ന്യൂദല്‍ഹി: കാര്‍ഷികബില്ലിനെതിരെ ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ കോവിഡ് പരിശോധനകള്‍ക്കോ കോവിഡ് വാക്സിന് എടുക്കാനോ തയ്യാറല്ലാത്തതിനാല്‍ അധികൃതര്‍ കുഴങ്ങുന്നു. കോവിഡ് അതിവ്യാപനത്തിന്റെ അപകടകരമായ ഈ ഘട്ടത്തില്‍ എല്ലാവരേയും അപായപ്പെടുത്തുന്ന സമീപനമാണ് കര്‍ഷകരുടെ യൂണിയനുകളില്‍ നിന്നുണ്ടാവുന്നത്.
ഹരിയാനയിലെ ആഭ്യന്തര-ആരോഗ്യമന്ത്രി അനില്‍ വിജ് തന്നെ ഏപ്രില്‍ 19ന് സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ കോവിഡ് പരിശോധനകളില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിര്‍ബന്ധപൂര്‍വ്വം കോവിഡ് ടെസ്റ്റുകള്‍ക്ക് വിധേയമാക്കാന്‍ സമ്മതിക്കില്ലെന്ന ധിക്കാരപരമായ നിലപാടായിരുന്നു കര്‍ഷക യൂണിയനുകള്‍ക്ക്.
കര്‍ഷകര്‍ കോവിഡ് പരിശോധനകള്‍ നടത്താന്‍ സമ്മതിക്കുന്നില്ലെന്ന് സോണിപെട്ടിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് രണ്‍ധാവ പറഞ്ഞു. സമരം ചെയ്യുന്നവരില്‍ ആകെ 1,100 കര്‍ഷകരാണ് ഇതുവരെ വാക്സിന് എടുക്കാന്‍ സമ്മതിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാന സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം കര്‍ഷക യൂണിയന്റെ സീനിയര്‍ നേതാവായ ഡോ. ദര്ശന് പാല് പ്രതികരിച്ചതിങ്ങനെ: ‘ഒരു കര്ഷകന് പനിയോ മറ്റ് ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ കോവിഡ് പരിശോധിക്കണോ വേണ്ടയോ എന്ന് കര്ഷകന് തന്നെ തീരുമാനിക്കും. ഇക്കാര്യം ആരും നിര്‍ബന്ധിച്ച് അടിച്ചേല്പിക്കാന് പാടില്ല. വാക്സിനേഷന്റെ കാര്യത്തിലും ഈ നിര്‍ബന്ധങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്. അത് ആവശ്യമുള്ള കര്‍ഷകര്‍ക്ക് അത്തരം കേന്ദ്രങ്ങളില്‍ പോകാം.’
പഞ്ചാബ്, ഹരിയാന, എന്‍സിആര്‍, പടിഞ്ഞാറന്‍ യുപി എന്നിവിടങ്ങളില്‍ സമരകേന്ദ്രങ്ങളിലേക്ക് യുകെ, കാനഡ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന വിദേശ ഇന്ത്യക്കാരില്‍ പലരിലും വകഭേദം വന്ന വൈറസ് ബാധ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും സംശയിക്കപ്പെടുന്നുണ്ട്. എന്നാല്‍ കോവിഡ് പരിശോധന നടത്താന#് വിസമ്മതിക്കാത്തതിനാല് ഇത്തരക്കാരില്‍ നിന്നും രോഗം മറ്റുള്ളവരിലേക്ക് പടര്‍ന്നുപിടിക്കാനുള്ള സാധ്യതയും ഉണ്ട്.
കോവിഡ് ടെസ്റ്റിനോ വാക്സിനേഷനോ വിസമ്മതിക്കുന്ന സമരക്കാര്‍ തന്നെ കോവിഡ് 19 വൈറസിനെപ്പറ്റി വ്യാജപ്രചരണം അഴിച്ചുവിടുന്നതില്‍ ഒട്ടും പിന്നിലല്ല. ഈ കോവിഡ് വൈറസ് കേന്ദ്രസര്‍ക്കാരിന്റെ സൃഷ്ടിയാണെന്ന് വരെ വാദിക്കുന്നവരാണ് കര്‍ഷകയൂണിയന്‍ നേതാക്കള്‍.
സമരക്കാര്‍ യാതൊരു വിധത്തിലുമുള്ള കോവിഡ് പ്രൊട്ടോക്കോളും പാലിക്കാതെയാണ് സമരം ചെയ്യുന്നത്. പലരും മാസ്ക് ധരിക്കുന്നില്ല, സാമൂഹിക അകലവും പാലിക്കുന്നില്ല. ദല്‍ഹിയില്‍ കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ യാതൊരു നിയന്ത്രണവും പാലിക്കാതെ നടക്കുന്ന ഈ സമരം റദ്ദാക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭ്യര്‍ത്ഥിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: