ന്യൂദല്‍ഹി: പിഎം കെയേഴ്സ് ഫണ്ടുപയോഗിച്ച് 500 മെഡിക്കല്‍ ഓക്സിജന്‍ ഉല്പാദനപ്ലാന്റുകള് രാജ്യത്തുടനീളമായി മൂന്ന് മാസത്തിനകം പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിന്റെ (ഡിആര്‍ഡിഒ) മേല്‍നോട്ടത്തില്‍ സ്ഥാപിക്കും. പ്രതിരോധമന്ത്രാലയമാണ് ഇക്കാര്യം ബുധനാഴ്ച അറിയിച്ചത്. ഇതിനായി ഡിആര്‍ഡിഒ മിനിറ്റില്‍ ആയിരം ലിറ്റര്‍ വരെ ഓക്സിജന്‍ ഉല്പാദിപ്പിക്കാനുള്ള ആധുനിക സാങ്കേതികവിദ്യ സംസ്ഥാനങ്ങള്‍ക്കും ആശുപത്രികള്‍ക്കും വേണ്ടി ഓക്സിജന്‍ ഉല്പാദിപ്പിക്കാനായി എത്തിയിട്ടുള്ള വ്യവസായസ്ഥാപനങ്ങള്‍ക്ക് കൈമാറി.
ഈ 500 പ്ലാന്റുകള്‍ക്ക് പുറമെ ദല്‍ഹിയിലെ എഐഐഎംഎസ്, ആര്‍എംഎല്‍, ലേഡി ഹാര്‍ഡിന്‍ജ്, സഫ്ദര്‍ജംഗ് എന്നീ നാല് സര്‍ക്കാര്‍ ആശുപത്രികളിലും ഡിആര്‍ഡിഒ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനവും ഡിആര്‍ഡിഒ തുടങ്ങി. മെയ് 10ന് മുമ്പ് തന്നെ ഈ ഓക്സിജന്‍ ഉല്പാദനപ്ലാന്റുകള് പ്രവര്‍ത്തക്ഷമമാകും. ഹരിയാനയിലെ ജജ്ജാറിലെ എഐഐഎംഎസിലും ഒരു ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കും.
ഡിആര്‍ഡിഒ ഓക്സിജന്‍ ഉല്പാദനത്തിനുള്ള ആധുനിക സാങ്കേതികവിദ്യയും സംസ്ഥാനങ്ങള്‍ക്കും ആശുപ്ര്രതികള്ക്കും വേണ്ടി ഓക്സിജന്‍ ഉല്പാദിപ്പിക്കാന് രംഗത്തെത്തിയിട്ടുള്ള വ്യവസായസ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. തേജസ് എന്ന യുദ്ധവിമാനത്തിന് വേണ്ടി വികസിപ്പിച്ചെടുത്ത ഓക്സിജന്‍ ഉല്പാദന സാങ്കേതികവിദ്യയാണ് ഡിആര്‍ഡിഒ വ്യവസായസ്ഥാപനങ്ങള്‍ക്ക് കൈമാറിയത്. മിനിറ്റില്‍ ആയിരം ലിറ്റര്‍ ഓക്സിജന്‍ വരെ ഉല്പാദിപ്പിക്കാവുന്നതാണ് ഈ സാങ്കേതികവിദ്യ. ബാംഗ്ലൂരിലെ ടാറ്റാ അ്ഡ്വാന്സ്ഡ് സിസ്റ്റംസ് ലിമിറ്റഡ്, കോയമ്പത്തൂരിലെ ട്രൈഡന്റ് ന്യുമാറ്റിക്സ് പ്രൈവറ്റ് ലി. എന്നീ വ്യവസായസ്ഥാപനങ്ങളാണ് പ്രധാനമായും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് രാജ്യത്തെ വിവിധ ആശുപത്രികളില്‍ 380 മുതല്‍ 500 ഓക്സിജന്‍ ഉല്പാദന പ്ലാന്റുകള്‍ സ്ഥാപിക്കുക. ബാക്കിയുള്ള 120 പ്ളാന്റുകള്‍ ഡെറാഡൂണിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയമായി സഹകരിച്ചാണ് സ്ഥാപിക്കുക.
‘ഓരോ പ്ലാന്റുകളും മിനിറ്റില്‍ ആയിരം ലിറ്റര്‍ വരെ ഓക്സിജന്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ളവയാണ്. 190 പേര്‍ക്ക് മിനിറ്റില്‍ അഞ്ച് ലിറ്റര്‍ എന്ന തോതില്‍ ഓക്സിജന്‍ നല്കാന് കഴിയുന്ന സംവിധാനമാണിത്. ദിവസേന 195 സിലിണ്ടറുകള്‍ നിറയ്ക്കാന്‍ സാധിക്കും. സ്വന്തം കോമ്പൗണ്ടില്‍വെച്ച് തന്നെ മെഡിക്കല്‍ ആവശ്യത്തിനുള്ള ഓക്സിജന്‍ കുറഞ്ഞ ചെലവില്‍ ഉല്പാദിപ്പിക്കാന് ആശുപത്രികള്‍ക്കാവും,’ പ്രതിരോധമന്ത്രാലയത്തിന്റെ പ്രസ്തവാന പറയുന്നു.
കോവിഡ് അതിവ്യാപനം നിയന്ത്രണം വിട്ട് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഡിഫന്‍സ് സ്റ്റാഫ് മേധാവി ജനറല്‍ ബിപിന്‍ റാവത്ത് സായുധസേനയ്ക്കും രാജ്യത്തെ ഭരണസംവിധാനങ്ങളെ പിന്തുണയ്ക്കേണ്ട സമയമായെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമാണ് സൈനികാവശ്യത്തിനുപയോഗിക്കുന്ന ഓക്സിജന്‍ നിര്‍മ്മാണ സാങ്കേതിക വിദ്യ സര്‍ക്കാര്‍ ആശുപത്രികളില്‍ ഓക്സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: