കൂറ്റനാട്: സംസ്ഥാന സര്‍ക്കാരിന്റെ വാക്‌സിന്‍ വിതരണം സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ട ജനങ്ങളെയും ഒരുപോലെ വട്ടംകറക്കുന്നു. 45 വയസ് കഴിഞ്ഞവര്‍ വാക്‌സിനായി നെട്ടോട്ടമോടുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് വാക്‌സിന്‍ കേന്ദ്രങ്ങളില്‍ ഏറെ തിരക്കുണ്ടായിരുന്നെങ്കിലും അതെല്ലാം സഹിച്ച് കുത്തിവെപ്പ് ലഭ്യമായിരുന്നു. തിരക്ക് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അത്രവലിയ പ്രശ്‌നമായിരുന്നില്ല. എന്നാല്‍ തിരക്ക് ഒഴിവാക്കുന്നതിനായി മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമെ വാക്‌സിന്‍ ലഭിക്കൂ എന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശമാണ് ജനങ്ങളെ വലക്കുന്നത്.
വാക്‌സിനേഷന്‍ പ്രക്രിയയിലെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ സാങ്കേതിക പ്രശ്‌നങ്ങളാണ് ജനങ്ങളെ കുഴപ്പത്തിലാക്കുന്നത്. മിക്ക ഹെല്‍ത്ത് സെന്ററുകളിലും വാക്‌സിനേഷന്‍ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴുമത് അപൂര്‍വമാണ്.
ആദ്യമൊക്കെ രജിസ്‌ട്രേഷന്‍ ചെയ്തു കഴിഞ്ഞാല്‍ വാക്‌സിന്‍ ലഭിച്ചിരുന്ന സമയത്ത് ഇപ്പൊ ഷെഡ്യൂള്‍ ചെയ്താല്‍ മാത്രമേ വാക്‌സിന്‍ ലഭിക്കൂ എന്ന അവസ്ഥയാണ്. നൂറുകണക്കിന് പേരാണ് ഓരോ സ്ഥലങ്ങളിലും ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, അവര്‍ക്കിപ്പോഴും വാക്‌സിനേഷന്‍ ലഭ്യമായിട്ടില്ല. മാത്രമല്ല, ഇവരില്‍ ഭൂരിഭാഗം ഷെഡ്യൂള്‍ ചെയ്യണമെന്ന കാര്യമറിയാതെ ഇപ്പോഴും കാത്തിരിക്കുകയാണ്.
രജിസ്റ്റര്‍ കഴിഞ്ഞ് ഷെഡ്യൂള്‍ ചെയ്യാനെത്തുന്നവര്‍ക്ക് ദിവസങ്ങളായി അത് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. രജിസ്‌ട്രേഷന്‍ പൂര്‍ത്തികരിച്ച മെസേജുമായി ആശുപത്രിയില്‍ എത്തിയവര്‍ക്ക്, ‘നിങ്ങള്‍ ഷെഡ്യൂള്‍ ചെയ്ത് വരൂ’ എന്ന മറുപടിയാണ് ആരോഗ്യവകുപ്പില്‍ നിന്ന് ലഭിക്കുന്നത്. അവിടുന്ന് തിരിച്ച് ജനസേവന കേന്ദ്രങ്ങളില്‍ എത്തുമ്പോള്‍ ഷെഡ്യൂള്‍ ചെയ്യുന്നതിന് ഡേറ്റ് ലഭിക്കുന്നില്ല എന്ന മറുപടിയാണ് ജനങ്ങള്‍ക്ക് കിട്ടുന്നത്.
ജില്ലയില്‍ മിക്ക സ്ഥലങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലും ഷെഡ്യൂള്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. വക്‌സിന്റെ ലഭ്യതക്ക് അനുസരിച്ചാണ് ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയുക. വാക്‌സിന് വേണ്ടി രജിസ്‌ട്രേഷന്‍ ചെയ്യാന്‍ മാത്രമേ ഇപ്പോള്‍ കഴിയുകയുള്ളൂ. ഇത് ഒരു പകുതി പണിയാണ്. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞവര്‍ക്കെല്ലാം സൈറ്റ് ഓപ്പണാവുന്ന സമയത്ത് ഷെഡ്യൂള്‍ ചെയ്യുക എന്നതും എളുപ്പമല്ല. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത് അസാധ്യമാണ്. എന്ന്, എപ്പോള്‍ ഷെഡ്യൂള്‍ ചെയ്യണമെന്ന് കൃത്യമായ ഉത്തരമില്ല.
ഓണ്‍ലൈനില്‍ സ്ഥിരമായി ശ്രമിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും, ഒരു വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാത്രമാണ് ഷെഡ്യൂള്‍ ചെയ്യാനാവുന്ന വിവരം അറിയുന്നത്. കേരളത്തിലെ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ ഷെഡ്യൂള്‍ ഇല്ലാതിരിക്കുമ്പോള്‍ തന്നെ അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും എല്ലാ ജില്ലകളിലും വാക്‌സിന് ഷെഡ്യൂള്‍ എല്ലാ ദിവസം ലഭിക്കുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ചില കള്ളകളികളാണ് ഇതിനുപിന്നില്ലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞദിവസം ജില്ലയിലെ എല്ലാ താലൂക്ക് പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ വാക്‌സിനേഷന്‍ ഉണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ രണ്ടുദിവസമായി അത് ലഭ്യമല്ലാത്ത സ്ഥിതിയാണ്. ഹെല്‍ത്ത് സെന്ററുകളില്‍ എത്തുന്ന സാധാരണക്കാരായ ആളുകളാണ് ഇതില്‍ ഏറ്റവും കൂടുതല്‍ വലയുന്നത്. ആശുപത്രിയിലേക്കും അക്ഷയ കേന്ദ്രങ്ങളിലേക്കും മാറിമാറി പോകേണ്ട അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: