തൃശൂര്‍: കൊറോണക്കാലത്ത് സംസ്ഥാന സര്‍ക്കാരിന്റെ ക്രൂരത വീണ്ടും. കാലടി സംസ്കൃത സര്‍വ്വകലാശാലയുടെ കീഴിലൂള്ള 250 താത്കാലിക അധ്യാപകരെ പിരിച്ചുവിടാന്‍ തീരുമാനം. സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശൂര്‍ പ്രാദേശിക കേന്ദ്രം അടച്ചുപൂട്ടാന്‍ തന്നെയാണ് തീരുമാനം. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ നീക്കത്തില്‍ നിന്ന് ആദ്യം പിന്മാറിയ സര്‍വ്വകലാശാല ഇപ്പോള്‍ വീണ്ടും അടച്ചുപൂട്ടാനുള്ള നീക്കം ശക്തിപ്പെടുത്തിയിരിക്കയാണ്.
നിരവധി വര്‍ഷത്തെ അധ്യാപന പരിചയമുള്ളവരെയാണ് കൂട്ടത്തോടെ പിരിച്ചുവിടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്കൃത സര്‍വ്വകലാശാല കോണ്‍ട്രാക്ട് ടീച്ചേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വ്വകലാശാല സിന്റിക്കേറ്റ് പിരിച്ചുവിടാന്‍ തീരുമാനമെടുക്കുകയായിരുന്നു.
ഓരോ വര്‍ഷവും ഏപ്രില്‍ 30നാണ് ഗസറ്റ് അധ്യാപകരുടെ കാലാവധി അവസാനിക്കുക. തുടര്‍ന്ന് ഇത് നീട്ടി നല്‍കുകയാണ് പതിവ്. ഇക്കുറി നീട്ടി നല്‍കേണ്ടതില്ലെന്നും പകരം പുതിയ അപേക്ഷകള്‍ സ്വീകരിച്ച് പുതിയആളുകളെ നിയമിക്കാനുമാണ് നീക്കം. ഇതിനായി പുതുക്കിയ മാനദണ്ഡങ്ങള്‍ സര്‍വ്വകലാശാല തയ്യാറാക്കിയിട്ടുമുണ്ട്. യുജിസി റഗുലേഷന് വിരുദ്ധമായാണ് സര്‍വ്വകലാശാല മാനദണ്ഡങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് അധ്യാപകര്‍ പരാതിപ്പെടുന്നു.
ഇതോടെ പത്തും ഇരുപതും വര്‍ഷമായി ഇവിടെ ജോലിയില്‍ തുടരുന്നവര്‍ക്ക് പടിയിറങ്ങേണ്ടിവരും. പലരും ഇനി മറ്റൊരു ജോലിക്ക് പ്രായപരിധി കഴിഞ്ഞവരുമാണ്. ഈ കൊറോണക്കാലത്ത് ജോലി നഷ്്ടമായാല് തങ്ങള്‍ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് ഇവര്‍.
മാത്രമല്ല 40 വയസ് പിന്നിട്ടവരെ ഗസ്റ്റ് അധ്യാപകരായി നിയമിക്കേണ്ടെന്ന നിലപാടിലുമാണ് സര്‍വ്വകലാശാലയും സര്‍ക്കാരും. ഈ വര്‍ഷത്തെ കരാര്‍ ഇന്നത്തോടെ അവസാനിക്കും. തൃശൂര്‍ കേന്ദ്രത്തിലെ നിലവിലെ എംഎ ബാച്ചിന്റെ പഠനം പൂര്‍ത്തിയാകുന്നതോടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അവസാനിക്കും. തൃശൂര്‍ പടിഞ്ഞാറെ കോട്ടയില്‍ കോര്പ്പറേഷന് കെട്ടിടത്തിലാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. മലയാളം, ഹിന്ദി, സംസ്കൃത സാഹിത്യം, സംസ്കൃത ന്യായം എന്നിവയിലാണ് എംഎ കോഴ്സുകളുള്ളത്.
2020, 2021 വര്‍ഷങ്ങളില്‍ എംഎ കോഴ്സിസുകളിലേക്ക് സര്‍വകലാശാല വിജ്ഞാപനം ക്ഷണിച്ചപ്പോള്‍ തൃശൂര്‍ കേന്ദ്രത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിന് പുറമേ കേന്ദ്രത്തില്‍ വിവിധ വകുപ്പുകളിലുണ്ടായിരുന്ന മൂന്ന് അധ്യാപകരെ സ്ഥലം മാറ്റുകയും ചെയ്തു. നിലവില്‍ സ്ഥാപനത്തില്‍ മൂന്ന് സ്ഥിരം അധ്യാപകരും മൂന്ന് ഗസ്റ്റ് അധ്യാപകരുമാണുള്ളത്. കേന്ദ്രം അടച്ചുപൂട്ടുന്നതോടെ ഗസ്റ്റ് അധ്യാപകരുടെ ജോലി നഷ്ടപ്പെടും. ഗസ്റ്റ് അധ്യാപകരില്‍ 20 വര്‍ഷത്തോളം സര്‍വീസുള്ളവരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: