കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിനെതിരെ കഴിഞ്ഞ ദിവസം എല്‍ഡിഎഫ് നടത്തിയ വീട്ടുമുറ്റ സമരത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് വിട്ടുനിന്നു. ജനങ്ങളുടെ മേല്‍ വാക്സിന് ചെലവ് അടിച്ചേല്‍പ്പിക്കുന്നുവെന്ന് പറഞ്ഞാണ് എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി വീട്ടുമുറ്റ സമരം നടത്തിയത്. കഴിഞ്ഞ ദിവസം 5.30 മുതല്‍ ആറു വരെയുള്ള സമരത്തില്‍ പങ്കെടുക്കാതെയാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത്.
സിപിഎം സംസ്ഥാന സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറുമായ എ. വിജയരാഘവനാണ് കഴിഞ്ഞ ദിവസം സമരത്തിന് ആഹ്വാനം ചെയ്തത്. വാക്സിന് വിതരണം സൗജന്യമാക്കുക, കൊവിഡ് മൂലം പ്രതിസന്ധിയിലായ സംസ്ഥാനങ്ങളെ അപകടത്തിലാക്കുന്ന കേന്ദ്ര നയം തിരുത്തുക തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു സമരം. മന്ത്രിമാരായ തോമസ് ഐസക്, ടി.പി. രാമകൃഷ്ണന്, ഇ.പി. ജയരാജന്, എം.എം. മണി തുടങ്ങിയവര്‍ അര മണിക്കൂര്‍ സമരത്തില്‍ പങ്കെടുത്തപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് സമരത്തില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുകയായിരുന്നു. സിപിഎമ്മിലെയും എല്‍ഡിഎഫിലെയും നിരവധി നേതാക്കളും സമരത്തില്‍ പങ്കെടുത്തിരുന്നു.
അര മണിക്കൂര്‍ മാത്രമുണ്ടായിരുന്ന, സൗജന്യമായി വാക്സിന് വിതരണം ചെയ്യണമെന്നാവശ്യപ്പെടുന്ന സമരത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തത് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയായി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യമായി വാക്സിന് നല്‍കുമെന്ന് പറഞ്ഞിട്ട്, വാക്സിന് നല്‍കുന്നതിന് പൊതുജനങ്ങളില്‍ നിന്ന് പണം പിരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായാണ് സംസ്ഥാനങ്ങള്‍ക്ക് വാക്സിന് വിതരണം ചെയ്യുന്നത്.
ഒന്നാം തീയതി മുതല്‍ പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് വിതരണം ചെയ്യുന്ന വാക്സിന്റെ വിലയുടെ അമ്പത് ശതമാനമാണ് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്. സത്യം അതായിരിക്കെ കേന്ദ്രത്തിനെതിരെ രാഷ്ട്രീയ ലാഭം നോക്കി സമരത്തിനിറങ്ങുന്നത് മുഖ്യമന്ത്രിക്ക് തിരിച്ചടിയാകും. പ്രത്യേകിച്ച് അധികാരം വിട്ടൊഴിയാനിരിക്കുന്ന സമയത്ത് ഇത്തരത്തില്‍ ഒരു തിരിച്ചടികൂടി താങ്ങാനുള്ള കരുത്ത് പിണറായി സര്‍ക്കാരിനില്ല. അതിനാലാണ് അണികളെ സമരത്തിനിറക്കിയിട്ട് മുഖ്യമന്ത്രി വിട്ടുനിന്നത് എന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: