതല്ല.
കൊവിഡിനെതിരെ ഇപ്പോള്‍ നടക്കുന്ന പ്രതിരോധ കുത്തിവയ്പ്പിന് എല്ലാവരും വിധേയരാവണം. ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുന്നത് ആപത്തിനെ ക്ഷണിച്ചുവരുത്തും. അതേസമയം, ആരോഗ്യ വിദഗ്ദ്ധര്‍ പരീക്ഷിച്ച് ഫലപ്രദമെന്നു കണ്ടെത്തുന്ന ആയുര്‍വേദമുള്‍പ്പെടെയുള്ള മറ്റ് ചികിത്സാരീതികളോട് യുദ്ധം പ്രഖ്യാപിക്കുന്നത് അംഗീകരിക്കാനാവില്ല. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, മറ്റ് ചികിത്സാ രീതികള്‍ അവലംബിക്കുന്നതിനെ അലോപ്പതി ഡോക്ടര്‍മാര്‍ ശക്തമായി എതിര്‍ക്കുകയാണ്. ആയുര്വേദമുള്പ്പെടെയുള്ളവയെ അവര്‍ നിരാകരിക്കുന്നു. അലോപ്പതി മരുന്നുകള്‍ പരാജയപ്പെടുന്നിടത്ത് ആയുര്‍വേദവും ഹോമിയോപ്പതിയും പ്രകൃതി ചികിത്സയും സിദ്ധവൈദ്യവുമൊക്കെ വിജയം വരിച്ചിട്ടുള്ളത് പച്ചയായ യാഥാര്‍ത്ഥ്യമാണല്ലോ. മാരകമായ രോഗങ്ങളില്നിന്നുപോലും രോഗികള്‍ക്ക് ഇപ്രകാരം മോചനം ലഭിക്കുന്നു. ശസ്ത്രക്രിയയുടെ മേഖലയില്‍ അലോപ്പതി കൈവരിച്ചിട്ടുള്ള അദ്ഭുതകരമായ നേട്ടങ്ങളെ ആരും കുറച്ചുകാണുന്നില്ല. അതിവേഗമുള്ള ഫലപ്രാപ്തിയും ഒരു നേട്ടമാണ്. പക്ഷേ സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത ചികിത്സാ ചെലവും പാര്‍ശ്വഫലങ്ങളുമൊക്കെ അലോപ്പതിയുടെ തിന്മകളായി നിലനില്ക്കുന്നു. അതേസമയം, ഭാരതത്തിനകത്തും പുറത്തും ആയുര്‍വേദരംഗത്ത് വിപുലമായ ഗവേഷണങ്ങള്‍ നടക്കുകയാണ്. ഇതിന്റെ അദ്ഭുതകരമായ ഗുണഫലങ്ങള്‍ ലോകം അനുഭവിക്കുകയും ചെയ്യുന്നു. കൊവിഡിനെ പ്രതിരോധിക്കുന്നതിലും ഇത്തരം സാധ്യതകള്‍ ഉപയോഗപ്പെടുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: