കോട്ടയം: ഏപ്രില്‍ 30ന് നിര്‍ബ്ബന്ധിച്ച് സര്‍വീസില്‍ നിന്നും വിരമിപ്പിക്കുന്ന അങ്കണവാടി ജീവനക്കാരെ കരാറടിസ്ഥാനത്തില്‍ തുടരാന്‍ ഹൈക്കോടതി അനുവദിച്ചു. പാമ്പാടി ബ്ലോക്ക് ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രൊജക്ട് ഓഫീസറുടെ കീഴില്‍ ജോലി ചെയ്യുന്ന താമരശ്ശേരിയില്‍ കെ.ഡി. മേരിയും മറ്റ് അഞ്ചു പേരും ചേര്‍ന്ന് അഡ്വ. നോബിള്‍ മാത്യൂ മുഖേന സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്.
കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡമനുസരിച്ച് ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും അങ്കണവാടി ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 65 വയസ്സാണ്. എന്നാല്‍ കേരളത്തില്‍ മാത്രം 62 വയസ്സായി നിജപ്പെടുത്തിയിരിക്കുന്നു. 62 വയസ്സാകുന്ന മുറക്ക് ഏപ്രില്‍ 30ന് ജീവനക്കാര്‍ വിരമിക്കണമെന്ന കേരള സര്‍ക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്. മുപ്പത് വര്‍ഷത്തിന് മേല്‍ സേവനം ചെയ്ത ആള്‍ക്കാരെ പിരിച്ചുവിട്ട് യാതൊരു മാനദണ്ഡവുമില്ലാതെ സ്വന്തക്കാരെ കയറ്റി വിടാനുഉള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. വിരമിച്ചവര്‍ക്ക് നാമമാത്രമായ പെന്‍ഷനും ലഭിക്കുന്നില്ല.
പുതിയ ആള്‍ക്കാരെ നിയമിക്കാന്‍ വ്യക്തമായ നടപടി ക്രമങ്ങള്‍ ഉണ്ടായിരിക്കേ അതൊന്നും പാലിക്കാതെ താല്‍ക്കാലിക ജീവനക്കാരെ നിറച്ച് വിരമിക്കുന്ന പരാതിക്കാരുടെ ഒഴിവുകള്‍ നികത്താന്‍ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കി. മാര്‍ഗനിര്‍ദേശം പാലിച്ച് പുതിയ നിയമനങ്ങള്‍ നടത്തുന്നതു വരെ ഏപ്രില്‍ മുപ്പതിന് പിരിച്ചു വിടാന്‍ പദ്ധതിയിട്ട പരാതിക്കാരെ ഇപ്പോഴുള്ള സേവന വേതന വ്യവസ്ഥയില്‍ കരാറടിസ്ഥാനത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. നേരത്തേ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് പരാതിക്കാര്‍ നിവേദനവും നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: