തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് വാക്സിന് ചലഞ്ചിന്റെ പേരില്‍ നിര്‍ബന്ധ പിരിവ് നടത്തുന്നതായി ആക്ഷേപം. സഹകരണ മേഖലയിലാണ് ചലഞ്ചിന്റെ പേരിലുള്ള പണപ്പിരിവ് ഇപ്പോള്‍ പ്രധാനമായും നടക്കുന്നത്. പ്യൂണ്‍ മുതല്‍ സെക്രട്ടറി വരെയുള്ള ജീവനക്കാര്‍ പിരിവ് നല്‍കണം.
ചലഞ്ചിന്റെ ഭാഗമായി സഹകരണ മേഖല ആദ്യ ഘട്ടത്തില്‍ 200 കോടി രൂപ സമാഹരിച്ചു നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചിരുന്നു. ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി സഹകരണ ജീവനക്കാര്‍ രണ്ടു ദിവസത്തെ വേതനം സിഎംഡിആര്‍എഫിലേക്ക് നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇതനുസരിച്ച് ജീവനക്കാരുടെ ഏപ്രില്‍, മെയ് മാസങ്ങളിലെ ശമ്പളത്തില്‍ നിന്ന് രണ്ടു ദിവസത്തെ വേതനം വാക്സിന് ചലഞ്ചായി എടുക്കും.
സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍ഡുകള്‍, സ്വയം ഭരണ സ്ഥാപനങ്ങള്‍, മറ്റു സ്ഥാപനങ്ങളിലെ ജീവനക്കാരും രണ്ടു ദിവസത്തെ വേതനം ചലഞ്ചിലേക്ക് നല്‍കണമെന്ന് നിര്‍ദ്ദേശമുണ്ട്. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തിലാണ് വാക്സിന് ചലഞ്ച് പണപ്പിരിവ് നടത്തുന്നത്.
നിലവില്‍ മറ്റു സര്‍ക്കാര്‍ വകുപ്പുകളിലൊന്നും വാക്സിന് ചലഞ്ച് നടത്തുന്നില്ല. കൊവിഡ് ദുരിതക്കാലത്ത് രണ്ടു ദിവസത്തെ വേതനം ശമ്പളത്തില്‍ നിന്ന് നിര്‍ബന്ധമായി പിടിക്കുന്ന നടപടിയില്‍ സഹകരണ ജീവനക്കാരില്‍ ഒരുവിഭാഗത്തിന് കടുത്ത പ്രതിഷേധമുണ്ട്. കൊവിഡ് വാക്സിനേഷനെക്കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ വീഴരുതെന്നും കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സൗജന്യ വാക്സിന് അയച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. എല്ലാവര്ക്കും സൗജന്യമായി കൊവിഡ് വാക്സിന് നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ എന്തിനാണ് ‘വാക്സിന് ചലഞ്ച്’ നടത്തുന്നതെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്.
ട്രഷറിയില്‍ ആവശ്യത്തിന് പണമുണ്ടെന്നും സംസ്ഥാനത്തിന് ആവശ്യമായ വാക്സിന് ഉടന്‍ പണം നല്കി വാങ്ങുമെന്നും എല്ലാവര്ക്കും സൗജന്യമായി വാക്സിന് നല്‍കുമെന്നും ധനമന്ത്രി തോമസ് ഐസക്കും വ്യക്തമാക്കിയിട്ടും വാക്സിന് ചലഞ്ച് നടത്തുന്നത് ന്യായീകരിക്കാനാവില്ലെന്ന് സഹകരണ ജീവനക്കാര്‍ പറയുന്നു.
വാക്സിന് ചലഞ്ചായി ലഭിക്കുന്ന പണം പ്രളയ ഫണ്ട് പോലെ സിപിഎം നേതാക്കളുടെ അക്കൗണ്ടിലേക്കെത്തുമോയെന്ന് ആശങ്കയുണ്ടെന്ന് സഹകരണ ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം സമസ്ത മേഖലയും ഇപ്പോള്‍ പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഈ സാഹചര്യത്തില്‍ വാക്സിന് ചലഞ്ചിന് ഉത്തരവിട്ട മുഖ്യമന്ത്രിയുടെ നടപടി നീതികരിക്കാനാവില്ല. എല്ലാവരും ദുരിതത്തില്‍ കഴിയുന്ന സമയത്ത് വാക്സിന് ചലഞ്ചിന്റെ പേരില്‍ സംഭാവന പിരിക്കുന്നത് അനീതിയാണെന്ന് ജീവനക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: