തിരുവനന്തപുരം: ഉല്‍പാദനച്ചെലവിന് ആനുപാതികമായി മികച്ച താങ്ങുവിലയുമില്ല, സംഭരിച്ച നെല്ലിന് കൃത്യസമയത്ത് പണം വിതരണം ചെയ്യുന്നുമില്ല- ഈ രണ്ട് പ്രശ്‌നങ്ങളില്‍ കുരുങ്ങി വലയുകയാണ് കേരളത്തിലെ നെല്‍കൃഷിക്കാര്‍. അതേ സമയം കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വില നല്‍കുന്നതിന് ഇടനിലക്കാരെ ഒഴിവാക്കാന്‍ ഉദ്ദേശിച്ച് നടപ്പാക്കിയ മോദിയുടെ കാര്‍ഷികബില്ലിനെതിരെ സമരം ചെയ്യാന്‍ മുമ്പിലായിരുന്നു കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും. എന്തിനും ഏതിനും മോദിയെ എതിര്‍ക്കുക എന്ന അജണ്ടയുള്ള ഇവര്‍ ദില്ലിയില്‍ പോലുമെത്തി അവിടെ സമരം ചെയ്യുന്ന കര്‍ഷകരുടെ ഒപ്പമിരുന്ന് കാര്‍ഷികബില്ലിനെതിരെ തകര്‍ത്ത് സമരം ചെയ്തു.
പഞ്ചാബിലും ഹരിയാനയിലും സംഭരിച്ച വിളയുടെ തുക നേരിട്ട് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എന്ന കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന തീരുമാനം അക്ഷരാര്‍ത്ഥത്തിലാണ് നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി ഗോതമ്പ് കര്‍ഷകര്‍ക്ക് കഴിഞ്ഞ ദിവസം 9,000 കോടി രൂപയാണ് ഇരുസംസ്ഥാനങ്ങളിലെയും കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയത്. ഈ സാഹചര്യമുള്ളപ്പോഴാണ് കേരളത്തിലെ നെല്‍കൃഷിക്കാര്‍ ഇടനിലക്കാരുടെ പിഴിയലിനും സംസ്ഥാനസര്‍ക്കാരിന്റെ പൊള്ളയായ വാഗ്ദാനങ്ങളിലും കുടുങ്ങി അനിശ്ചിതത്വത്തിലാകുന്നത്.
ഇക്കുറി നെല്ലിന്റെ രണ്ടാംവിളക്കാലത്ത് സംഭരണത്തിലെ മെല്ലെപ്പോക്കും വില വിതരണത്തിലെ കാലതാമസവുമാണ് കര്‍ഷകരുടെ ഉറക്കം കെടുത്തുന്നത്. പാടങ്ങള്‍ നിലനിര്‍ത്തി കേരളത്തിന് ഭക്ഷ്യസുരക്ഷയൊരുക്കുന്ന നെല്‍കൃഷിക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ വലയുകയാണ്.
മോദിയുടെ കാര്‍ഷികബില്ലിനെ വിമര്‍ശിച്ചുകൊണ്ടാണ് ഇക്കഴിഞ്ഞ കേരളബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്ക് നെല്ലിന്റെ താങ്ങുവില 27.48 രൂപയില്‍ നിന്നും 28 രൂപയാക്കി ഉയര്‍ത്തിയത്. എന്നാല്‍ ഇക്കുറി രണ്ടാം വിളയ്‌ക്കും വര്‍ധിപ്പിച്ച തുക നല്‍കിയിട്ടില്ല. പകരം 27.48 രൂപയ്‌ക്ക് തന്നെയാണ് സംഭരണം നടന്നത്. ഇതില്‍ 18.68 രൂപ കേന്ദ്രം താങ്ങുവിലയായി നല്‍കുന്നതാണ്. ബാക്കി വരുന്ന 8.80 രൂപ മാത്രമാണ് സംസ്ഥാനത്തിന്റെ സഹായവില. ബജറ്റ് പ്രകാരം കര്‍ഷകന് പുതുക്കിയ 28 രൂപ വീതമാണ് ലഭിക്കേണ്ടത്. എന്നാല്‍ ഇത് വരെ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല.
കഴിഞ്ഞ ഒന്നാംവിളയില്‍ നെല്ല് സംഭരണത്തില്‍ സ്വകാര്യമില്ലുടമകളെ ഒഴിവാക്കി സഹകരണസംഘങ്ങള്‍ വഴി നെല്ലെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ ഇത് വിജയിച്ചില്ല. പകരം വീണ്ടും സ്വകാര്യ നെല്ലുടമകള്‍ തന്നെയാണ് നെല്ല് സംഭരിച്ചത്. സഹകരണസംഘങ്ങള്‍ക്ക് ആലപ്പുഴ കുട്ടനാട് പോലുള്ള പ്രദേശത്ത് നെല്ല് സംഭരണത്തിന് വേണ്ടത്ര സംവിധാനങ്ങളില്ല. സംഘങ്ങള്‍ക്ക് സ്വന്തമായി ഗോഡൗണുകളുമില്ല.
പൊതുവിപണിയിലേക്ക് നെല്ലെത്തിച്ച് കുറഞ്ഞ വിലയ്‌ക്ക് വാങ്ങി ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന ഇടനിലക്കാരെ നിയന്ത്രിക്കാന്‍ സപ്ലൈകോയ്‌ക്ക് ആവുന്നില്ല. നെല്ലെടുപ്പിന് ലോറിയെത്തിയില്ല, ആവശ്യത്തിന് കയറ്റിറക്ക് തൊഴിലാളികളില്ല, നെല്ലില്‍ കലര്‍പ്പുണ്ട് എന്നീ കാരണങ്ങള്‍ പറഞ്ഞ് സംഭരണം വൈകിക്കുകയാണ് ഈ ഇടനിലക്കാരുടെ പ്രധാന ജോലി. ഇങ്ങിനെ പലവിധ പ്രശ്‌നങ്ങളില്‍ കുരുങ്ങി അടുത്ത ഒന്നാംവിളയ്‌ക്കുള്ള കൃഷിപ്പണികള്‍ തന്നെ ഉപേക്ഷിക്കേണ്ടിവരുമോ എന്ന ഭീഷണിയിലാണ് പാലക്കാട്, ആലപ്പുഴ, മലപ്പുറം, കോട്ടയം, പത്തനംതിട്ട ജില്ലയിലെ നെല്‍കര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: