ചെങ്ങന്നൂര്‍: മകളുടെ കണ്മുന്നില് വെച്ച് ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. പേരിശ്ശേരി ഗ്രേസ് കോട്ടേജില്‍ ജോമോനാണ് (40) തൂങ്ങി മരിച്ചത്. തലയ്ക്കും കഴുത്തിനും മുഖത്തും പത്തോളം വെട്ടുകളേറ്റ ഭാര്യ ജോമോള്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇവിടെ തന്നെ നേഴ്സായി ജോലി ചെയ്തിരുന്ന ഇവര്‍ അപകടനില തരണം ചെയ്തെന്ന് പോലീസ് പറഞ്ഞു. വീട്ടുവഴക്കിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി 11.30നാണ് പ്രദേശത്തെ ആകെ നടുക്കിയ സംഭവം. ഇവരുടെ ഒന്നര വയസുകാരന് മകന് ജോമോളുടെ കുറ്റപ്പുഴയിലെ വീട്ടിലായിരുന്നു ഈ സമയം.
സ്ഥിരം മദ്യപാനിയും ലഹരിക്ക് അടിമയുമാണ് ജോമോന് എന്ന് നാട്ടുകാരും പോലീസും പറയുന്നു. ഇതേചൊല്ലി വീട്ടില്‍ ബഹളവും വഴക്കും പതിവായിരുന്നു. തിങ്കളാഴ്ച മദ്യപിച്ചെത്തിയ ജോമോന് മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് ഭാര്യ തടഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ മകളുടെയും ഭാര്യയുടെയും ദേഹത്ത് ഒഴിച്ചു. ജോമോള്‍ ചെറുത്തു നിന്നതോടെ വെട്ടുകത്തിയെടുത്ത് വെട്ടുകയായിരുന്നു. തലയ്ക്കും മുഖത്തും വെട്ടേറ്റ ജോമോള്‍ മകളുമായി പ്രാണരക്ഷാര്‍ഥം പുറത്തേക്കോടി. പിന്തുടര്ന്നെത്തിയ ജോമോന് ഇവരുടെ കഴുത്തിന് പിന്നിലും വെട്ടി.
ഗേറ്റ് അടച്ചതിനാല്‍ മകളെയും കൊണ്ട് വീടിന്റെ മതില് ചാടി അയലത്തെ വീട്ടില്‍ കയറാന്‍ ജോമോള്‍ ശ്രമിച്ചെങ്കിലും ജോമോനും പിറകെയെത്തി. തുടര്‍ന്ന് മറ്റൊരു വീട്ടിലേക്ക് ജോമോള്‍ ഓടിക്കയറി കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ ജോമോന് പിന്തിരിഞ്ഞു. വിവരമറിയിക്കാനായി പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചെങ്കിലും ആരും എടുത്തില്ലെന്ന് സമീപവാസികള്‍ പറഞ്ഞു. ഈ സമയം ജോമോളുടെ ദേഹത്ത് നിന്നും ചോരവാര്‍ന്നു പോകുന്നുണ്ടായിരുന്നു. പ്രഥമശുശ്രൂഷ നല്കിയ ശേഷം വെള്ളം തളിച്ചപ്പോള്‍ ജോമോള്‍ക്ക് ബോധം വന്നു. അപ്പോഴേക്കും അയല്‍ക്കാരിലൊരാള്‍ സ്റ്റേഷനിലെത്തി പോലീസുകാരെ കൂട്ടികൊണ്ടു വന്നു.
ജോമോളെ ആദ്യം സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും പിന്നീട് ഇവര്‍ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ജോമോനെ തിരക്കി പോലീസ് വീട്ടിലെത്തിയപ്പോഴാണ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒമ്പത് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. മുന്‍പും ജോമോന് ഉപദ്രവിക്കുന്നതായി ഭാര്യ പരാതിപ്പെട്ടിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോലീസ് നടപടികള്‍ക്കു ശേഷം ജോമോന്റെ മൃതദേഹം കോവിഡ് പരിശോധനക്ക് ശേഷം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചെങ്ങന്നൂര്‍ പോലീസ് കേസ്സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: