മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കല്ലട ഷണ്മുഖന് അന്തരിച്ചു എന്ന വാര്‍ത്ത കേട്ടപ്പോള്‍ പെട്ടെന്ന് വിശ്വസിക്കാനായില്ല. കാല്‍നൂറ്റാണ്ടോളം ജന്മഭൂമിയില് സഹപ്രവര്‍ത്തകനായിരുന്നു ഷണ്മുഖന്. ഡെപ്യൂട്ടി എഡിറ്ററായാണ് വിരമിച്ചത്. വാര്ത്താശേഖരണത്തോടൊപ്പം ഭൂതം, ഭാവി, വര്‍ത്തമാനവും പ്രവചിക്കുന്ന സഹജീവികള്‍ക്കിടയിലെ വിസമയമായിരുന്നു. മലയാള മാധ്യരംഗത്ത് ഇന്ന് പകരക്കാരനില്ലാത്ത പ്രതിഭയായിരുന്നു ഷണ്മുഖനെന്ന് നിസ്സംശയം പറയാം.
കൊല്ലം കിഴക്കേ കല്ലടയില്‍ ഒരു ജ്യോത്സ്യ കുടുംബാംഗമായിരുന്നതിനാല്‍ പ്രവചനങ്ങള്‍ അദ്ദേഹത്തിന് അനായാസമായിരുന്നു. കലാനിലയം കൃഷ്ണന്‍നായരുമായി ആത്മബന്ധമുണ്ടായിരുന്ന ഷണ്മുഖന് ‘തനിനിറം’ പത്രത്തിലൂടെയാണ് പത്രപ്രവര്‍ത്തനം തുടങ്ങിയത്. തനിനിറത്തിന്റെ ശൈലി അദ്ദേഹത്തെ നന്നായി സ്വാധീനിച്ചിരുന്നു എന്നു തന്നെ പറയാം. ജന്മഭൂമിയുടെ ശൈലി തനിനിറത്തിന് നേരെ വിപരീതമാണെന്ന് അദ്ദേഹം നന്നായി മനസ്സിലാക്കിയിരുന്നു. എങ്കിലും ചൊട്ടയിലെ ശീലം ചുടലവരെ എന്ന പോലെ കല്ലടയുടെ ലേഖനങ്ങളില്‍ ചിലപ്പോള്‍ പഴയ സ്വാധീനം നിഴലിക്കുമായിരുന്നു. അതുകൊണ്ടുതന്നെ രണ്ടും മൂന്നും തവണ പരിശോധിച്ചേ പ്രസിദ്ധീകരിക്കപ്പെടാറുള്ളൂ. അതില്‍ അദ്ദേഹത്തിന് ഒരിക്കലും പരിഭവം ഉണ്ടായിരുന്നുമില്ല.
കേരളത്തിന്റെ രാഷ്ട്രീയം പൊതുവായും കൊല്ലം രാഷ്ട്രീയം നന്നായും മനസ്സിലാക്കിയ മാധ്യമ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. സിപിഐക്കും ആര്‍എസ്പിക്കും സ്വാധീനമുണ്ടായിരുന്ന മേഖലയിലെ രാഷ്ട്രീയ വിശകലനം ചെയ്യാന്‍ അദ്ദേഹം ജ്യോത്സ്യത്തിന്റെ വിജ്ഞാനം പ്രയോഗിക്കാറുണ്ടോ എന്ന് സംശയിച്ചുപോകും. അത്രമാത്രം കൃത്യമായിരുന്നു നിരീക്ഷണങ്ങളെല്ലാം.
കൊല്ലം പ്രാദേശിക പേജില്‍ ദേശിംഗനാട് വൃത്താന്തം എന്ന പേരില്‍ എഴുതുമായിരുന്ന വാരാന്താവലോകനം ഏറെ വിജ്ഞാനപ്രദമായിരുന്നു. മാതൃഭൂമി അടക്കമുള്ള പത്രങ്ങള്‍ ദേശിംഗനാട് വൃത്താന്തത്തെ അനുകരിച്ചിട്ടുണ്ട്. ഗ്രന്ഥകാരനും കവിയുമായിരുന്നു ഷണ്മുഖന്. ‘മുഖമുദ്ര’ എന്ന പേരില്‍ ഒരു പുസ്തകം പുറത്തിറക്കിയശേഷം ”അഗ്രോപഹാരം” എന്ന പേരില്‍ കവിതാസമാഹാരവും പുറത്തിറക്കി.
ആരോടും പരിഭവമില്ലാതെ എല്ലാവരേയും സ്നേഹപൂര്‍വ്വം സമീപിക്കുന്ന പ്രകൃതമാണ് അദ്ദേഹത്തിന്. അതുകൊണ്ടുതന്നെ സഹപ്രവര്‍ത്തകര്‍ക്കിടയിലും പത്രമാധ്യമ പ്രവര്ത്തകര്ക്കാകമാനവും സ്വീകാര്യനായിരുന്നു അദ്ദേഹം. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വസ്ഥാനം ലഭിച്ച കല്ലട ഷണ്മുഖന് കൊല്ലം പ്രസ് ക്ലബ്ബിന്റെ പ്രസിഡന്റായും ജ്യോതിഷ വിചാരസംഘം സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ശ്രീചക്രം എന്ന ജ്യോതിഷ മാസിക തുടങ്ങുകയും ജന്മഭൂമിയില് നിന്നും വിരമിച്ച ശേഷം അതിന്റെ മേല്‍നോട്ടക്കാരനുമായി. സുഹൃത്തുക്കളുടെയും അവരുടെ ബന്ധുമിത്രാദികളുടെയും ഭൂതവും ഭാവിയും പ്രവചിക്കുന്നതില്‍ ഏറെ താല്പര്യപ്പെട്ടിരുന്ന ഷണ്മുഖന് എല്ലാവരുടെയും നല്ല സുഹൃത്തും വഴികാട്ടിയുമായിരുന്നു. കോവിഡ് ബാധിച്ചില്ലായിരുന്നുവെങ്കില്‍ ഇനിയും ഏറെക്കാലം അദ്ദേഹത്തിന്റെ സാന്നിധ്യം സമൂഹത്തിലുണ്ടാകുമായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: